മാരാമൺ കൺവൻഷൻ; എടുത്തു പറയേണ്ട ചില മാതൃകകൾ

മാരാമൺ കൺവൻഷൻ; എടുത്തു പറയേണ്ട ചില മാതൃകകൾ
February 17 16:14 2019 Print This Article

പ്രളയാനന്തരം നടന്ന ഒരു കൺവൻഷൻ എന്നനിലയിൽ ഏറെ ഉത്കണ്ഠയും ആശങ്കയും നിറഞ്ഞതായിരുന്നു എങ്കിലും ചരിത്രപ്രസിദ്ധമായ മാരാമൺ കൺവൻഷൻ എക്കാലവും മാതൃകാപരമായി നടക്കാറുള്ള ഒന്നാണ് എന്നതിൽ തർക്കം ഇല്ല.  കാലം ഇത്രയും കടന്നിട്ടും കാലത്തിനൊത്തു കൺവൻഷന്റെ തനിമ അവർ മാറ്റാതെ അന്നും ഇന്നും മൂല്യച്യുതികൾ കുറവാണ്.

എന്നാൽ നാം കലത്തിനൊത്തു മാറി എന്ന് അവകാശപ്പെട്ടു, നല്ലതു തന്നെ. എന്നാൽ തനിമയും അതിന്റെ മാറ്റും കുറച്ചു കളഞ്ഞു. ഒരുകാലത്തു കുമ്പനാട് കൺവൻഷൻ എന്നാൽ അസാധരണമായ ദൈവകൃപയുടെ ഉദാഹരണം പലരും കാണുകയും അനുഭവിക്കുകയും ചെയ്തിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ കാര്യമല്ല പ്രതിപാദ്യ വിഷയം. മാതൃകാപരമായി ചിലതു കണ്ടു പഠിക്കാൻ ഇല്ലേ ? ഇല്ല എന്ന് നിഷേധിക്കാൻ കഴിയുമോ ?

ഇത്തവണത്തെ കൺവൻഷൻ 124-) മത്തെയാണ്. സഭാപരമായ ആചാരങ്ങൾക്കപ്പുറത്തു ഇത്തവണ വചനശുശ്രൂഷക്കു ഏറെ പ്രാധാന്യം അവർ നൽകിയതായി പങ്കെടുത്ത പല പെന്തക്കോസ്തുകാരും അഭിപ്രായപ്പെടുന്നു. കൂടാതെ ലൈവ് ആയി കാണാവുന്നതാണ്. പ്രളയനാനന്തര കൺവൻഷനിൽ ആശങ്കകൾക്ക് അപ്പുറത്തു സമർപ്പിതരായ ഒരുകൂട്ടം ക്രിസ്ത്യാനികളെ ആണ് ഇത്തവണ കണ്ടത് എന്ന് മറക്കാൻ കഴിയുന്നില്ല എന്ന് കൂടിയവരും, പങ്കെടുത്തവരും അറിയിക്കുന്നു.

പ്രളയം വന്നാലും മനസാന്തരപ്പെടാത്ത പെന്തക്കോസ്തുകാർ ചിലതുകണ്ടും, കേട്ടുപഠിക്കാനും ഉണ്ട്. വളരെ സമർപ്പണത്തോടും, അച്ചടക്കത്തോടും, ലളിതമായും കൺവഷനുകളിൽ ക്രൈസ്തവർ പങ്കെടുത്തപ്പോൾ ചിലതു പെന്തക്കോസ്തുകാർ മറക്കരുത്. ഓരോ കൺവൻഷനും ലക്ഷങ്ങളുടെ ബാധ്യതകളുടെ കണക്കു പറയുമ്പോൾ മാരാമൺ കൺവൻഷനു വചന ശുശ്രൂഷക്കും പാർത്ഥനക്കും സാക്ഷ്യത്തിനും അനുഗ്രഹിക്കപ്പെട്ട ഗാനശുശ്രൂഷക്കും പ്രധാന്യം കൊടുത്തു ഇത് നിഷേധിക്കാനോ, മത്സരിക്കാനോ അല്ല, മറിച്ചു സമകാലികമായി സംഭവിച്ച മൂല്യച്യുതികളിൽ നിന്നും ദൈവസഭ കരകയറണം. കൺവൻഷൻ വേദികളിൽ രാഷ്ട്രീയ പ്രൊമോഷൻ കൊടുത്തും, കണക്കും ആവലാതി ബദ്ധപ്പാടുകളും വിളിച്ചു പറയാൻ വെമ്പുന്ന പെന്തക്കോസ്തു കൺവൻഷൻ കൺവീനേഴ്‌സ് ഉൾപ്പെടെ ഒന്ന് മടങ്ങി ചിന്തിക്കണം.

വിശേഷാൽ ഐപിസി പോലുള്ള കൺവൻഷനുകളിൽ മുഴങ്ങുന്നതു കൂടുതലും കടത്തിന്റെ കണക്കും, പ്രൊമോഷണൽ ചടങ്ങുകളും മാത്രമാണ്. ശക്തരായ ശുശ്രൂഷകന്മാരുടെ സമയം വെട്ടിച്ചുരുക്കി അത് കാശിന്റെയും പടിയുടേയും അടിസ്ഥാനത്തിൽ വീതിക്കുന്നു. എന്നാൽ മാരാമൺ കൺവൻഷനിൽ ക്ഷമയുടെയും സ്നേഹത്തിന്റെയും യേശുവിനെ പരിചയപ്പെടുത്തിയപ്പോൾ, യേശുവിനോടും തീയോടും കളിക്കരുത് എന്നാണ് കുമ്പനാട് മുഴങ്ങിയത്.

വേദപുസ്തകം പറയുന്നതനുസരിച്ചു ദൈവം നമ്മളോട് ക്ഷമിച്ചപ്പോൾ നാമും ക്ഷമിക്കണം എന്ന് മാരാമൺ കൺവൻഷനിൽ മുഴങ്ങി. കുമ്പനാട് മുഴങ്ങുന്നത് എന്താണ് ? പകയും, വ്യാജവും, കേസും കോടതിയും, തീയും പുകയുമാണെങ്കിൽ സ്നേഹം ഇല്ലങ്കിൽ ഒന്നും ഇല്ല എന്ന് വചനം പറയുന്നു. ഈ വചനം കേൾക്കാനാണ് മാരാമൺ കൺവൻഷന് പോയത് എന്ന് തുറന്നു പറയുന്ന പെന്തക്കോസ്തുകാർ ഉണ്ട് എന്നതും മറക്കണ്ട.

അപ്പോൾ തന്നെ അച്ഛന്മാർ മാത്രം പറഞ്ഞതല്ല, ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും ഉള്ള വേദ പദണ്ഡിതന്മാർ തന്നെയായിരുന്നു ശുശ്രൂഷിച്ചത്‌. അവരും ശക്തമായി വചനമാണ് അറിയിച്ചത്. ദൈവസ്നേഹത്തെയും, യേശുവിന്റെ സ്വഭാവവും സഭക്കുള്ളിൽ ഉണ്ടായിരിക്കണം എന്ന് ആവർത്തിക്കപ്പെട്ടു. എന്താണ് ദൈവ സഭ എന്ന് ഉറക്കെ മാരാമൺ കൺവൻഷന് വിളിച്ചു പറയുന്നു. യേശുക്രിസ്തുവിന്റെ സ്വഭാവവും രീതിയുമാണ് സഭയായ മണവാട്ടിക്കു വേണ്ടത് എന്ന് മാരാമൺ കൺവൻഷനിൽ മുഴങ്ങിയത്. “ക്രിസ്തുവുമായുള്ള സൗഹൃദം ആണ് ഏറ്റവും ശ്രേഷ്ഠമായത്‌ ” എന്നാണ് മാരാമൺ കൺവൻഷനിൽ പ്രതിധ്വനിച്ച ശബ്ദം.

അപ്പോൾത്തന്നെ പെന്തക്കോസ്തുകാരുടെ ഏറ്റവും വലിയ കൺവൻഷനായ കുമ്പനാട്ടു മുഴക്കിയത് ഏന്തായിരുന്നു ? പ്രിയ പെന്തക്കോസ്‌ത് നേതൃത്വമേ നിങ്ങൾ മാറി ചിന്തിക്കുകയും, പ്രാർത്ഥനയിലും, വചനത്തിലും ഉറ്റിരിക്കാൻ മനസ്സില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കാതെ കടവും ലോണും കച്ചവടവും ഒക്കെ വിളിച്ചു പറഞ്ഞു വിശ്വാസ സമൂഹത്തിന്റെ മനസു ഇടിച്ചു കളയുന്നു.

വിശ്വാസ സമൂഹത്തിനു എന്നതാണ് ഈ കൺവൻഷൻ കൊണ്ട് ലഭിക്കുന്നത് ? പ്രാർത്ഥന കൺവൻഷന്റെ മുഖ്യഘടകം ആയിരുന്നു. മാരാമൺ കൺവൻഷനിൽ രോഗികൾക്കായി വിശേഷാൽ പ്രാർത്ഥന നടത്തിയിരുന്നു. അനേകരുടെ സൗഖ്യത്തിനു അത് കാരണം ആയിത്തീർന്നു. അത് നിമിത്തം സൗഖ്യം പ്രാപിച്ചവർ മറ്റു അനേക രോഗികൾക്കായി, ട്രാൻസ്പ്ലാന്റിനായി ഒക്കെ തങ്ങൾക്കുള്ളതിൽ നിന്നും കൊടുക്കുന്നതായി അറിയിച്ചു. അല്ലാതെ ഓഡിറ്റോറിയം പണിയാനല്ല അവർക്കു തിരക്ക്. കൂടെയുള്ളവരും ജീവിക്കണം എന്നാണ് അവരുടെ ആവശ്യം. ഇതൊക്കെ പെന്തക്കോസ്തുകാർ മറക്കുന്നു, അല്ലേൽ കണ്ടില്ലന്നു നടിക്കുന്നു.

അവിടെ രാഷ്ട്രീയ പ്രവർത്തകരും, നേതാക്കളും എത്താറുണ്ട്. എന്നാൽ അവരുടെ ഇരിപ്പിടം എവിടാണ്? കേരളത്തിന് അകത്തും പുറത്തുമുള്ള ധാരാളം യൗവനക്കാർ ഇവിടെ എത്താറുണ്ട്. അവരും ആ മൈതാനത്തു നിലത്തു ഇരുന്നു ഭക്ഷണം കഴിക്കുന്നത് കാണുന്നത് തന്നെ ലാളിത്യം എടുത്തുകാണിക്കുന്നു. ഒപ്പം ഒരുമയുടേയും, സാമൂഹിക, സുവിശേഷ, സാഹിത്യ, വിദ്യാഭ്യാസ മേഖലകളിൽ ഇവരുടെ സ്ത്രീസമൂഹവും പ്രവർത്തിക്കുന്നു.

എന്നാൽ പെന്തക്കോസ്തുകാരുടെ ലക്ഷ്യങ്ങൾ എന്താണ് ? ഐപിസിയെ വ്യവസായ വത്കരിക്കപ്രിച്ചു, രാഷ്ട്രീയ വത്കരിച്ചു, സഹപ്രവർത്തകരുടെയോ, സമൂഹത്തിന്റെ നന്മയേയോ മനഃപ്പൂർവം മറന്നു. കൺവൻഷനുകൾ ഒരു പ്രഹസനം ആക്കരുത്. ജീവിതത്തെ ഗുണപ്രദമായ രീതിയിലേക്ക് നടത്താനാണ് മാരാമണിൽ മുഴങ്ങിയത്. സമയത്തെ വെറുതെ കളയരുത് എന്നും, ഏറെ പേരെ വിശാസത്തിലേക്കു നടത്തണം എന്നും, അവരെ എങ്ങനെ ജീവനിലേക്കു നടത്തണം എന്നും, യേശുവിന്റെ ജീവിത രീതി പഠിപ്പിക്കുമ്പോൾ നാം ലോകക്കാരേക്കാൾ അധ:പ്പതിച്ചു കടങ്ങളുടെയും, ആവലാതികളുടെയും കണക്കു മുഴക്കുന്നു.

കുറച്ചു പേർ തീയും പുകയും മറ്റു ചിലർ ഡോർമെറ്ററിയും, സ്റ്റേജും, രാഷ്ട്രീയവും, ഇതിനൊക്കെ ഒരു മാറ്റം വരേണ്ടേ ? നാം ഏറെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഐപിസിപോലുള്ള എല്ലാ പെന്തക്കോസ്തു സമൂഹവും അവരുടെ കൺവൻഷൻ വേദികളും അതിനു മുടക്കുന്ന പണവും പ്രയത്നവും ഉചിതമാം വിധം ഉപയോഗിക്കാൻ ഇടയാവണം. മാരാമൺ കൺവൻഷനിൽ മുഴങ്ങിയ ചില അനൗൺസ്‌മെന്റ് റ്വളരെ ശ്രദ്ധേയമാണ്. അവരുടെ കളക്ഷനിൽ പലതും ബാലികമാരുടെ, ഭിന്നശേഷിയുള്ളവരുടെ, പുനരധിവാസത്തിനായിരുന്നു. കൂടാതെ കിഡ്നി ട്രാൻസ്പ്ളാന്റ് ഇവയ്ക്കു ആയിരുന്നു. തീർച്ചയായും പെന്തക്കോസ്തുകാർ ഒരു മാറ്റത്തിനു തയ്യാറാവുകയാണ് ഏറ്റവും നല്ലത്.

മനുഷ്യരുടെ കൈയിൽ വീഴുന്നതിനേക്കാൾ ദൈവത്തിന്റെ കൈയിൽ വീഴുന്നത് നന്ന്. ആരേയും ചെറുതാക്കി കാണുന്നതല്ല, ആരേയും ഉയർത്തുകയും അല്ല. മറിച്ചു ഇത്രയും വലിയ കൺവൻഷന്റെ പ്രസംഗ സമയങ്ങൾ എത്ര മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. ഇത്രയും വലിയ ഗാന സംഘം എത്ര നല്ല ചിട്ടയായി പാട്ടുകൾപാടി. ഇവിടെ ഒരു ഗായകന്റെ പേരിൽ എത്രയോ മാസം ചർച്ച നടന്നു? വഴക്കുണ്ടായി കേസിനു പോയി? എന്നിട്ടല്ലേ ഒരു ടീമിനെ തയ്യാറാക്കിയത് ?

ദൈവം എത്രയോ നല്ല കഴിവുള്ളവരെയും സമർപ്പണം ഉള്ളവരെയും ഒപ്പം സമ്പത്തും നൽകിയിട്ടുണ്ട്. എന്നിട്ടും അത് നല്ല രീതിയിൽ വിനയോഗിക്കാൻ കഴിയാതെ പോകുന്നതിൽ ഖേദം ഉണ്ട്. നാം ഏറെ സ്നേഹിക്കുന്ന നമുടെ ഐപിസിയിലും ഇതര പെന്തക്കോസ്തു കൺവൻഷനുകളിലും ചില മാറ്റങ്ങൾ ഉണ്ടാകും എന്ന് ആശിക്കുന്നു.

എവിടെ കണവൻഷനുകളും, സുവിശേഷ യോഗങ്ങൾ നടന്നാലും അത് ആരുടെയെങ്കിലും മാറ്റത്തിനു കരണമാകണം. അതെല്ലേ ദൈവത്തിന്റെ ഇഷ്ടവും ? ലോകത്തിൽ ഇതര രാഷ്ട്രങ്ങൾ നടത്തുന്ന നല്ല സാമ്പത്തിക നയങ്ങൾ ശാസ്ത്ര വികസനങ്ങൾ പലപ്പോഴും മറ്റു രാജ്യങ്ങളിൽ പഠന വിധേയം ആക്കാറുണ്ട്‌. അത് സ്വീകാര്യം എന്ന് തോന്നിയാൽ അത് നടപ്പിലാക്കും.

എന്നതുപോലെ ഇതരസഭകളിൽ നടന്നത് ആയാലും അതിൽ നിന്നും ചില നല്ലപാഠങ്ങൾ ഉൾക്കൊള്ളുകയോ, പഠന വിഷയമാക്കുകയോ ചെയ്യാം…

                                     – ബീനാ എബ്രഹാം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.