പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ ലോകം വരവേല്‍ക്കുകയാണ്. അതോടൊപ്പം സംഭവബഹുലമായ ഒരു വര്‍ഷം കൂടി പിന്നിട്ടു

by Vadakkan | 2 January 2018 12:33 AM

സന്തോഷങ്ങളും ദുഃഖങ്ങളും പ്രതീക്ഷയും നൈരാശ്യവുമൊക്കെ കലര്‍ന്നതാണ് ഓരോ വര്‍ഷവും എന്നതില്‍ രണ്ടഭിപ്രായമില്ല. എല്ലാ ദിവസവും വിജയവും സന്തോഷവും നിറഞ്ഞതായിരിക്കണമെന്ന് ആര്‍ക്കും പ്രതീക്ഷിക്കാനാവില്ല. ഇന്നലെ എന്നത് കഴിഞ്ഞുപോയ ഒരു കടങ്കഥ പോലെയാണ്. അത് കൊഴിഞ്ഞുവീണ് മണ്ണടിഞ്ഞു കഴിഞ്ഞു. ഇനി അതില്‍നിന്ന് കിട്ടാനുള്ളത് ആ ഭൂതകാല സാഹചര്യങ്ങളില്‍നിന്നുള്ള അനുഭവങ്ങള്‍ മാത്രമാണ് എന്ന യാഥാര്‍ഥ്യം നാം മറന്നു പോകരുത്.

ഋതുഭേദങ്ങളുടെ കൈവഴിയില്‍ ആര്‍ദ്ര സുഗന്ധവും പേറി അലിഞ്ഞു ചേരുന്ന 2017 തന്റെ തന്നെ ആത്മാവിന്റെ ചിതയില്‍ എരിഞ്ഞടങ്ങുമ്പോള്‍ അതിന്റെ രൂക്ഷ ഗന്ധം അലോസരമായി തോന്നിയേക്കാം. എന്നിരുന്നാലും കാപട്യത്തിന്റെ മൂടുപടങ്ങളെ ദൂരെക്കെറിഞ്ഞു, തുറന്ന മനസ്സിന്റെ നഗ്‌നതയിലേക്ക് ഊളിയിട്ടു. അവിടെയാണ് പടയാളിയുടെയും പിന്നിട്ട വഴികള്‍.
ജീവിതത്തിന്റെ ഒഴുക്കില്‍ അര്‍ത്തലച്ച തിരയോടൊപ്പം പോകാതിരിക്കാന്‍ ബദ്ധപ്പെടുമ്പോള്‍ അവിടവിടങ്ങളില്‍ പോറലുകളും മുറിവുകളും ഉണ്ടായി എന്നത് ഞങ്ങള്‍ വിസ്മരിക്കുന്നില്ല. പോയൊരാണ്ടിന്റെ ബാക്കിപത്രത്തില്‍ കുറെ വേര്‍പാടുകളും… അതിന്റെ വേദനകളും…. ഇടുങ്ങിയ മനസ്സ് വിതച്ച ചിന്തകളും…. അതേപറ്റിയുള്ള ആകുലതകളും…
എല്ലാം അകറ്റാന്‍ നല്ലതായൊന്നുമില്ലെങ്കിലും, പ്രതീക്ഷ അറ്റുപോകയില്ല

എന്താണ് പെന്തെകൊസ്തു സമൂഹത്തില്‍ സംഭവിച്ചത് ജനങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യ ഭരണം നടത്തിയിരുന്ന ഒരു കാലഘട്ടം ഉല്പത്തി മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ കാലങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ ജനങ്ങള്‍ ചിന്തിക്കുന്നവരായി തീര്‍ന്നു. ചെറുത്തുനില്‍പ്പിലൂടെ ഏകാധിപത്യ ഭരണത്തെ പരാജയപ്പെടുത്തി; ജനാധിപത്യ ഭരണം നിലവില്‍വന്നു. കറപുരളാത്ത ഭരണകര്‍ത്താക്കള്‍ ചരിത്രത്തിന്റെ ഭാഗമാണ്. എക്കാലവും അത് ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും മായപെടുന്നില്ല. എന്നാല്‍ ക്രൈസ്തവലോകത്തു സംഭവിച്ചത് മറ്റൊന്നാണ്. അടിച്ചമര്‍ത്തപ്പെട്ടതു ക്രിസ്തുവിലെ സ്വാതന്ത്രമാണ് ഒരു വര്‍ഷം മുഴുവന്‍ കണ്ടത്.

മറ്റൊരു പ്രധാന മൂല്യച്യുതി സൈബര്‍ലോകത്തിനാണ്. മനുഷ്യമനസാക്ഷിയെ പിടിച്ചുലച്ച പലസംഭവങ്ങളും സൈബര്‍ ലോകത്തിന്റെ സംഭാവനകളയിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പണ്ഡിതന്‍ മുതല്‍ പാമരന്‍ വരെ ഒരേ പോലെ. ഏവര്‍ക്കും ഇടനില നിന്നതും സൈബര്‍ ലോകം തന്നെ. ജാതിയുടെയും മതത്തിന്റെയും വിഷം കുത്തിനിറച്ചതും പടര്‍ത്തിയതും സാമൂഹിക മാധ്യമങ്ങള്‍ തന്നെ. എത്രയോ പേരുടെ ജീവനൊടുക്കാനും ജീവന്‍ രക്ഷിക്കാനും ഈ സൈബര്‍ ലോകം കാരണമായി. എത്രയോ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഈ മാധ്യമം തന്നെന്നാലും അനേകരുടെ ആശ്വാസത്തിനും പ്രതീക്ഷയ്ക്കും ഇവിടെ ഇടം ലഭിച്ചു. അനേക സുപ്രധാന വിഷയങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ വിജയിച്ചു. സാമൂഹ്യ, ആരോഗ്യ, അധ്യാത്മീക വിഷയങ്ങളിലും സൈബര്‍ ലോകം തന്നെയാണ് ഇന്ന് മുന്നില്‍.

സംഘര്‍ഷങ്ങളുടെ കാര്‍മേഘങ്ങള്‍ പടര്‍ന്നതായിരുന്നു പോയ വര്‍ഷം ലോകത്തിനു പൊതുവേ. ഒരു രാഷ്ട്രത്തെ എടുത്താല്‍ രാജ്യം കാത്തുസൂക്ഷിക്കുന്ന മഹത്തായ സാംസ്‌കാരിക, രാഷ്ട്രീയ പൈതൃകങ്ങള്‍ കൈമോശം വരരുത് എന്നാണ്. സങ്കരഭാഷയില്‍ പറഞ്ഞാല്‍ എന്നാല്‍ ജനാധിപത്യം സ്വാതന്ത്ര്യം, മതേതരത്വം എന്നിവ അമൂല്യമാണ്. അവയില്‍ ഏതെങ്കിലും തകര്‍ന്നാല്‍ രാജ്യം തകരും. എന്നാല്‍ ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്ന രാജ്യം സമൂഹത്തന്റെ അടിത്തട്ടില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങളും കാണണം, പരിഹരിക്കണം. ഇന്നും രാജ്യത്തു കഠിനമായ ദാരിദ്ര്യം വേദനാജനകമായ യാഥാര്‍ഥ്യമാണ്. സമൂഹത്തില്‍ ഇവ പ്രതിഫലിക്കുന്നത്, മറ്റു ചില പേരുകളില്‍ ആണ് അതിന്റെ പ്രതിഫലനം എന്നനിലയില്‍ കയ്പു, പ്രതികാരം . തിരിച്ചടികള്‍, മാനസികസമ്മര്‍ദ്ദം, അമര്‍ഷം, നിരാശ, ദുരഭിമാനം, നിരന്തരോത്സാഹക്കുറവ്, രോഗബാധകള്‍, അമിതമായ ഉത്കണ്ഠ, അനിശ്ചിതത്വം, വെറുപ്പ് എന്ന് വേണ്ട എല്ലായിടത്തും ഈര്‍ഷ്യകള്‍.

ജാതിയുടെ നിറത്തിന്റെ പേരില്‍ ആരും മാറ്റിനിര്‍ത്തപ്പെടാതിരിക്കണം. മനുഷ്യര്‍ക്കെല്ലാവര്‍ക്കും ജീവിക്കാനുള്ള തുല്യ അവകാശമുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശം തുല്യ നീതി, തുല്യ അധികാരം എന്നിവ ഉണ്ടായിരിക്കണം അതും ഈ പുതുവര്‍ഷത്തില്‍ കാണുവാന്‍ ഇടയാകട്ടെ ..

നാം വലിയ കാര്യങ്ങളില്‍ ഇടപെടുന്നവരും ,ഉന്നതികളില്‍ എത്തിയവരുമാണ് അപ്പോള്‍ തന്നെ ഭൂമിയിലെ കാര്യങ്ങള്‍ മറന്നുകളയരുത്. എല്ലാ ജനവിഭാഗത്തെയും പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളാണു എപ്പോഴും പ്രാധാന്യം നല്‍കി കൈകാര്യം ചെയ്യേണ്ടത്. ഓഖി ദുരന്തത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ടു കാലാവസ്ഥാ മുന്നറിയിപ്പുകള്‍ യഥാസമയം ലഭ്യമാക്കാനും പ്രകൃതിക്ഷോഭങ്ങള്‍ക്കും കാലാവസ്ഥയുടെ പ്രതികൂല്യങ്ങള്‍ക്കുമെതിരേ കരുതല്‍ സ്വീകരിക്കാനും ദുരന്തനിവാരണരംഗത്തു കൂടുതല്‍ ശ്രദ്ധ ചെലുത്താനും ശ്രമിക്കണം.ഇതുപോലെ സാമൂഹ്യകികവും ,മാനസികവുമായ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും നന്മയുടെയും വെട്ടം സമൂഹത്തിലേക്കു കടന്നുവരട്ടെ. പടയാളിയുടെ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും ഐശ്വര്യദായകവും സമാധാനപൂര്‍ണവുമായ ഒരു വര്‍ഷം ഉണ്ടാകുവാന്‍ ഇടയാകട്ടെ

ലോകത്തിന്റെ നാനാഭാഗങ്ങളിള്‍ ഞങ്ങള്‍ക്കൊപ്പം തുണയായി നില്‍ക്കുന്ന നല്ലവരായ എല്ലാ പങ്കാളികളോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിപറയുന്നു. 2018ല്‍ ജന മനസ്സുകളിലേക്ക് പുതിയ കാഴ്ചപ്പടുകള്‍ ,ആശയങ്ങള്‍ ഇവയുമായി ഞങ്ങള്‍ എത്തും നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.

എല്ലാവര്‍ക്കും അനുഗ്രഹത്തിന്റെയും പ്രതീക്ഷയുടെയും ആശംസകള്‍…

Source URL: https://padayali.com/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80/