by Vadakkan | 5 December 2020 8:11 AM
ചെന്നൈ: ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്നാട്ടില്‍ മൂന്ന് പേര് മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് 35 കാരിയായ യുവതിയും ഇവരുടെ 10 വയസുള്ള മകളും മരിച്ചു.
ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവും മരണമടഞ്ഞു. അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നു അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പുതുശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയതോതില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
നിരവധി വീടുകള്‍ തകരുകയും കനത്ത കൃഷിനാശമുണ്ടാവുകയും ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും, ഇത് ആശ്വാസമേകുന്ന ഘടകമാണെന്നും അധികൃതര്‍ പറയുന്നു.
ചെന്നൈയില്‍ ഉള്‍പ്പടെ തമിഴ്നാട്ടില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധിവേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമായേക്കും.
കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് നിരോധനം തുടരും.
Source URL: https://padayali.com/%e0%b4%ac%e0%b5%81%e0%b4%b1%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b4%bf/
Copyright ©2024 Padayali unless otherwise noted.