പെരിയ ഇരട്ടക്കൊല: സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊല: സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അറസ്റ്റില്‍
February 19 20:54 2019 Print This Article

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനെ പൊലിസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പാര്‍ട്ടി ഗ്രാമത്തിലെ മറ്റു ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ ഉള്ള മറ്റു ആറ് പേരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. പീതാംബരനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ജില്ലാ പൊലിസ് മേധാവി ഡോ.എ.ശ്രീനിവാസ് വ്യക്തമാക്കി.

ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വെളുത്തോളി പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ കീഴടങ്ങാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേരും പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലിസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുക്കാന്‍ ഒരുങ്ങിയതോടെ സി.പി.എം പ്രവര്‍ത്തകര്‍ ചെറുത്തതായി സൂചനയുണ്ട്.

പീതാംബരന് പുറമെ സി.പി.എം പ്രവര്‍ത്തകരായ വത്സരാജ്, മുരളി, ഹരി, സജി പ്രതികള്‍ സഞ്ചരിച്ചതെന്നു അന്വേഷണ സംഘം കണ്ടെത്തിയ സൈലോ കാറിന്റെ ഉടമ എച്ചിലോട്ട് സ്വദേശി സജി ജോര്‍ജ്ജ് എന്നയാളും പൊലിസ് കസ്റ്റഡിയില്‍ ഉണ്ട്.

കെ.എല്‍. 14 ജെ.5683 സൈലോ വാഹനം കഴിഞ്ഞ ദിവസം രാത്രി പാര്‍ട്ടി ഗ്രാമമായ വെളുത്തോളിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ ദുരൂഹ സാഹചര്യത്തില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൊലിസ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയെങ്കിലും ഒരുസംഘം ആളുകള്‍ പൊലിസ് നീക്കം തടഞ്ഞു.

തുടര്‍ന്ന് കൂടുതല്‍ പൊലിസ് എത്തി വാഹനത്തിനു കാവല്‍ ഏര്‍പ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാനാണ് പൊലിസ് കാറിനു കാവല്‍ ഏര്‍പ്പെടുത്തിയത്. ജില്ലയെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം രാവും പകലും ഉറക്കമൊഴിഞ്ഞു നാല് ഭാഗത്തും ഓടുകയായിരുന്നു.

ഇപ്പോള്‍ പൊലിസ് കസ്റ്റഡിയില്‍ ഉള്ളവര്‍ പെരിയ കല്ല്യോട്ട് ഭാഗത്തുള്ളവരാണ്. ഇവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരുകയാണ്.

വെളുത്തോളിയില്‍ ഒരു വെളുത്ത കാറില്‍ ഒരു സംഘം സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയത്.

രാവിലെ കാസര്‍കോട് കോടതിയില്‍ ഹാജരാകാനുള്ള നീക്കമായിരുന്നു സി.പി.എം നടത്തിയതെന്നാണ് സൂചന. കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ നേരത്തെ നവമാധ്യമങ്ങളില്‍ സന്ദേശം പ്രചരിപ്പിച്ച ഒരു കോളജ് വിദ്യാര്‍ഥിയും മറ്റൊരു സി.പി.എം പ്രവര്‍ത്തകനും പൊലിസ് നിരീക്ഷണത്തിലുണ്ട്. ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധനില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ളവരെ അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തു വരുകയാണ്. അതിനിടെ കല്ല്യോട്ടെ ഒട്ടനവധി സി.പി.എം പ്രാദേശിക നേതാക്കള്‍ ഒളിവിലാണ്. കൊല്ലപ്പെട്ട ശരത്തിനെയും കൃപേഷിനെയും ഒരാള്‍ കൊലയാളി സംഘത്തിന് കാണിച്ചു കൊടുത്തുവെന്ന നിര്‍ണായകമായ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ളതെന്ന് സംശയിക്കുന്ന ജീപ്പുകള്‍ കൊലപാതകം നടന്ന കല്ല്യോട്ട് എത്തിയിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ സംഘം സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം അടക്കമുള്ള പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതും പിന്നീട് ലോക്കല്‍ കമ്മിറ്റിയംഗം അറസ്റ്റിലായതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകര്‍ കൊലപാതക കേസില്‍ പ്രതികളായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ എം.പിയും, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും അറിയിച്ചു.

അതേ സമയം കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. അറസ്റ്റു രേഖപ്പെടുത്തുന്നതിന് അല്‍പ നേരം മുമ്ബായാണ് പീതാംബരനെ പുറത്താക്കിയതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്.

അതിനിടെ പീതാംബരന്‍ നടപ്പാക്കിയ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദമാണ് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉന്നയിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.