പാപത്തെ ന്യായീകരിക്കുന്ന തലമുറ

പാപത്തെ ന്യായീകരിക്കുന്ന തലമുറ
February 21 10:14 2018 Print This Article

ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചു നടന്ന നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായത് ചെയ്തും കൊണ്ട് മറ്റുള്ളവരെ പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു ( എഫെ: 2 :2 ,3 ).

എന്നാൽ കൃപയാൽ നമ്മെ വിശ്വാസം മൂലം രക്ഷയിലേക്കു കൊണ്ട് വന്ന (എഫെ: 2 :8 ) ദൈവം നാം പാപത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല നമ്മുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കരുത് എന്നും തന്റെ ദാസനായ പൗലോസിലൂടെ നമ്മെ ഉറപ്പിക്കുന്നു (റോമ 6 :13 ). പാപത്തോടു പ്രാണത്യാഗത്തോളം പോരാടാനും (എബ്രാ 12 :4 ) യൗവന മോഹങ്ങളെ വിട്ടോടാനും (2 തിമോ 2 :22 ) തിരുവെഴുത്തു നമ്മെ പഠിപ്പിക്കുന്നു.

ദൈവത്തിൽ നിന്ന് ജനിച്ചവൻ പാപം ചെയ്യുന്നില്ല എന്നും അവനു പാപം ചെയ്യാൻ കഴിയില്ല എന്നും എന്നാൽ പാപം ചെയ്യുന്നവൻ ദൈവത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല എന്നും വിശുദ്ധ യോഹന്നാൻ പരിശുദ്ധാത്മാവിൽ നമ്മെ ഓർമപ്പെടുത്തുന്നു ( 1 യോഹ 3 :6 -10 ). അറിഞ്ഞു കൊണ്ട് പാപം ചെയ്യുന്നവന് അടി കൂടുതലാണെന്നും അതുപോലെ സ്വർഗീയ ദാനങ്ങൾ അനുഭവിച്ചവർ ദൈവത്തിൽ നിന്നും പിന്മാറി പോയാൽ അവർ കർത്താവിനെ വീണ്ടും ക്രൂശിക്കുന്നതിനോട് തുല്യമായി പരിശുദ്ധാത്മാവ് എബ്രായ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു ( എബ്രായ .6 :4 -6 ).
ഇതൊക്കെയാണ് സത്യമെങ്കിലും പാപ പ്രവർത്തികളെ ന്യായീകരിക്കുന്ന പുതിയ തലമുറയും അവക്ക് ആമേൻ പറയുന്ന ആത്മീക കണ്ണുകൾ അടഞ്ഞ എലിമാരും ഇന്നത്തെ തലമുറയിലെ ദൈവമക്കൾക്കു ഒരു വെല്ലു വിളിയായി മാറുകയാണ്.

വിവാഹ മോചനം നടത്തിയവരെ വിവാഹം കഴിക്കുന്നത് വ്യഭിചാരമായിരിക്കെ (ലൂക്കോസ് 16:18) അതൊക്കെ മറന്നു പുനർവിവാഹങ്ങൾ സർവസാധാരണയായി മാറുന്നു. അതിനു അനേകം ന്യായീകരണങ്ങൾ മനുഷ്യനുണ്ട്.. കാമുകീ കാമുക ബന്ധങ്ങൾ, പ്രണയങ്ങൾ, വിവാഹേതര വിവാഹപൂർവ ലൈംഗികത, അശ്ളീല വീഡിയോ, അശ്ളീല ചാറ്റുകൾ , അശ്ളീല ഫോൺ കാളുകൾ, ഇൻസെസ്റ്റ്, മദ്യപാനം, വെറിക്കൂത്തു തുടങ്ങിയവയെയൊക്കെയും ന്യായീകരിക്കുന്ന ഈ തലമുറയിൽ പലരും ജഡത്തിനും മനോ വികാരത്തിനും ഇഷ്ടമായത് ചെയ്യാൻ മാനുഷിക ന്യായീകരണങ്ങൾ കണ്ടെത്തുന്നവരാണ്.യിസ്രായേലിലെ ആദ്യ രാജാവായ ശൗൽ ദൈവത്തിന്റെ വാക്കുകൾ അതെപടി അനുസരിക്കാതെ ഉന്മൂലനം ദൈവം ചെയ്യാൻ കല്പിച്ചതിലെ മേത്തരമായതു തനിക്കായി കരുതുകയും പിന്നീട് ശാമുവേൽ പ്രവാചകൻ കാര്യം അന്വേഷിച്ചപ്പോൾ അത് ദൈവത്തിനു യാഗത്തിന് വേണ്ടിയാണെന്ന് ന്യായീകരിക്കുകയും ചെയ്ത ശൗലിനു വന്ന ഗതി പാപത്തെ ന്യായീകരിക്കുന്ന തലമുറയ്ക്ക് മുൻപിൽ ഒരു അടയാളമാണ്……

മദ്യപിക്കുന്നതിനു ന്യായീകരണം, ഈ ലോകത്തിനു അനുരൂപരായി മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വൃത്തികെട്ട രീതിയിൽ തലമുടി വെട്ടി, ആർഭാട ജീവിതം നയിച്ചു, ആരാധന യോഗത്തിനു പോകാതെ, ലോകത്തിന്റെ ഉന്മാദ നൃത്തങ്ങൾ ആത്മീക യോഗങ്ങളിൽ അവതരിപ്പിക്കുന്നവർക്കും പറയാനുണ്ട് ഒരുപാട് ന്യായീകരണങ്ങൾ. വിശുദ്ധി പ്രസംഗിക്കുന്നവരെ പഴയ തലമുറയിലെ പുരാവസ്തുക്കളായി കാണുന്ന പലർക്കും ആരാധനാ യോഗത്തിന്റെ സമയം കുറഞ്ഞു കിട്ടണം, പാസ്റ്റർ അവരുടെ തെറ്റുകളെ തിരുത്താൻ പാടില്ല ….. അങ്ങനെ ചെയ്‌താൽ എങ്ങനെയും പാസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കും …

എല്ലാ വിധ പാപങ്ങളിലും ന്യായീകരണം കണ്ടെത്തുന്ന ഒരു വലിയൊരു കൂട്ടം സോഷ്യൽ മീഡിയയും കീഴടക്കി കൊണ്ടിരിക്കുകയാണ്. ആവശ്യം വന്നാൽ തെറിയും അത്യാവശ്യത്തിനു വചനവും ഒരു പോലെ ഉപയോഗിക്കാൻ അറിയുന്ന അവരിൽ പലരും ദൈവത്തിനും ദൈവദാസന്മാർക്കും മാർഗ നിർദ്ദേശങ്ങൾ നൽകുന്നവരാണ്. പകയും വിദ്വേഷവും അലങ്കാരമായി കാണുന്ന പലരും അതിനും ന്യായീകരണം നൽകുന്നത് കാണുമ്പോൾ അവരുടെ ഉള്ളിൽ ദൈവമില്ലല്ലോ എന്നോർത്ത് വേദനിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനുമേ ഒരു ദൈവ ഭക്തന് കഴിയുകയുള്ളൂ…. കൃപയുടെ പേര് പറഞ്ഞു മാനുഷിക പരിമിതികളുടെ മറവിലും പാപങ്ങൾക്ക് ന്യായീകരണം കണ്ടെത്തുന്നവർ മനസ്സിലാക്കണം പാപത്തോടു ഒരു അനുരഞ്ജനവും ദൈവം നടത്തുന്നില്ല….. ദൈവഭയത്തോടെ അവന്റെ കൃപയിൽ ആശ്രയിച്ചു ജീവിച്ചില്ലേൽ ന്യായവിധിക്കായി ഒരു ദിനം അവന്റെ മുൻപിൽ നാം നിൽക്കേണ്ടി വരും..

അന്ന് നമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോ ? അധരങ്ങൾ ചലിക്കുമോ ? ഈ യാഥാർഥ്യങ്ങൾ ഇടക്കൊക്കെ ചിന്തിക്കുന്നത് നന്നായിരിക്കും. ന്യായീകരണങ്ങൾ വിലപ്പോകാത്ത ആ നാളിൽ തഴയപ്പെടാതെ നിത്യനിത്യമായി കർത്താവിനോടൊപ്പം വാഴാൻ നമുക്ക് ഒരുങ്ങാം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.