പ്രളയകാലത്തെ ദര്‍ശനങ്ങള്‍

പ്രളയകാലത്തെ ദര്‍ശനങ്ങള്‍
August 30 10:16 2018 Print This Article

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വാട്സപ്പിലേക്ക് ഒരു വീഡിയോ ഫോര്‍വേഡ് ചെയ്തു തന്നിട്ടു പറയുകയുണ്ടായി. “അച്ചാ, ഇതൊന്നു കണ്ടുനോക്കൂ”. കണ്ടു. അമേരിക്കയില്‍ നിന്നും ഏതോ ഒരു മലയാളി കൊച്ചമ്മ ഇംഗ്ലീഷില്‍ മലയാളികള്‍ക്ക് നല്‍കുന്ന ഒരു അഡാര്‍ ആത്മീയ ഉപദേശമാണ്.

എന്റമ്മോ. ഒന്നും പറയാനില്ല. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു ‘ഫിറ്റായി’ ഇരിക്കുന്ന ആ കൊച്ചമ്മയുടെ ദര്‍ശനവും പ്രവചനങ്ങളും കേട്ടപ്പോള്‍ പേടിച്ചു രണ്ടു പ്രാവശ്യം എനിക്ക് ടോയിലെറ്റില്‍ പോകേണ്ടി വന്നു. എന്താണ് ഈ കൊച്ചമ്മ പറയുന്നത്? അവര്‍ക്ക് രാവിലെ ദൈവം ഒരു ദര്‍ശനം നല്‍കിയത്രെ. ആധുനിക ദര്‍ശനക്കാരുടെ സ്ഥിരം പല്ലവിയാണിത്.

“ദൈവം എനിക്ക് ദര്‍ശനം നല്‍കി”. “ദൈവം എന്നോടു പറഞ്ഞു…” ഇങ്ങനെ പറഞ്ഞുകൊണ്ട് ദര്‍ശനക്കാര്‍ വരികയാണെങ്കില്‍ ഓര്‍ക്കുക എവിടെയൊക്കെയോ ഒരു അക്ഷര പിശക് ഉണ്ടെന്നു തന്നെ. മാനസീക വിഭ്രാന്തിയുടെ ഭയങ്കരമായ അവസ്ഥ തന്നെയാകാം അത്.

ഏതോ തോന്നലുകളെയും ദുസ്വപ്നങ്ങളെയും ആത്മീയതയുടെ വര്‍ണ്ണകടലാസു കൊണ്ട് പൊതിഞ്ഞു കൊടുത്താല്‍ അത് നക്കി തിന്നാന്‍ മാനസീകമായി തകര്‍ന്നിരിക്കുന്ന പലരും ഉണ്ടാകും എന്നവര്‍ക്കറിയാം. ഇതു സ്തോത്രക്കാരുടെ സ്ഥിരം പരിപാടിയാണ്. എല്ലാം തകര്‍ന്നവരെ ഭയത്തിന്‍റെ വെളിപാടുകള്‍ നല്‍കി കൂട്ടത്തില്‍ ചേര്‍ക്കുകയെന്നത്.

അമേരിക്കന്‍ കൊച്ചമ്മ പറയുന്നു: “ഇപ്പോള്‍ സംഭവിച്ച പ്രളയമൊന്നും ഒന്നുമല്ല. വരാന്‍ പോകുന്നതേയുള്ളൂ. വേറൊരു ഡാമും കൂടി തകരും”…

ഇത് ഭീകര പ്രവാചകന്‍മാരുടെ സ്ഥിരം അടവാണ്. അല്ല, അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കുകയാണ്. വേറൊരു ഡാമും കൂടി പൊട്ടും എന്നു പറയാന്‍ ഇപ്പോഴുണ്ടായ പ്രളയം ഏതെങ്കിലും ഡാം പൊട്ടിയുണ്ടായതാണോ? ഓ ഇനിയിപ്പോ അങ്ങ് മുകളില്‍, മേഘങ്ങളുടെ ഇടയില്‍ ഏതെങ്കിലും ഡാം പൊട്ടിയിട്ടുണ്ടാകണം. ദര്‍ശനത്തിന്‍റെ കാര്യമാണല്ലോ. മഴയെ സ്വര്‍ഗ്ഗത്തിലെ ഡാം തുറന്നു വിട്ടതായിട്ടു വ്യാഖ്യാനിക്കാം.

അതുപോട്ടെ. അല്ല കൊച്ചമ്മേ, ഇനി അടുത്തത് എപ്പോഴാണാവോ പൊട്ടുവാന്‍ പോകുന്നത്? ദര്‍ശനം നല്‍കിയ ദൈവം അതിനെക്കുറിച്ച്‌ എന്തെങ്കിലും ക്ലൂ തന്നോ? എന്തെങ്കിലും കിട്ടുകയാണെങ്കില്‍ നമ്മുടെ മുഖ്യമന്ത്രിയോട് നേരത്തെ പറയണേ. വയ്യ ഇനിയും കേന്ദ്രത്തിന്‍റെ അവഗണന സഹിക്കാന്‍. കൊച്ചമ്മ പറയുന്ന മറ്റൊരു കാര്യം; “ഈയൊരു ദുരന്തം ഉണ്ടായിട്ടും മലയാളികള്‍ ആരും പ്രാര്‍ത്ഥിക്കുന്നില്ല അതുകൊണ്ട് ഇനിയും പ്രളയം വരും…”

സമ്മതിച്ചിരിക്കുന്നു നിങ്ങളെ. ഈ പ്രളയ ദിനങ്ങളില്‍ മലയാളികളെല്ലാവരും ഡാന്‍സ് ബാറുകളില്‍ പോയി ആര്‍മാതിക്കുകയായിരുന്നല്ലോ. എന്റെ പൊന്നു സഹോദരി, അവര്‍ പരസ്പരം സ്നേഹിക്കുകയാണ്. സഹായിക്കുകയാണ്. ഇതിനെക്കാള്‍ വലിയൊരു പ്രാര്‍ത്ഥന ഉണ്ടോ? ഈ പ്രാര്‍ത്ഥനയെന്നതു കൊണ്ട് നിങ്ങളെന്താണ്‌ ഉദ്യേശിക്കുന്നത്? പ്രാര്‍ത്ഥനയെന്നത് നിങ്ങള്‍ ചെയ്യുന്നതുപ്പോലെയുള്ള സ്തോത്രം പറച്ചില്‍ മാത്രമാണോ? എന്നാല്‍ പിന്നെ നമുക്ക് സമാശ്വാസ ക്യാമ്പുകളില്‍ ചെന്നിട്ടു പ്രെയ്സ് ദ ലോര്‍ഡും അല്ലേല്ലുയയും നടത്താം. എങ്ങനെയുണ്ട്? നല്ല ഐഡിയ അല്ലേ? അപ്പോള്‍ കേരളം മുഴുവന്‍ കൈകൊട്ടി സ്തോത്രം പാടും. അങ്ങനെ അടുത്ത പ്രളയം പ്രാര്‍ത്ഥിക്കാത്ത ഏതെങ്കിലും മഹാ പാപിയുടെ തലയില്‍ പോയി വീണുകൊള്ളും.

ഇനിയുള്ളത് കൊച്ചമ്മയുടെ ദര്‍ശനത്തിന്‍റെ ക്ലൈമാക്സ്‌ ആണ്. ഇവിടെ ഗോപി സുന്ദറിന്റെയോ യുവന്‍ രാജയുടെയോ പശ്ചാത്തല സംഗീതം കൂടിയുണ്ടെങ്കില്‍ സൂപ്പര്‍ ആയിരുന്നേനെ. അടുത്ത പ്രളയം വരുമ്പോള്‍ രക്ഷപെടാന്‍ പോകുന്ന കുറച്ചാളുകള്‍ ഉണ്ട്. അത് ആരൊക്കെയാണെന്നറിയാമോ?

അവിടെയാണ് കൊച്ചമ്മ തകര്‍ക്കുന്നത്. “രക്ഷപെടുന്നത് കര്‍ത്താവായ യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മാത്രം”… ഹൊ നിങ്ങള്‍ വല്ലാത്തൊരു പഹയത്തി തന്നെയാണട്ടൊ. മറ്റു മതസ്ഥരായ നമ്മുടെ കൂട്ടുക്കാരെല്ലാം മൂഞ്ചിപ്പോയി. എന്തു ദുഷ്ടത നിറഞ്ഞ ദര്‍ശനം! അങ്ങനെയാണെങ്കില്‍ ഈ ദൈവവും ഹിറ്റ്ലറും തമ്മില്‍ എന്താണ് വ്യത്യാസം? ഈ ദര്‍ശനം നല്‍കിയ ദൈവത്തെയാണോ നിങ്ങള്‍ കരുണാമയന്‍ എന്നു വിളിക്കുന്നത്‌? നിങ്ങള്‍ പറഞ്ഞല്ലൊ ഈ പ്രളയത്തിലൂടെ ദൈവം തന്‍റെ മഹത്വം വെളിപെടുത്തിയെന്നു. എന്താണ് ദൈവത്തിന്‍റെ ഈ മഹത്വം എന്നതുകൊണ്ട്‌ ഉദ്യേശിക്കുന്നത്? മനുഷ്യര്‍ക്ക്‌ ദുരിതം സമ്മാനിക്കുന്നതോ? ഏകദേശം നാനൂറോളം പേര്‍ മരണമടഞ്ഞതോ? ഒത്തിരി പാവപ്പെട്ടവരുടെ വീടും ഉപജീവന മാര്‍ഗ്ഗവും നഷടപ്പെട്ടതോ? പറയൂ. എന്തിന്നാണ് നിങ്ങള്‍ ദൈവ ദര്‍ശനം എന്നു പറഞ്ഞുകൊണ്ട് വര്‍ഗ്ഗീയതയും ഭയവും വിളമ്പുന്നത്?

നിങ്ങളുടെ ചിന്തകളും മൂങ്ങയുടെ കണ്ണുകളും ഒരേ പോലെയാണ്. രണ്ടിനും പ്രകാശത്തെ ഉള്‍കൊള്ളാന്‍ സാധിക്കില്ല. ഇരുളിലെ കാഴ്ചകള്‍ മാത്രമേയുള്ളൂ. നിങ്ങള്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ഈ ദര്‍ശന വീഡിയോ കണ്ടപ്പോള്‍ മണിച്ചിത്രത്താഴിലെ തിലകന്റെ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്. ഇതു ഭയാനകമായ അവസ്ഥയാണട്ടൊ. ഒരു സണ്ണി ഡോക്ടര്‍ നിങ്ങളുടെ വീട്ടിലേക്കു കടന്നു വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

മാർട്ടിൻ ആന്റണി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.