പോപ്പുലര്‍ ഫ്രണ്ടിനെ 5 വർഷത്തേക്ക് നിരോധിച്ച് കേന്ദ്രം

by Vadakkan | 28 September 2022 11:35 AM

കേന്ദ്ര ഏജന്‍സികളുടെ വ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ(PFI) നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. നിരോധനം ഉടന്‍ നിലവില്‍ വരും.

പോപ്പുലർ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകളെയാണ് നിരോധിച്ചത്. കേരളമടക്കം 15 സംസ്ഥാനങ്ങളിലായിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എ, ഇ.ഡി എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസികളും നേതാക്കളുടെ വീടുകളിലുമായി റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ സംഘടനയുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. റെയ്ഡിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അടക്കമുള്ള പ്രതിഷേധപരിപാടികള്‍ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും റെയ്ഡ് തുടര്‍ന്നു. ചൊവ്വാഴ്ച മാത്രം എട്ട് സംസ്ഥാനങ്ങളില്‍ നടന്ന റെയ്ഡില്‍ 250-ഓളം പ്രവര്‍ത്തകർ അറസ്റ്റിലായിരുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനം.

Source URL: https://padayali.com/%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-5-%e0%b4%b5%e0%b5%bc/