ഭൂമിക്കടിയില്‍ ഒരു അദ്ഭുതനഗരം…

by padayali | 15 December 2016 9:27 PM

വീടിന്റെ ചില പണകള്‍ നടത്തുന്നതിനായി ഭൂമി കുഴിക്കുന്നതിനിടയിലാണ് തുര്‍ക്കിയിലെ കപ്പഡോഷ്യക്കാരനായ ഒരാള്‍ ആ അത്ഭുതം കണ്ടത്., മുന്‍പില്‍ ഒരു വലിയ തുരങ്കം. ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള അത്ഭുത നഗരത്തിന്റെ പാക്കിപത്രങ്ങളിലേക്കാണ് ആ തുരങ്കം എത്തിച്ചേര്‍ന്നത്. ഡെരിന്‍കുയു എന്ന നഗരമായിരുന്നു അത്. 20,000 പേരെങ്കിലും താമസിച്ചിരുന്ന 18 നിലക്കെട്ടിടമാണ് അവിടെ അന്ന് കണ്ടെത്തിയത്.
തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ വേറെയും നഗരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡെരിന്‍കുയുവിന്റെ അത്രയും വലിപ്പമുള്ള നഗരം വേറെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്തുമാത്രമേ പ്രവേശിക്കാനായിട്ടുള്ളൂ. കപ്പഡോഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഈ അധോലോക നഗരം മാറിക്കഴിഞ്ഞു. പാറകള്‍ പ്രകൃത്യാതന്നെ ശില്പങ്ങള്‍ പോലെ രൂപം മാറിയ പ്രദേശമാണ് കപ്പഡോഷ്യ. പൗരാണികമായ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ സൂചനകളായി ഒട്ടേറെ അവശിഷ്ടങ്ങളും ഇവിടെ നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്.
ബൈസാന്റിന്‍ കാലത്ത് എ.ഡി. 780-1180 കാലയളവില്‍ നിര്‍മ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങളും കിണറുകളും ശവകുടീരങ്ങലും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600-ഓളം വാതിലുകള്‍ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീര്‍ത്തിരുന്നു. ശത്രുക്കള്‍ കടക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ശത്രുക്കള്‍ കടക്കാതിരിക്കുന്നതിന് കല്ലുകള്‍ പതിച്ച വാതിലുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

Source URL: https://padayali.com/%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%ad%e0%b5%81/