മുംബൈയില്‍ കനത്ത മഴ: 21 മരണം: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

by Vadakkan | 2 July 2019 10:58 AM

മുംബൈ: കനത്ത മഴയില്‍ രണ്ട് അപകടങ്ങളിലായി മുംബൈ നഗരത്തില്‍ 21 പേര്‍ മരിച്ചു. തുടര്‍ച്ചയായി രാത്രി പെയ്ത കടുത്ത മഴയിലാണ് മുംബൈ താനെ അടക്കമുള്ള നഗരങ്ങളില്‍ രണ്ട് അപകടങ്ങളുണ്ടായത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കിഴക്കന്‍ മലാഡിലെ കുരൂര്‍ ഗ്രാമത്തില്‍ മതില്‍ തകര്‍ന്ന് 13 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതര്‍ പറഞ്ഞു. ചെരിഞ്ഞ പ്രദേശത്ത് കുടിലുകള്‍ക്ക് നിര്‍മ്മിച്ച താങ്ങുമതിലാണ് തകര്‍ന്നത്. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.

താനെ നഗരത്തില്‍ കല്യാണ്‍ പ്രദേശത്ത് മതില്‍ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അടക്കം മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മരിച്ച എല്ലാവരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം തെന്നിമാറി. സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് തെന്നിമാറിയത്. എല്ലാവരും സുരക്ഷിതരാണ്. ഇതോടെ റണ്‍വേയും അടച്ചു. പ്രധാന പല വിമാന സര്‍വ്വീസുകളും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. കന്നത്ത മഴയില്‍ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ അടക്കം വിവിധ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

മഴയെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

10 വര്‍ഷത്തിനിടെ നഗരം അഭിമുഖീകരിക്കുന്ന മഴയാണ് ഇപ്പോള്‍ പെയ്യുന്നത്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പുറത്തിറങ്ങാവു എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്റ് ചെയ്തു.

Source URL: https://padayali.com/%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-21-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82/