മതം മാറിയതു കൊണ്ട് വ്യക്തിയുടെ ജാതി മാറില്ലെന്ന് മദ്രാസ് ഹൈകോടതി

by Vadakkan | 27 November 2021 9:54 AM

ചെന്നൈ: മതം മാറിയാലും വ്യക്തിയുടെ ജാതി മാറില്ലെന്ന് മദ്രാസ് ഹൈകോടതി. ക്രിസ്ത്യൻ ആദിദ്രാവിഡർ സമുദായാംഗമായ ഭർത്താവും ഹിന്ദു അരുന്ധതിയാർ വിഭാഗത്തിൽപ്പെട്ട ഭാര്യക്കും മിശ്രവിവാഹ സർട്ടിഫിക്കറ്റ് നിഷേധിച്ചുകൊണ്ടാണ് വ്യാഴാഴ്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം സുപ്രധാന വിധി പ്രഖ്യാപനം നടത്തിയത്. പട്ടികജാതി വിഭാഗമായ ആദിദ്രാവിഡ സമുദായത്തിൽ ജനിച്ച് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച എസ്. പോൾ രാജ് സമർപ്പിച്ച അപ്പീൽ ഹരജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മതപരിവർത്തനത്തോടെ പോൾ രാജിന് പിന്നാക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. 2009ൽ ഇേദ്ദഹം, പട്ടികജാതിയിൽ തന്നെപെടുന്ന അരുന്ധതിയാർ സമുദായത്തിൽപ്പെട്ട ജി. അമുദയെ വിവാഹം കഴിച്ചു. തുടർന്നാണ് പോൾരാജ് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാൽ, മതം മാറിയാൽ ജാതി മാറില്ലെന്നും ഒരേ ജാതിയിൽപ്പെട്ടവർ തമ്മിെല വിവാഹത്തിന് മിശ്രവിവാഹ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നും പറഞ്ഞ് മേട്ടൂർ തഹസിൽദാർ അപേക്ഷ തള്ളി.

ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, പട്ടികജാതിയിൽ (എസ്.സി)നിന്ന് പിന്നാക്ക സമുദായത്തിലേക്ക് (ബി.സി) മാറിയാൽ ജാതി മാറിയതായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ദമ്പതികളിൽ ഒരാൾ പട്ടികജാതിയിലും മറ്റേയാൾ പട്ടികേതര സമുദായാംഗവുമാണെങ്കിൽ മാത്രമേ മിശ്രവിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളൂവെന്നും കോടതി വിശദീകരിച്ചു. 1976 ഡിസംബർ 28-ലെ സർക്കാർ ഉത്തരവ് പ്രകാരം മിശ്രവിവാഹിതരായ ദമ്പതികൾക്ക് ജോലിയിൽ മുൻഗണന ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.

മതം മാറിയ ഒരാൾ മിശ്രവിവാഹ സർട്ടിഫിക്കറ്റിന് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ വിവാഹ ക്വാട്ടയിൽ അനുവദിക്കുന്ന ആനുകൂല്യം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.

Source URL: https://padayali.com/%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%af%e0%b4%a4%e0%b5%81-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d/