മാരാമണ്നിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഷിജു അലക്‌സിന് നേരെ വധഭീഷണി..

by Vadakkan | 5 February 2017 10:52 AM

സ്ത്രീകള്‍ക്ക് രാത്രികാല യോഗങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ സഭാ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രിയോഗങ്ങളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച ഷിജു അലക്‌സിന് വധഭീഷണി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഷിജു ഇക്കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രികാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന പതിവ് മാറ്റണമെന്നാവശ്യപ്പെട്ട് മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷ യോഗത്തില്‍ ഷിജു അലക്‌സും റോയ് ഫിലിപ്പും ചേര്‍ന്ന് ഒരു പ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച പോലും കൂടാതെ പ്രമേയം തള്ളിക്കളഞ്ഞു. വിശ്വാസപരമായ അടിസ്ഥാനമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നായിരുന്നു പ്രമേയത്തിന്റെ കാതല്‍. രാപ്പകല്‍ ഭേദമെന്യേ ലിംഗവിവേചനം കൂടാതെയുള്ള സഞ്ചാര സ്വാതന്ത്യവും ഭരണഘടന ഉറപ്പു നല്‍കുമ്പോഴാണ് മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഇത്തരത്തില്‍ വിവേചനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് തനിക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നത്‌. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് രാത്രികാല യോഗങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ സഭാ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുകയെന്ന നയമാണ് പൊതുവേ ക്രൈസ്തവ സഭാ നേതൃത്വം പിന്തുടരുന്നത്. അതു തന്നെയാണ് ഇപ്പോള്‍ ഷിജുഅലക്‌സിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. ഷിജുഅലക്‌സ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ പൂര്‍ണ്ണരൂപം… ബഹുമാനപ്പെട്ട ഡി.ജി.പി മുമ്പാകെ മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മിറ്റി അംഗം, കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍, ഏരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍, അലയമണ്‍ പഞ്ചായത്തില്‍, ചണ്ണപ്പേട്ട വില്ലേജില്‍ ആനക്കുളം പി.ഒ, അടയറ പുത്തന്‍വീട്ടില്‍ റ്റി. അലക്‌സ് മകന്‍ ഷിജു അലക്‌സ് ബോധിപ്പിക്കുന്ന അപേക്ഷ. ലോക പ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടത്തുന്ന മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിംഗ് കമ്മിറ്റി (ഡയറക്ടര്‍ ബോര്‍ഡ്) അംഗമായി പ്രവര്‍ത്തിക്കുകയാണ് ഞാന്‍. 2017 മാരാമണ്‍ കണ്‍വെന്‍ഷന്റെ പ്രസ് & മീഡിയ കമ്മിറ്റിയുടെ കണ്‍വീനറുമാണ്. സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ വൈകിട്ട് 6.30-ന് ശേഷം മണല്‍പ്പുറത്തെ കണ്‍വെന്‍ഷന്‍ പന്തലിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുകയില്ല എന്ന ഒരു പതിവ് ഉള്ളതും ആയത് നിയമവിരുദ്ധവും ലിംഗസമത്വമെന്ന ക്രൈസ്തവ വിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ വിഷയം സഭയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുമായി സംസാരിച്ചപ്പോള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍ പോലെ നാനാജാതി മതസ്ഥരെയും ആകര്‍ഷിക്കുന്നതും വലിയ ചൈതന്യം പകരുന്നതുമായ ഈ വിശ്വാസ സംഗമത്തില്‍ നിന്നും സ്ത്രീകളെ പ്രത്യേക സമയത്ത് മാറ്റി നിര്‍ത്തുന്നത് തികച്ചും അനുചിതവും നിയമവിരുദ്ധവുമാണെന്നും ബോധ്യപ്പെടുകയുണ്ടായി. ഈ സാഹചര്യത്തില്‍ 27.01.2017-ല്‍ നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍ പന്തലിലേക്ക് വൈകുന്നേരം 6.30-ന് ശേഷവും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പ്രമേയം ഞാന്‍ അവതാരകനും സുവിശേഷ പ്രസംഗ സംഘം ട്രഷറര്‍ അഡ്വ. റോയി ഫിലിപ്പ് അനുവാദകനായും അവതരിപ്പിച്ച് തീരുമാനം എടുക്കുന്നതിന് വേണ്ടി ഞാന്‍ ശ്രമിക്കുകയുണ്ടായി. ഇപ്രകാരം ഞാന്‍ പ്രമേയം അവതരിപ്പിച്ച വിവരം അറിഞ്ഞ വിവിധ മാധ്യമങ്ങള്‍ പ്രത്യേകിച്ച് മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി ഉള്‍പ്പെടെയുള്ള ചില ചാനലുകാര്‍ എന്നെ സമീപിച്ച് ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം തേടുകയുണ്ടായി. ഈ ചാനലുകള്‍ ഞാനുമായും മറ്റുള്ളവരുമായും ഉള്ള അഭിമുഖങ്ങള്‍ പ്രക്ഷേപണം ചെയ്യുകയുണ്ടായി. തുടര്‍ന്ന് പല കോണുകളില്‍ നിന്നും അനുകൂലിച്ചും എതിര്‍ത്തും ഉള്ള പ്രതികരണങ്ങളും വന്നു. എന്നാല്‍ തികച്ചും നീതിപൂര്‍വ്വകമായ ഒരു ആവശ്യത്തിന് വേണ്ടി, നിയമം അനുശാസിക്കുന്ന വിധം ഞാന്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ എന്നെ അപായപ്പെടുത്തുമെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ പല രൂപത്തില്‍ വരികയുണ്ടായി. അവസാനമായി ഇന്നേദിവസം (31.01.2017) സന്ധ്യകഴിഞ്ഞ് 8.09-ന് ‘ഷിജു എവിടെയാണ്’ എന്ന് ചോദിച്ച് കൊണ്ട് കോഴഞ്ചേരിയില്‍ നിന്ന് ഷാജിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞ് ‘9387206570’ എന്ന ഫോണില്‍ നിന്നും എന്റെ മൊബൈല്‍ നമ്പരിലേക്ക് ( ) വിളിയ്ക്കുകയും ഞാന്‍ വാഹനം ഓടിച്ചിരുന്നതിനാല്‍ വാഹനം നിര്‍ത്തി തിരികെ വിളിച്ചപ്പോള്‍ ടി-നമ്പരില്‍ നിന്നും എന്നെ ഭീഷണിപ്പെടുത്തുകയും മാരാമണ്ണില്‍ എത്തിയാല്‍ എന്നെ കൈകാര്യം ചെയ്യുമെന്ന ഭീഷണിപ്പെടുത്തലും ഉണ്ടായിരിക്കയാണ്. ഈ സാഹചര്യത്തില്‍ പോലീസ് അടിയന്തിരമായി ഇടപെട്ട് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുകയും എന്റെ ജീവന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

എനിക്ക് ഭീഷണി വന്ന മ്പര്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ച വ്യക്തിയുടെ ഫോട്ടോയുടെ കോപ്പി ഇതോടൊപ്പം വെയ്ക്കുന്നു.

പേര് : ജോര്‍ജ് ഈശോ (ഷാജി) ഇദ്ദേഹത്തോടൊപ്പം മദ്യപിച്ച ഒരു സംഘം പോര്‍വിളി നടത്തുന്നതും കേള്‍ക്കാമായിരുന്നു.

Source URL: https://padayali.com/%e0%b4%ae%e0%b4%be%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6/