പെന്തക്കോസ്തിലെ മുറിവുകള്‍

പെന്തക്കോസ്തിലെ മുറിവുകള്‍
January 08 22:31 2018 Print This Article

ആദ്യനൂറ്റാണ്ടിലെ അഭിഷേകത്തിന്റെ പിന്തുടർച്ചക്കാർ എന്ന് അഭിമാനിച്ച പെന്തക്കോസ്തു സമൂഹം ഇന്ന് പരിശുദ്ധാത്മ നിയന്ത്രണത്താല്‍ നയിക്കപ്പെടുന്ന ഒരു ആത്മീയ നടത്തിപ്പിൽ നിന്നും മാറി. കേവലം ഒരു സംഘടനയുടെ മറവിൽ പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾക്ക് മുറിവ് സൃഷ്ടിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ പലതാണ്.

ഈ മുറിവ് ക്രിസ്തുവിന്റെ ശരീരത്തെ വീണ്ടും വലിച്ചു കീറുന്നതിനു സമമല്ലേ?. യേശുക്രിസ്തുവിന്റെ രക്തം കൊണ്ട് വീണ്ടെടുക്കപെട്ടു എന്ന് അഭിമാനിച്ചവരുടെ പിൻഗാമികൾ ഇപ്പോൾ വീണ്ടെടുക്കപ്പെടുന്നത് അധികാരവും പണവും കൊണ്ടാണോ എന്ന് പോലും സംശയിക്കേണ്ടിയ സാഹചര്യത്തിൽ എത്തി നില്കുന്നു. കഴിഞ്ഞ കാലങ്ങളിൽ രക്ഷിക്കപ്പെടാത്തവർ സഭയിൽ അംഗം ആയിരുന്നില്ല, എന്നാൽ ഇന്ന് കാലം   മാറി, പണവും പത്രാസും കൊണ്ട് സഭയിൽ അംഗത്വം ഉണ്ടെങ്കിലും രക്ഷയും വേർപാടും ഇല്ല. അതുപോലെ പലയിടങ്ങളിളിലും വിശുദ്ധിക്കോ, ധാർമ്മികതക്കോ യാതൊരു മൂല്യവും ഇല്ല.

പെന്തക്കോസ്തിന്റെ ധാര്‍മ്മിക കരുത്ത് ചോര്‍ന്നു പോയി എന്ന് ജാതികൾപോലും പറഞ്ഞു തുടങ്ങിയതിൽ അത്ഭുതപ്പെടാനില്ല. കർത്താവിനെ ലോകം അംഗീകരിച്ചില്ല, എന്നാൽ ഇന്ന് പെന്തക്കോസ്തിനെ ലോകം അംഗീകരിച്ചത് എന്തുകൊണ്ട് ? കർത്താവിൽ നിന്നും ദൂരെയാണ് വേര്‍പെട്ട സമൂഹം എന്ന് അപമാനിച്ചവർ, വിശുദ്ധിക്കും വേര്‍പാടിനും വേണ്ടി നില കൊള്ളുന്നവര്‍ എന്ന് പറയുന്നവർ പ്രാര്‍ത്ഥനയും, സ്നേഹവും, ഐക്യതയും കൈമുതലാക്കിയവര്‍ ഇങ്ങനെ എടുത്തുപറയാവുന്നനിരവധി പ്രത്യേകതകള്‍ പെന്തെക്കോസ്തിനുണ്ടായിരുന്നു. എന്തു പ്രശ്നങ്ങൾ വന്നാലും മുഴങ്കാലിൽ ഇരുന്നു കണ്ണീർവാർത്താൽ പരിഹാരം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഒരേ അപ്പത്തിന്റെ അംശികൾ എന്ന് പറയുന്നവർ തമ്മിലടിയും കോടതിൽ കേസുമാണ്. ഒരുകാലത്തു പെന്തക്കൊസ്തുകാർക്കു ഇവ അന്യമായിരുന്നു. എന്നാല്‍ സഭാ വഴക്കില്‍ കള്ളക്കേസ് കൊടുക്കുന്നതും, കോടതിയെ സഭാതലത്തിലേക്കു വിളിച്ചു വരുത്തിയതുമൊക്കെ   നാടകീയ രംഗങ്ങൾ മാത്രമായിരുന്നില്ല. ഇതൊക്കെ അവരുടെ സ്വഭാവങ്ങളിൽ അലിഞ്ഞു ചേർന്നവ തന്നെയല്ലേ ? പൊതുസമൂഹത്തില്‍ പെന്തക്കോസ്തിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ   ഇല്ലാതാക്കി. ഇവരും ഞങ്ങളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലന്നത് ഇതര   സഭാസംഘടനകൾ ഒക്കെ തിരിച്ചറിഞ്ഞു.

പെന്തക്കോസ്തിന്റെ മൂല്യം ചോർന്നു തുടങ്ങിയപ്പോൾ വിശ്വാസികളും സഭാനേതൃത്വവും അങ്കത്തട്ടുകളിൽ ആയതു സ്വാഭാവികം മാത്രം. പലരും സഭക്കുള്ളിലും നേതൃത്വത്തിലും പാനപത്രവാഹികൾ ആയതും മുന്നണി പോരാളികളായും കടന്നുകൂടി. ഇവരിൽ പൂരിഭാഗവും ദൈവവിളി ഉള്ളവരോ, ദര്‍ശനമുള്ളവരോ ആയിരുന്നില്ല. ഭൂരിപക്ഷത്തിനും ധാര്‍മ്മിക നിലവാരമോ, ആത്മീയ ഔന്നത്യമോ തെല്ലും ഓർക്കാതെ സഭാ നേതാക്കള്‍ ഇവരെ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. പല സ്വരച്ചേർച്ചകളും ക്രമീകരണം പ്രാപിച്ചു വന്നപ്പോഴേക്കും സകലതും കൈവിട്ടുപോയതായി കണ്ടു. പലരും അധികാരത്തിന്റെ നടപ്പാതകളിൽ തങ്ങളുടെ കസേര വലിച്ചിട്ട് ഇരുന്നു കഴിഞ്ഞിരുന്നു. ഇത്തരക്കാരുടെ തന്നിഷ്ടങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും തെറ്റുകള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യേണ്ടുന്ന ഗതികേട് പ്രമുഖ നേതാക്കള്‍ക്ക് ഉണ്ടായി. ഇവരില്‍ പലരും സഭയ്ക്ക് പിന്നീട് വലിയ ബാധ്യതയായി മാറുകയും മറ്റൊരു മുറിവായി തീരുകയും ചെയ്തു. സഭയുടെ പൊതു താത്പര്യങ്ങള്‍ അവഗണിക്കപ്പെട്ടു.

ഒരുകാലത്തു പെന്തക്കോസത് സമൂഹത്തിനു മറ്റു സമുദായ സഭകളില്‍ നിന്നും ശക്തമായ എതിര്‍പ്പും പീഡനങ്ങളും നേരിടേണ്ടിവന്നു. എന്നാല്‍ അത്തരം എതിര്‍പ്പുകളെയെല്ലാം അതിജീവിച്ച് ശക്തമായ വളര്‍ച്ച നേടുവാന്‍ സഭക്ക് കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് സത്യമാണ്. പാതാള ഗോപുരങ്ങൾക്കു സഭയെ തകർക്കാൻ കഴിയില്ല എന്നതുപോലെ തന്നെ പുറത്തുനിന്നുള്ള അക്രമങ്ങള്‍ക്കോ എതിര്‍പ്പുകള്‍ക്കോ ദൈവസഭയെ തകര്‍ക്കുവാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ സാത്താന്‍ സഭയെ അകത്തു നിന്ന് തകര്‍ക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു, അതിൽ ഈ ശിഷ്യർ വീണു. പകരം അധികാരത്തിന്റെയും സമ്പത്തിന്റെയും പേരിൽ നേതൃത്വം മുതൽ വിശ്വാസികൾവരെ   മത്സരം ആരംഭിച്ചത് കണ്ടില്ല എന്ന് പറയാൻ കഴിയില്ല. സഭയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയിൽ ശത്രു പല കെണികളും, സമ്മാനങ്ങളും, ഉപാധികളും വെച്ച് നീട്ടി അതിൽ മയങ്ങി പലരും കൂപ്പുകുത്തി.

സഭയിലെ ഭിന്നിപ്പുകളും ചേരി തിരിവും ആയിരുന്നു മറ്റൊരു കാരണം. പക്ഷംപിടിക്കാനും അന്യദൈവങ്ങളെ ആരാധിക്കുന്നതും, ദുരുപദേശങ്ങളും സഭക്കുളിലേക്ക് വലിച്ചിഴച്ചു. ആദിമ സഭകളിൽ ഉപയോഗിക്കാൻ ശ്രമിച്ച ഈ തന്ത്രം സാത്താന്‍ ഉപയോഗിച്ചുതുടങ്ങിയതു പെന്തക്കോസ്തുകാർ കാണാതെ പോയി.പൊങ്ങച്ച സംസ്കാരവും, സമ്പന്നതയും കണ്ടു പെന്തക്കൊസ്തുകാർ ദൈവത്തെ മറന്നു തുടങ്ങി. ക്ഷണികമായ ഈ ലോകജീവിതം രസിച്ചും മതിമറന്നും ആവോളം ആസ്വാദ്യകരമാക്കുന്ന ശീലത്തിലേക്കു അവർ മാറിയത് അവർ തന്നെ അറിഞ്ഞില്ല. വിലക്കപ്പെട്ടതു മുഴുവൻ പറിച്ചുതിന്നുന്ന നൂതന ആത്മീകത സഭക്കുള്ളിൽ കടന്നു പിന്നീട് സംഭവിക്കുന്ന ആത്മമരണത്തെ കുറിച്ചുള്ള ഭയം പിശാച് ജനഹൃദയങ്ങളിൽ നിന്നും എടുത്തുകളഞ്ഞിരിക്കുന്നു എന്നതാണ്!!

ഈ മുറിവുകൾ ദൈവത്തെ ഭയപ്പെടുന്ന ആർക്കും തങ്ങാൻ കഴിയില്ല എന്നതാണ് സത്യം. ദൈവഭയം നഷ്ട്ടപ്പെട്ട ദുരാത്മബാധിതരായ ചിലർ സഭയുടെ അമരത്തു വന്നത് ഇതിനു ആക്കം കൂട്ടി എന്ന് പറയാതെ നിർവാഹം ഇല്ല. ഇത്തരം നേതാക്കന്മാർക്ക് അവരുടെ നഷ്ടപെട്ട കൃപ അവർക്കു തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല. യഹൂദാ പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ത്തപ്പെട്ട പൗലോസ് സുവിശേഷം നിമിത്തം എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.

“ഞാന്‍ എല്ലാവരിലും സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടേയും ദാസനായി തീര്‍ന്നിരിക്കുന്നു. നിയമത്തന് പുറമെ ഉള്ളവരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്ക് നിയമമില്ലാത്തവനായിരുന്നില്ല. പ്രസ്തുത ക്രിസ്തുവിന്റെ നിയമത്തിന് അധീനനായിരുന്നു.” (1.കൊരി.9:14-21).

എന്നാൽ ഇവിടെ സംഭവിച്ചത് ക്രിസ്തുവിന്റെ പേരിൽ അധർമ്മവും അനീതിയും  പ്രവർത്തിക്കുന്ന  കൂട്ടുകാരായവരെ കൂടെ നിർത്തി വിശുദ്ധപാപികൾ ആയി  ദൈവം നല്‍കിയ നിയമത്തെ കാറ്റില്‍ പറത്തി മറ്റുള്ളവരുടെ പാപപ്രവര്‍ത്തികളില്‍ കൂട്ടാളിയാകുന്നതല്ല, ക്രിസ്തുവിന്റെ നിയമത്തിനകത്ത് നിന്നുകൊണ്ട് എല്ലാമായി തീരുവാന്‍ കഴിയുന്നവർക്ക് മാത്രമേ ഏതു കാലഘട്ടത്തിലും ക്രിസ്തുശിഷ്യർ ആകുവാന്‍ കഴിയൂ. ആദ്യനൂറ്റാണ്ടിലെ അഭിഷേകത്തിന്റെ പിൻ തലമുറക്കാർ ഇനിയും അത് തിരിച്ചറിയാൻ വൈകിയാൽ   ഒരു മാനവികത കെട്ടിയുയർത്തിയ വിശ്വാസ സങ്കല്പങ്ങൾ തന്നെ നാമാവശേഷമാകും എന്ന ഭയം പിതാക്കന്മാരിൽ ചിലർക്ക് എങ്കിലും ഉണ്ട്.

എന്നാൽ ഇന്ന് പെന്തക്കൊസ്തു സമൂഹം മൂല്യച്യുതി സ്വയം ഏറ്റെടുത്തു, അധർമ്മവും, അനുസരണക്കേടും കാട്ടി   ദുരുപദേശ കൂട്ടുകെട്ടുകൾക്കു ഇടം കൊടുത്തു ക്രിസ്തുവിനെ മുറിപ്പെടുത്തുന്ന സഭയുടെ താത്കാലിക സന്തോഷം സഹിക്കാൻ കഴിയുന്നതിലും അധികമാണ്. കൾട്ടുകളെയും മർമ്മാണികളെയും സഭയിൽ കയറ്റി. പാപത്തിൽ നിന്നും വിമുക്തരായ പെന്തക്കൊസ്തുകാർക്കു ഇപ്പോൾ പിതാക്കന്മാരുടെ ശാപവും, പാപവും ഉണ്ടെന്നുപറഞ്ഞു ക്രിസ്തുവിലൂടെയുള്ള രക്ഷയെക്കുറിച്ചും പലതരം മുറിവുണ്ടാക്കി കഴിഞ്ഞു.
ഇപ്പോൾ ഇവർ വിശ്വാസികൾക്കിടയിൽ ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ പരിശുധാത്മാവ് തന്നെ പരിഹാരം വരുത്തും.

തന്റെ ജനത്തെ മടക്കി വരുത്താൻ പരിശുദ്ധാത്മാവിനു കഴിയും. എന്നാൽ
സാധുക്കളായ വിശ്വാസ സമൂഹം യേശുക്രിസ്തുവിലൂടെ നേടിയ പാപമോചനത്തെയും ശാപമുക്തിയെയും വരെ ചോദ്യം ചെയ്തു കൾട്ടുകാർ സഭക്കുള്ളിൽ കടന്നുകൂടിയപ്പോൾ തിരുവചനം പഠിച്ച നേതൃത്വം മൗനം പാലിക്കുന്നതും, അവരെ ഊട്ടി പോറ്റുന്നതും ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നു. സഭക്ക് ഏൽപ്പിച്ച മുറിവിനു ഉത്തരവാദികൾ സഭാനേതൃതവും കൂട്ട് കക്ഷികളും മാത്രമല്ല ഇവരെ പ്രോത്സാഹിപ്പിക്കുന്ന വിശ്വാസികളും കൂടിയാണ്.

സഭയുടെ മുറിവുകൾ ഉണക്കുക എന്നത് വിശ്വാസിയുടെകൂടെ കടമയാണ്.
ദുരുപദേശത്തെയും കൾട്ടുകളെയുംഅകറ്റി നിർത്തി ചതിയിൽ വീഴാതിരിക്കുക. അധികാര വടം വലിക്കും വഞ്ചനകൾക്കും കൂട്ട് നിൽക്കാതെ വചനം അനുസരിക്കുന്ന വിശ്വാസികൾ ഉണ്ടാവട്ടെ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.