പിരിഞ്ഞുകിട്ടിയ 18 കോടിയുടെ മരുന്നിനായി കാത്തിരിക്കാതെ ഇമ്രാൻ യാത്രയായി

by Vadakkan | 21 July 2021 9:29 AM

പെരിന്തൽമണ്ണ (മലപ്പുറം) ∙ ആഴ്ചകൾകൊണ്ട് പിരിഞ്ഞുകിട്ടിയ 18 കോടിയുടെ ആ സഹായം സ്വീകരിക്കാനാകാതെ ഇമ്രാൻ യാത്രയായി.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണയിലെ ആറുമാസം പ്രായമായ ഇമ്രാൻ മുഹമ്മദ് ചൊവ്വാഴ്ച അർധരാത്രി മരിച്ചു.

നാലു മാസമായി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിലെ വെന്റിലേറ്ററിൽ ആയിരുന്ന ഇമ്രാനെ ജീവിതത്തിലേക്കു കൊണ്ടുവരാൻ 18 കോടി രൂപ ചെലവു വരുന്ന സോൾഗെൻ എസ്മയെന്ന മരുന്നു വേണമായിരുന്നു.

ഇമ്രാന്റെ ജീവൻ രക്ഷിക്കാനുള്ള യജ്ഞത്തിൽ ലോകം കൈകോർത്തപ്പോൾ പതിനാറര കോടി രൂപ ലഭിച്ചു. പ്രസവിച്ച് 17 ദിവസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ഇമ്രാന്റെ ചികിത്സ. ആരിഫിന്റെയും മറിയുമ്മയുടെയും മൂന്നാമത്തെ കുട്ടിയാണ് ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച് പ്രസവിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. ഇമ്രാനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പിതാവ് ആരിഫ്.

മരുന്നിനുള്ള ഭീമമായ തുക സ്വന്തം നിലയിൽ കണ്ടെത്താനാവാതെ വന്നപ്പോൾ സഹായം തേടി ഹൈക്കോടതിയിൽ  ഹർജി നൽകി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

Source URL: https://padayali.com/%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-18-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81/