പ്രിയപ്പെട്ട പിണറായി സഖാവും കൊടിയേരി ബാലകൃഷ്ണൻ സഖാവും വായിച്ച് അറിയുന്നതിന്

പ്രിയപ്പെട്ട പിണറായി സഖാവും കൊടിയേരി ബാലകൃഷ്ണൻ സഖാവും വായിച്ച് അറിയുന്നതിന്
April 28 23:39 2022 Print This Article

നിങ്ങൾ രണ്ടുപേരും ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയിരിക്കുന്നു എന്ന് അറിയുന്നു. കേരളത്തിലും ഇന്ത്യയിലും കിട്ടാത്ത നല്ല ചികിത്സ സമ്പ്രദായങ്ങൾ അവിടെയുള്ള അതിനാൽ നിങ്ങൾക്ക് നല്ല ചികിത്സ കിട്ടി വേഗം സുഖമായി നാട്ടിലേക്ക് വരുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകട്ടെ എന്നും തുടർന്ന് ദീർഘനാൾ ദീർഘായുസ്സോടെ ഇരിക്കട്ടെ എന്നും ആശംസിക്കുന്നു.

പിണറായി സഖാവ് പോകുന്ന Mayo Clinic ൽ 63000 ഉം ബാലകൃഷ്ണൻ സഖാവ് പോകുന്ന ഹൂസ്റ്റണിലെ MD Anderson cancer center ൽ 22000 ജോലിക്കാരുണ്ട്. ലോകത്തിലെ ഏറ്റവും നല്ല ഹോസ്പിറ്റൽ സംവിധാനങ്ങളാണ് ഇവരണ്ടും. ഇവിടെ പതിനായിരക്കണക്കിന് ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഡോക്ടർസ്, നേഴ്സ് പ്രാക്ടീഷണർ, നഴ്സസ്, പാരാ മെഡിക്കൽ സ്റ്റാഫ് ഉണ്ട്… നിങ്ങളെ ചികിത്സിക്കുന്നവരിൽ പലരും മലയാളികളും ആണ്. ദയവായി നിങ്ങൾ അവരോട് ചോദിക്കൂ കേരളത്തിനെ പറ്റി നിങ്ങൾ എന്ത് ആഗ്രഹിക്കുന്നു എന്ന്.

അവർ എല്ലാവരും ഒരുപോലെ പറയും ഇതേ പോലെയുള്ള സംവിധാനങ്ങൾ നമുക്ക് കേരളത്തിലും ഉണ്ടാവണമെന്ന്. ദയവായി നിങ്ങൾ ചികിത്സ കഴിഞ്ഞു അവിടെയൊക്കെ ഒന്ന് ചുറ്റിക്കറങ്ങാൻ പോകണം. മനോഹരമായ ബിൽഡിംഗ് കളും അതിമനോഹരമായ വിഭാവനം ചെയ്തിരിക്കുന്ന ഫ്ലൈ ഓവറുകളും ഈടുറ്റ റോഡ് നിർമ്മാണവും കഴിവുള്ളവർ പ്ലാൻ ചെയ്ത സിറ്റി മാനേജ്മെന്റും രാഷ്ട്രീയ അതിപ്രസരം ഇല്ലാത്ത പോലീസ് സംവിധാനങ്ങളും ഈടുറ്റ സ്കൂൾ-കോളേജ് സംവിധാനങ്ങളും എന്തുതരം സംരംഭകരെയും കൈനീട്ടി സ്വീകരിക്കുന്ന, സംരക്ഷിക്കുന്ന ക്യാപിറ്റലിസവും അതിലൂടെ വളർന്നു വന്ന ലോകോത്തര കമ്പനികളും അവർ വികസിപ്പിച്ചെടുത്ത ടെക്നോളജി കളും ദയവായി കണ്ടറിഞ്ഞിട്ട് തിരികെ വരണം.

അവിടെയൊക്കെ ധാരാളം മലയാളികൾ അവരുടെ ബുദ്ധിയും കഴിവും അനന്തമായി കിട്ടുന്ന സാധ്യതകളും ഉപയോഗിച്ചു മുന്നേറുന്നതും സഖാക്കന്മാരെ നിങ്ങൾ രണ്ടുപേരും നേരിട്ട് കാണണം. സഖാക്കന്മാരെ നിങ്ങളുടെ ഗവൺമെന്റ് 99 എംഎൽഎമാരെ നൽകിയാണ് കേരളം ജയിപ്പിച്ച വിട്ടത്. കാരണം നിങ്ങളിൽ ജനങ്ങൾ വലിയ പ്രതീക്ഷയർപ്പിച്ചു. നീതിന്യായ പരിപാലനത്തിലും സാമൂഹിക ക്ഷേമത്തിലും വികസന പ്രവർത്തനങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും നിങ്ങൾ അശ്രാന്തം പരിശ്രമിക്കും എന്ന് ജനങ്ങൾ വിശ്വസിച്ചു.

സഖാക്കന്മാരെ, നിങ്ങൾക്ക് ഇനിയും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. അമേരിക്കയിൽ റോഡ് നിർമ്മാണത്തെ പറ്റി ഒന്ന് പഠിക്കുക തന്നെ വേണം. Quality and guarantee ഉള്ള റോഡുകൾ നിർമ്മിക്കുവാൻ കോൺട്രാക്ടർമാരുടെ ട്രാക്ക് റെക്കോർഡുകൾ പരിശോധിച്ചാണ് കോൺട്രാക്ട് കൊടുക്കുന്നത്. റോഡ് പൊളിഞ്ഞാൽ അവർ ഉത്തരവാദി ആയിരിക്കും. അവിടെ രാഷ്ട്രീയ കൈകടത്തലുകൾ ഇല്ല. കൈക്കൂലിഇല്ല കൊട്ടും കുരവയുമായി ഉള്ള ഉദ്ഘാടനങ്ങൾ ഇല്ല.

എന്തുതരം ബിസിനസിനെ യും സ്വാഗതം ചെയ്യുന്ന ഗവൺമെന്റ്. ഓരോ ബിസിനസുകളും തങ്ങൾ ഭരിക്കുന്ന ഏരിയയിൽ വരണമെന്ന് മത്സരിച്ചാണ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ മുതൽ മുടക്കുന്ന വരെ വിളിക്കുന്നത്. ലോകോത്തര നിലവാരമുള്ള ജോൺ ഹോപ്കിൻസ് മലബാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഉൾപ്പെടെ പതിനായിരങ്ങൾക്ക് അവിടെ ചികിത്സ ലഭിക്കുമായിരുന്നു. അന്ന് സമരം ചെയ്ത് ഓടിച്ച അവർ ഇന്ന് മലേഷ്യയിൽ ലോകോത്തര നിലവാരമുള്ള ഒരു വലിയ ഹോസ്പിറ്റൽ സംവിധാനമായി വളർന്നുകഴിഞ്ഞു. നിങ്ങൾക്ക് ഇനിയും നാടിന് അനേകം നന്മ ചെയ്യുവാനുള്ള സാവകാശം ഉണ്ട്. ആയിരക്കണക്കിന് കഴിവുള്ള ഡോക്ടേഴ്സ് എൻജിനിയേഴ്സ് മറ്റ് ഉപദേശകർ കേരളത്തിന്റെ ഉന്നമനത്തിനായി സഹകരിക്കുവാൻ താല്പര്യമുണ്ട്.

കാരണം പിറന്നു വളർന്ന മണ്ണ് നശിച്ചുപോകാതെ എന്നും നന്മയിൽ നിലനിൽക്കേണ്ടത് ഞങ്ങളെ പോലുള്ള സാധാരണ വിദേശമലയാളികളുടെ വലിയ ആഗ്രഹമാണ്. അതുകൊണ്ട് നാടുവിട്ടുപോയ ഓരോ മലയാളിയും തന്റെ നാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും സാകൂതം വീക്ഷിക്കുന്ന വരാണ്. നാളെ… അവിടെ ഒരു നല്ല നാളെ ഉണ്ടാവും എന്ന് ഹൃദയത്തിൽ പ്രത്യാശിക്കുന്ന വരാണ്. ഓരോ മുതലാളിയും ഒരു തൊഴിൽദാതാവ് ആണ് എന്നും അനേകം പേർക്ക് അന്നമൂട്ടുന്ന ഒരാളാണെന്നും ഉള്ള സാഹചര്യം ഉണ്ടാക്കുക തന്നെ വേണം. ഒരാൾ തന്റെ കയ്യിലുള്ള പണം ഇറക്കുവാൻ തയ്യാറായി എങ്കിൽ മാത്രമേ അനേകം പേർക്ക് തൊഴിൽ ലഭിക്കുകയുള്ളൂ.

നിങ്ങളെ പോലെയുള്ളവർ ധീരമായ നിലപാട് എടുത്താൽ കേരളത്തിൽ ഇന്ന് നടക്കുന്ന അഴിമതി ഒരുമാസത്തിനകം തുടച്ചുനീക്കാൻ കഴിയും. കുറ്റം ചെയ്യുന്ന ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് നിർദയം പുറത്താക്കുക തന്നെ വേണം. അവരെക്കാൾ വളരെയേറെ കഴിവും ചുറുചുറുക്കുമുള്ള യുവാക്കൾ നമുക്ക് വളരെയേറെ ഉണ്ട്… അങ്ങനെയെങ്കിൽ ഞങ്ങൾക്ക് ഒരു കെജ്രിവാളിനെയും ഒരു സാബു ജേക്കബിനെയോ ആവശ്യമില്ല.

കഴിവുള്ള വരെയും സത്യസന്ധതയും മുന്നോട്ടു കൊണ്ടു വരുവാൻ കഴിയുമോ..? കക്ഷിഭേദമെന്യേ തീരുമാനങ്ങൾ എടുക്കാൻ കഴിയുമോ? മതങ്ങളെ പ്രീണിപ്പിക്കാതെ എല്ലാവർക്കും തുല്യ പരിഗണന കൊടുത്തു നിർത്തുവാൻ കഴിയുമോ..? കേരളത്തിൽ വളർന്നു വരുന്ന മത അസന്തുലിതവസ്ഥ ഒഴിവാക്കാൻ കഴിയുമോ..? രാഷ്ട്രീയ വൽക്കരിച്ച് തകർന്നുകിടക്കുന്ന വിദ്യാഭ്യാസരംഗം പുനർ ആവിഷ്കരിക്കാൻ കഴിയുമോ..? തൊഴിൽ സംരംഭകർക്ക് എതിരെ നിൽക്കുന്ന ഘടകങ്ങളെ ശക്തമായി നേരിടുവാൻ കഴിയുമോ…? ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാൻ കഴിയുമോ..? നിങ്ങൾ ചികിത്സിച്ച് തിരികെ പോകുമ്പോൾ അതേപോലെയുള്ള ലോകോത്തര ചികിത്സാ സംവിധാനങ്ങൾ കേരളത്തിൽ കൊണ്ടു വരുവാൻ കഴിയുമോ..?

അതേ സഖാക്കന്മാരെ… ഇന്ന് ഞങ്ങൾ ഇവിടെ അനുഭവിക്കുന്ന നന്മകൾ നമ്മുടെ നാട്ടിലുള്ള എല്ലാവർക്കും ലഭ്യമാക്കുവാൻ നിങ്ങൾ മുൻകൈ എടുക്കുമോ…? അതേ സഖാക്കന്മാരെ… വിദേശ മലയാളികളായ ഞങ്ങൾ ഒന്നായി ആഗ്രഹിക്കുന്നു ഇനി ആരും ചികിത്സയ്ക്കും മരുന്നിനും തൊഴിലിനും ബിസിനസിനും വേണ്ടി കേരളം വിട്ടു പോകാതിരിക്കട്ടെ.

നിങ്ങൾ രണ്ടുപേർക്കും നല്ല ചികിത്സ കിട്ടി സുഖമായി കേമമായി കേരളത്തിലേക്ക് തിരികെ പോകുവാൻ ഇടവരട്ടെ…

-ബ്ലെസൻജി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.