മംഗലാപുരം സ്‌ഫോടനത്തിന് തീവ്രവാദബന്ധം, ലക്ഷ്യമിട്ടിരുന്നത് വലിയ നാശനഷ്ടങ്ങള്‍

by Vadakkan | 20 November 2022 5:18 PM

ബംഗളൂരു: മംഗലാപുരം സ്‌ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കർണാടക പൊലീസ്. ഇന്നലെ വൈകിട്ടുണ്ടായ അപകടം യാദൃശ്ചികമല്ലെന്നും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവർത്തനമാണെന്നും സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ് സ്ഥിരീകരിച്ചു. കേന്ദ്ര ഏജൻസികൾക്കൊപ്പം സംസ്ഥാന പൊലീസും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷയ്ക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് സമീപമുള്ള റോഡിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. യാത്രക്കാരനും ഡ്രൈവർക്കും സാരമായി പൊള്ളലേൽക്കുകയും ചെയ്തു. ഉടൻ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സ്‌ഫോടനമാണെന്ന നിഗമനത്തിലെത്തിയത്. ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരന്റെ ബാഗിൽ നിന്നാണ് തീ പടർന്നതെന്ന് ഓട്ടോഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്‌ഫോടനത്തിന് പിന്നിൽ ഏത് സംഘടനയാണെന്ന് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മംഗലാപുരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളടക്കം വ്യാപകമായി പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബർ 23ന് പുലർ‌ച്ചെ കോയമ്പത്തൂർ ഉക്കടയിലും സ്‌ഫോടനം നടന്നിരുന്നു. പുലർച്ചെ അഞ്ചോടെ കോയമ്പത്തൂർ ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലാണ് ആക്രമണമുണ്ടായത്.സ്‌ഫോടനത്തിൽ കാറിലുണ്ടായിരുന്ന ഉക്കടം ജി എം നഗർ സ്വദേശി ജമീഷ മുബീൻ (25) കൊല്ലപ്പെട്ടിരുന്നു.

ചാവേറായിരുന്ന ജമീഷ മുബീന്റെ മൃതദേഹത്തിൽ കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലും എൻ ഐ എ പരിശോധന നടത്തിയിരുന്നു. ഓട്ടോറിക്ഷാ സ്‌ഫോടനക്കേസിലും അന്വേഷണം കേരളത്തിലെത്തിയേക്കുമെന്നാണ് സൂചന.

Source URL: https://padayali.com/%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/