പ്രവാചകന്റെ വിവാദകാര്‍ട്ടൂണ്‍ ; ഫ്രാന്‍സില്‍ തെരുവിലിട്ട് അദ്ധ്യാപകന്റെ തലവെട്ടി

by Vadakkan | 17 October 2020 1:58 PM

പാരീസ്: ഷാര്‍ലി ഹെബ്‌ദോ പ്രസിദ്ധീകരിച്ച പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ ക്ലാസ്സില്‍ കാണിച്ച്‌ വിദ്യാര്‍ത്ഥികളെ കൊണ്ടു തുറന്ന ചര്‍ച്ച നടത്തിയ ചരിത്ര അദ്ധ്യാപകന്റെ തല തെരുവിലിട്ടു വെട്ടിയതായി ഫ്രഞ്ച് പോലീസ്.

വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിക്ക് വടക്കുപടിഞ്ഞാറന്‍ പാരീസിലെ വാല്‍ ഡി ഒയീസ് മേഖലയിലെ എറാഗ്നി നഗരത്തിലായിരുന്നു സംഭവം. അക്രമിയെ ഫ്രഞ്ച്‌പോലീിലെ തീവ്രവാദ വിരുദ്ധ വിഭാഗം വെടിവെച്ചു കൊല്ലുകയും ചെയ്തതായി അസോസിയേറ്റ് പ്രസിനോട് പോലീസ് പറഞ്ഞു. ഹൈസ്ക്കൂളിലെ ചരിത്രാദ്ധ്യാപകനാണ് കൊല്ലപ്പെട്ടയാള്‍. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പഠിപ്പിക്കുമ്ബോഴായിരുന്നു അദ്ധ്യാപകന്‍ ക്ലാസ്സില്‍ വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് വിവരം.

സംഭവത്തിലെ ഭീകരാക്രമണ ബന്ധം അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തെ ഭീകരാക്രമണം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് തന്നെ മാക്രോണ്‍ അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. അദ്ധ്യാപകനെ വധിച്ച ശേഷം കത്തിയുമായി വന്ന കൊലപാതകിയെന്ന് സംശയിക്കുന്നയാളെ 600 മീറ്റര്‍ അകലെ നിന്നും പോലീസ് എയര്‍സോഫ്റ്റ് ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചു കൊന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വെച്ച്‌ ചര്‍ച്ച നടത്തിയ അദ്ധ്യാപകന് നേരെ നേരത്തേ തന്നെ വധഭീഷണി ഉയര്‍ന്നിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. അതേസമയം ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

18 കാരനാണ് സംഭവത്തില്‍ കൊലപാതകിയെന്നാണ് വിവരം. ഫ്രഞ്ച് പോലീസ് പതിവ് പെട്രോളിംഗിനിടയില്‍ കത്തിയുമായി പോയ ആളെ കണ്ടെത്തുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പോലീസ് ഇയാളെ വെടിവെച്ചു കൊന്നു. ‘അള്ളാഹു അക്ബര്‍ എന്നും’ ‘ദൈവം വലിയവന്‍’ എന്നും പുലമ്ബിക്കൊണ്ടായിരുന്നു അക്രമി അദ്ധ്യാപകനെ കൊലപ്പെടുത്തിയത്.

2015 ജനുവരിയില്‍ ഒരു തോക്കുധാരി മാധ്യമത്തിന്റെ പാരീസിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് നേരെ നടത്തിയ ആക്രമണത്തില്‍ 12 സ്റ്റാഫുകളാണ് മരണമടഞ്ഞത് 11 പേര്‍ക്ക് പരിക്കേല്‍ക്കുകയൂം ചെയ്തു. 2020 സ്‌പെ്തംബറില്‍ അവര്‍ വിവാദ കാരിക്കേച്ചര്‍ പുന:പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. 2015 ജനുവരി 15 ആക്രമണത്തിന്റെ വിചാരണയുടെ ആദ്യ ദിവസമായിരുന്നു പ്രഖ്യാപനം. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാലു മാസമായി കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുകയാണ്. ഓഫീസില്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്നുമാണ് ഷാര്‍ലി ഹെബ്‌ദോ ഇപ്പോള്‍ പുറത്തു വരുന്നത്.

പ്രവാചകന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ലി ഹെബ്‌ദോയ്ക്ക് നേരെ മൂന്ന് തവണയാണ് ഭീകരാക്രമണം ഉണ്ടായത്. 2011 നവംബറില്‍ ഇതിന്റെ ഓഫീസിന് നേരെ ബോംബേറ് ഉണ്ടാകുകയും വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. 2012 ല്‍ അവര്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച്‌ വിവാദം ഉണ്ടാക്കിയതിന് പിന്നാലെ 2015 ജനുവരി 7 ന് പാരീസിലെ ഓഫീസില്‍ നടന്ന വെടിവെയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 2020 സെപ്തംബര്‍ 25 ന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതിന് പിന്നാലെ ഷാര്‍ലി ഹെബ്‌ദോയുടെ മുന്‍ ഓഫീസിന് പുറത്ത് വെച്ച്‌ ഒരാള്‍ രണ്ടുപേരെ കുത്തിയിരുന്നു. പാകിസ്താന്‍കാരനായിരുന്നു പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഇതോടെ മാധ്യമസ്ഥാപനം ഹെഡ് ക്വാര്‍ട്ടേഴ്‌സ് മാറ്റിയിരിക്കുകയാണ്.

Source URL: https://padayali.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f/