മറുരൂപമലയിലെ മര്‍മ്മങ്ങള്‍

by Vadakkan | 27 February 2017 7:08 PM

സത്യ വേദപുസ്തകത്തില്‍ നിരവധി മലകള്‍ നമുക്ക് കാണാന്‍ കഴിയും. സീനായ് മല, ഹോരേബ് മല, കര്‍മ്മേല്‍ മല, ഒലിവുമല, മോറിയാമല, കാല്‍വറിമല ഇങ്ങനെ പോകുന്നു അതിന്റെ പട്ടിക. സീനായി മലയില്‍ ദൈവം ഇറങ്ങിവന്നയിടമാണ്. സീനായില്‍ പഴയനിയമഭക്തന്മാര്‍ക്കുവേണ്ടി യഹോവ പ്രത്യക്ഷപ്പെട്ടു. ഒലിവുമലയില്‍ താമസമന്യോ യേശു പാദം ചവിട്ടും. മോറിയാ മലയില്‍ അബ്രഹാം യാഗം കഴിക്കുന്നു. കര്‍മ്മേലില്‍ ഏലിയാവ് തീയിറക്കി യാഗവസ്തു ദഹിപ്പിക്കുന്നു.

എന്നാല്‍ മറുരൂപ മല മാറ്റങ്ങളുടേയും നിഗൂഡതകള്‍ നിറഞ്ഞതുമാണ്. പഴയനിയമത്തിന്റെ പ്രതിനിധികളും, പുതിയ നിയമത്തിന്റെ വക്താക്കളും കൂടെ ഒന്നിച്ച് സമ്മേളിച്ച മല. ഇവിടെ യേശുവിന്റെ അങ്കി അത്യന്തം വെള്ളായി തീര്‍ന്നു. കടലിന്റെ മുകളിലൂടെ നടന്നപ്പോഴും, അഞ്ച് അപ്പം കൊണ്ട് ആയിരങ്ങളെ ഭോഷിപ്പിക്കുമ്പോഴും ഗിരിപ്രഭാഷണം നടത്തുമ്പോഴും ഈ അങ്കി തന്നെ ആയിരുന്നു. എന്നാല്‍ അതേ അങ്കി മരുരൂപമലയില്‍ അത്യന്തം വെള്ളയായി. ദൈവതേജസിന്റെ മര്‍മ്മം നമുക്ക് കാണണമെങ്കില്‍ ഇതുപോലെയുള്ള മേഖലകളില്‍ നാം ചെന്നെത്തണം. ”തനിച്ച് കൊണ്ടു പോയി” എന്ന പ്രയോഗം ശ്രദ്ധിക്കണം. വലിയ ജനാവലിയുടെ ആരവാരമില്ലാതെ നാം തനിയേ ആത്മ മണ്ഡലത്തില്‍ ചെന്നാല്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത ദൈവതേജസിന്റെ ആഴം ഗ്രഹിക്കാം. ജീവി തത്തിന്റെ കയ്‌പേറിയ മേഖലകളില്‍ ഒറ്റപ്പെടുത്തലുകളും ഏകാന്തതയും അനുഭവിക്കുമ്പോള്‍ നിരാശപ്പെടരുത്. ദൈവം നിങ്ങളെ തനിച്ച് കൂട്ടിക്കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് യേശു എല്ലാവരേയും ഇവിടേക്ക് കൊണ്ടു പോകാതിരുന്നത്. എല്ലാവര്‍ക്കും എല്ലാ മര്‍മ്മങ്ങളും വെളിപ്പെടുകയില്ല. നമ്മുടെ സഹവിശ്വാസികളെക്കാള്‍, സഹപ്രവര്‍ത്തകരേക്കാള്‍, സഹ ചാരികളേക്കാള്‍ നമ്മെ മാത്രം ചില മര്‍മ്മങ്ങള്‍ കാണിച്ചു തരുന്നതില്‍ പ്രത്യേകം ഉദ്ദേശമുണ്ട്. എല്ലാവര്‍ക്കും എല്ലാം ഉള്‍ക്കൊള്ളുവാനും വിചിന്തനം ചെയ്യുവാനും കഴിയുകയില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പരിശുദ്ധാത്മാവ് നമ്മെ ആത്മ മണ്ഡലത്തിലേക്ക് ക്ഷണിക്കുന്നു.

കാല്‍വറി മലയിലെ അതിക്രൂരമായ രംഗങ്ങള്‍ കാണാന്‍ ചങ്കൂറ്റമുള്ളവര്‍ക്കേ മരുരൂപ മലയിലെ മര്‍മ്മങ്ങള്‍ കാണുവാന്‍ ടിക്കറ്റുള്ളു. മരുരുപമലയിലെ മര്‍മ്മങ്ങള്‍ വെളിപ്പെട്ടുകിട്ടിയാല്‍ ക്രൂശിലെ രംഗം കാണാന്‍ ധൈര്യം ഉണ്ടാകും. ഗലീലക്കടലിലും യെരുശലേം തെരുവീഥികളിലും മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത്യന്തം തിളങ്ങുന്ന വസ്ത്രത്തിന്റെ മര്‍മ്മം കാണുവാന്‍ കഴിയില്ല. മറ്റാര്‍ക്കുമില്ലാത്ത പ്രതികൂലങ്ങളും പ്രതിസന്ധികളും എന്തുകൊണ്ട് എനിക്ക് മാത്രം എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ മറുപടി തരാം. മറ്റാരും കാണാത്ത ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തുവാനാണ്. ഏലിയാവും മോശയും ഇവിടെ പ്രത്യക്ഷമാകുന്നു. സീനായ്മലയും ഹോരേബും മോശെ എന്ന കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നു. കര്‍മ്മേല്‍ പര്‍വ്വതം എന്ന് കേള്‍ക്കുമ്പോള്‍ ഏലിയാവിനെ ഓര്‍മ്മ വരും. പഴയനിയമത്തിന്റെ മധ്യസ്ഥനാണ് മോശ. ഇവിടെയിതാ പുതിയ നിയമത്തിന്റെ മധ്യസ്ഥനാണ് ക്രിസ്തു. പഴയ നിയമത്തിലെ ധീരനായ പ്രവാചകനാണ് ഏലിയാവ്. ഇവിടെയിതാ പുതിയ നിയമത്തിന്റെ പ്രവാചകനായ ക്രിസ്തു. യേശുവിനെക്കുറിച്ച് ഇവന്‍ ഏലിയാവോ എന്ന് ഹെരോദാവ് ചിന്തിച്ചു പോയി. സാക്ഷാല്‍ മധ്യസ്ഥനും പ്രവാചകനുമായവനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പഴയനിയമത്തിലെ നിഴലായ നിയമങ്ങളുടെ മധ്യസ്ഥനും പ്രവാചകനും മറുരൂപമലയില്‍ വന്നു. ദൈവത്തിനു വേണ്ടിയുള്ള എരിവ്, നീതിക്കുവേണ്ടിയുള്ള പോരാട്ടം, പാപത്തിനെതിരെ ശക്തമായ താക്കീത്. ജനത്തിന്റെ ദുരന്തം ദൂരവേ ദര്‍ശിച്ചുകൊണ്ട് അവര്‍ക്കു വേണ്ടിയുള്ള കരച്ചിലും കഷ്ടാനുഭവങ്ങളും കൊണ്ട് യിരമ്യാവിനേയും മുഖപക്ഷമില്ലായ്മകൊണ്ട് യോഹന്നാന്‍ സ്‌നാപകനേയും, പുനരുദ്ധാനം കൊണ്ട് സകലരേയും അതിജീവിച്ച് നിലകൊള്ളുന്നവനാണ് ക്രിസ്തു. ”ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവന് ചെവികൊടുപ്പിന്‍” ഇത്രയും കാലം മോശയ്ക്കും ഏലിയാവിനും ചെവി കൊടുത്തു. ഇനി മുതല്‍ അത് നിര്‍ത്തിയിട്ട് ഇവന് ചെവി കൊടുക്കുക. പത്രോസിന് മറ്റ് എല്ലാ സ്ഥലങ്ങളേക്കാളും ഇഷ്ടപ്പെട്ടത് ഇവിടെയാണ്. ക്രിസ്തു പിതാവിന്റെ ഇഷ്ടം ചെയ്യുവാന്‍ വന്നതാണ്. കാല്‍വറി മലയാണ് ക്രിസ്തുവിന് ഇഷ്ടം.

മറുരൂപമലയുടെ മര്‍മ്മങ്ങള്‍ കാണിക്കുമ്പോള്‍ ഒരു കാര്യം നിശ്ചയിക്കാം കാല്‍വറി മലയിലേക്ക് നമ്മെ നീക്കുവാനാണ്. അതിനുള്ള ശക്തി ഇവിടെ പകരുകയാണ്. ദൈവസാന്നിദ്ധ്യം നന്നായി അനുഭവിച്ചപ്പോള്‍ അവിടുന്ന് പോകുവാന്‍ പത്രോസിന് മനസ്സില്ല. കാറ്റും കോളും ശാന്തമാക്കിയപ്പോഴും അഞ്ചപ്പവും രണ്ട് മീനും കൊണ്ട് പോഷിപ്പി ച്ചപ്പോഴും ഇങ്ങനെ തോന്നിയില്ല. ഭൗതികമായ കുറേ നന്മകള്‍ ലഭിക്കുന്നതിനേക്കാള്‍ ആത്മീയമായ് ഹൃദയ ത്തിന് ആനന്ദം ലഭിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരാകണം. ക്രൂശിനെ അഭിമുഖീകരിക്കാതെ കുടില്‍ കെട്ടി കൂട്ടായ്മ ആചരിക്കാനുള്ള ഗൂഡനീക്കമാണ് പത്രോസ് നടത്തുന്നത്. ഭൂമിയില്‍ ഒരു അലക്കുകാരനും വെളുപ്പിക്കുവാന്‍ കഴിയാത്ത നിലയില്‍ വെള്ളയായി അതേ അങ്കി. നമ്മുടെ സ്വന്ത പ്രവര്‍ത്തികളെല്ലാം കറ പുരണ്ട തുണിയത്രേ. പാപയങ്കി മാറ്റി നീതിയുടെ വസ്ത്രം നമുക്ക് നല്‍കുവാന്‍ അവന്റെ അങ്കി അത്യന്തം വെള്ളയായി. നിന്റെ പാപം എത്ര കടുംചുവപ്പായാലും ഞാന്‍ അതിനെ ഹിമം പോലെ വെളുപ്പിക്കാം എന്ന് ദൈവം അരുളിചെയ്യുന്നു. ഇന്ന് നിരവധി അലക്കുകാര്‍ വെള്ളയാക്കി തരുവാന്‍ ശ്രമിക്കുന്നു. ഇവിടുത്തെ മതങ്ങള്‍, പുരോഹിതവൃന്ദങ്ങള്‍, പാരമ്പര്യത്തിന്റെ കര്‍മ്മങ്ങള്‍, ആചാരങ്ങള്‍, ചട്ടങ്ങള്‍, നേര്‍ച്ചകള്‍, പുണ്യ തീര്‍ത്ഥാടനങ്ങള്‍ എന്നിങ്ങനെ അലക്കുകാരുടെ പട്ടിക നീളുകയാണ്. എന്നാല്‍ മറുരൂപമലയില്‍ വസ്ത്രം അത്യന്തം വെള്ളയായി തീര്‍ന്ന യേശു കര്‍ത്താവിന് നമ്മുടെ പാപം മാറ്റി പരിഹാരം തരുവാന്‍ കഴിയും. കൊരിന്ത്യര്‍ക്ക് ലേഖനമെഴുതുമ്പോള്‍ പൗലോസ് പറയുന്നത് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്യനിക്കും. പെട്ടെന്ന് സംഭവിക്കുന്ന കാര്യമാണിത്. ഭാവിയില്‍ നാം എങ്ങനെ രൂപാന്തരപ്പെടും എന്നതിന്റെ ഒരു മോഡല്‍ യേശു കാണിച്ചു തന്നു എന്നേയുള്ളു.

ആ വിഷയത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകാന്‍ പാടില്ല. ശിഷ്യന്മാരുടെ നഗ്ന നേതൃത്വങ്ങള്‍ക്ക് കാണത്തക്കനിലയില്‍ യേശു തെളിയിച്ച് കൊടുത്തു. ക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും പുനരുദ്ധാരണവും ഒരു മര്‍മ്മമായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവില്‍ കാഹളം ധ്യനിക്കും, മരിച്ചവര്‍ അക്ഷയരായ് ഉയര്‍ക്കും, നാം എല്ലാവരും രൂപാന്തരപ്പെടും. ഇത് മറ്റൊരു നിലയില്‍ മറുരൂപമലയില്‍ സംഭവിച്ചു.

എ. മേഘത്തില്‍ നിന്ന് ഒരു ശബ്ദമുണ്ടായി.

ബി. യേശു പെട്ടെന്ന് രൂപാന്തരപ്പെട്ടു.

സി. മരിച്ച മോശ ഉയര്‍ത്തെഴുന്നേറ്റ് വന്നു.

പാപവും ശാപവും നിറഞ്ഞ ഈ ഭൂമി മാറി പുതിയ ആകാശവും പുതിയ ഭൂമിയും വരും. നാം അക്ഷയരായി ഉയര്‍ക്കും.

ജോണ്‍സന്‍, കണ്ണൂര്‍

Source URL: https://padayali.com/%e0%b4%ae%e0%b4%b1%e0%b5%81%e0%b4%b0%e0%b5%82%e0%b4%aa%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99/