പോപുലര്‍ഫ്രണ്ട് ഓഫിസുകളില്‍ രാജ്യവ്യാപക റെയ്ഡ്; 100ലേറെ നേതാക്കള്‍ അറസ്റ്റില്‍

by Vadakkan | 22 September 2022 9:14 PM

ന്യൂഡല്‍ഹി​/ കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ, ഇ.ഡി റെയ്ഡ്.

ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ തുടങ്ങിയവര്‍‍ ഉള്‍പ്പെടെ നൂറിലധികം നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണി മുതലാണ് 10 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടന്നത്. കേരളം, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസേനയുടെ അകമ്ബടിയോടെ എത്തിയ സംഘമാണ് പരിശോധന നടത്തിയത്.

പി.എഫ്.ഐയുടെ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന കമ്മിറ്റി ഓഫിസുകളും പരിശോധിച്ചു. കഴിഞ്ഞ ദിവസം തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 38 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ നാല് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു.

കേരളത്തില്‍ കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധ ഓഫസുകളില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും എന്‍.ഐ.എ പിടിച്ചെടുത്തു. ഇവ പരിശോധനയ്ക്ക് കൊണ്ടുപോയി.

സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍ (കരുനാഗപള്ളി), ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ധീന്‍ എളമരം, ചെയര്‍മാന്‍ ഒ.എം.എ സലാം (മഞ്ചേരി), മുന്‍ നാഷണല്‍ കൗണ്‍സില്‍ അംഗം കരമന അശ്റഫ് മൗലവി, മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ (കരുവന്‍പൊയില്‍), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ്‌ ബഷീര്‍ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു.

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും കോയമ്ബത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ ഇടങ്ങളിലെ ഓഫീസുകളിലും പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ്. റെയ്ഡിനെതിരെ പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഭാരവാഹികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍‌ എന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താർ പറഞ്ഞു. റെയ്ഡ് ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഏജന്‍സികളെ ഉപയോഗിച്ച്‌ എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

Source URL: https://padayali.com/%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3/