പരിശുദ്ധാത്മാവു വിഭജിക്കപ്പെടുന്നുവോ???

പരിശുദ്ധാത്മാവു വിഭജിക്കപ്പെടുന്നുവോ???
September 11 11:27 2020 Print This Article

ദൈവം പരിശുദ്ധാത്മാവിനെ ഓരോരുത്തർക്കായി “പകുത്തു” നൽകുന്നു എന്നൊരു ദുരുപദേശം ഇക്കഴിഞ്ഞ ഐപിസിയുടെ ജനറൽ കൺവൻഷനിൽ മുഴങ്ങികേട്ടു.

പാസ്റ്റർ ഷിബു നെടുവേലിയാണു ഈ ദുരുപദേശത്തിന്റെ സൂത്രധാരകൻ. സത്യത്തിൽ പരിശുദ്ധാത്മാവാകുന്ന ദൈവം വിഭജനത്തിനു വിധേയനാണോ? പരിശുദ്ധാത്മാവു ഒരു വ്യക്തിയാണെങ്കിൽ വ്യക്തിയെ എങ്ങനെ വിഭജിക്കുവാൻ കഴിയും?

സംഖ്യാപുസ്തകം 11:25-27 വരെയുള്ള വാക്യങ്ങളിൽ ആത്മാവു മോശെയുടെ’മേൽ’ വന്നതും, 70 മൂപ്പന്മാരുടെ’മേൽ’ വന്നതും, പിന്നീടു എൽദാദ്‌, മേദാദ്‌ എന്നീ പുരുഷന്മാരുടെ’മേൽ’ വന്നതും രേഖപ്പെടുത്തിയിരിക്കുന്നു. മേശെയുടെ(മേൽ) ആണു ആത്മാവു വന്നതു. അതേ ആത്മാവിനെയാണു ദൈവം 70 പേരുടെ(മേൽ) വരേണ്ടതിനു ‘പകുത്തു’ കൊടുത്തതു.

ആത്മാവു ‘ഉള്ളിൽ’ വരുന്നതും ‘മേൽ’ വരുന്നതും തമ്മിൽ വ്യത്യാസമുണ്ടു. പഴയ നിയമ കാലഘട്ടത്തിൽ പരിശുദ്ധാത്മാവു ആരുടെയും ‘ഉള്ളിൽ’ വന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രത്യേക ദൗത്യ നിർവ്വഹണങ്ങൾക്കായി ചില പ്രത്യേക വ്യക്തികളുടെ(മേൽ) ആത്മാവു വ്യാപരിച്ചിരുന്നു. എങ്കിലും അവരുടെ ‘ഉള്ളിൽ’ അതായതു അവരുടെ ആത്മാവിൽ ആവാസം ചെയ്യുവാൻ ആത്മാവു വന്നിരുന്നില്ല.

അതിനുള്ള കാരണം യോഹന്നാൻ 7:37-39 വരെയുള്ള വാക്യങ്ങളിൽ പറയുന്നുണ്ടു. “ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ “ഉള്ളിൽനിന്നു” തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു;

യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.” നോക്കുക, വിശ്വസിക്കുന്നവരുടെ ഉള്ളിൽ നിന്നു ജീവജലത്തിന്റെ നദികൾ ഒഴുകും. ഇവിടെ വിവക്ഷിക്കപ്പെടുന്ന “ജീവജലം” എന്നതു യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുവാനിരിക്കുന്ന “ആത്മാവിനെ”കുറിച്ചാണെന്നും യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ “ആത്മാവു” വന്നിട്ടില്ലായിരുന്നുയെന്നും തുടർന്നു പറയുന്നു.

ഈ പ്രവചന വാക്യത്തിന്റെ നിവർത്തീകരണമാണു യോഹന്നാൻ 20:22ൽ നടക്കുന്നതു. യേശു ഉയിർത്തെഴുന്നേറ്റ അന്നേ ദിവസം തന്നെ അതായതു അവൻ തേജസ്കരിക്കപ്പെട്ട അന്നുതന്നെ അവൻ ‘ജീവിപ്പിക്കുന്ന ആത്മാവായി’ ജീവജലമായി വാതിൽ അടച്ചിരിക്കെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി ‘അവരിലേക്കു’ ഊതി, പരിശുദ്ധാത്മാവിനെ കൈക്കൊൾക എന്നു പറഞ്ഞു. He breathed “into” them.

അവിടെ തോമസ്‌ ഒഴികെയുള്ള 10 ശിഷ്യന്മാരുടെ ‘ഉള്ളിലേക്കും’ ഒടുക്കത്തെ ആദാമായ ക്രിസ്തു, ആത്മാവായി അവരുടെ അത്മാവിലേക്കു ഉൾപ്രവേശിച്ചു. ഇതു ക്രിസ്തുവിന്റെ മരണ അടക്ക ഉയിർപ്പുപോലെ ചരിത്രത്തിൽ ആവർത്തിക്കപ്പെടാത്തതും ഒരിക്കലായി സംഭവിച്ചതുമായ സുപ്രധാന പ്രക്രിയ ആകുന്നു.

അതുകൊണ്ടുതന്നെ തോമസ്‌ പിന്നീടു വന്നു, കണ്ടു, തൊട്ടു, വിശ്വസിച്ചു എങ്കിലും കർത്താവു വീണ്ടും തോമസിന്റെ ഉള്ളിലും ആത്മാവു വരേണ്ടതിനു ‘ഊതൽ’ ആവർത്തിച്ചില്ല. എന്തെന്നാൽ കണ്ടു വിശ്വസിച്ചവർക്കും കാണാതെ വിശ്വസിക്കുവാൻ പോകുന്ന തലമുറകൾക്കും വേണ്ടി കർത്താവു ഒരിക്കലായി ഊതിയ കർമ്മം ആണു അവിടെ നടന്നതു.

വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനെ ആത്മാവായി ലഭിക്കുന്നു. ഇവിടെ ആത്മാവു വിഭജിക്കപ്പെടുകയല്ല ചെയ്യുന്നതു, പ്രത്യുത ഒടുക്കത്തെ ആദാമായ ക്രിസ്തു ആത്മാവായി ജീവജലമായി വിശ്വസിക്കുന്ന മാത്രയിൽ തന്നെ നമ്മുടെ ആത്മാവിൽ നിന്നു പൊങ്ങി വരുന്ന നീരുറവ ആയിത്തീരുന്നു. ഇങ്ങനെയുള്ള ആത്മാവിന്റെ ഉൾപ്രവേശം പഴയ നിയമ വിശുദ്ധന്മാർക്കു അപ്രാപ്യം ആയിരുന്നു.

എന്നാൽ അവരുടെ(മേൽ) ആത്മാവു സമയാസമയങ്ങളിൽ താത്ക്കാലികമായി വന്നു പോയിരുന്നു. എന്നിരിക്കിലും, ആത്മാവിനെ “പകുത്തുകൊടുത്തു” എന്ന പദപ്രയോഗം ബൈബിളിൽ കാണ്മാനില്ല. മൂലഭാഷയിൽ നിന്നുള്ള ശരിയായ വിവർത്തനം ശ്രദ്ധിച്ചാൽ വ്യത്യാസം മനസ്സിലാകും. നോക്കുക, “അവന്മേലുള്ള ആത്മാവിനെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു…” എന്നാകുന്നു മൂലഭാഷയിൽ പറഞ്ഞിരിക്കുന്നതു.

‘കുറെ എടുത്തു’യെന്നോ ‘പകുത്തു കൊടുത്തു’യെന്നോ അവിടെ പറയുന്നില്ല. പകുത്തു കൊടുത്തുയെന്നതു നെടുവേലി തനിക്കു തോന്നിയതുപോലെ ദൈവവചനത്തോടു കൂട്ടിചേർത്തതാകുന്നു.

സത്യത്തിൽ എന്താണു സംഭവിച്ചതു? മോശെയുടെ മേൽ ഉണ്ടായിരുന്ന അതേ ആത്മാവിനെ യഹോവയായ ദൈവം മൂപ്പന്മാരായ 70 പുരുഷന്മാരുടെമേലും നൽകിയെന്നു മാത്രമേ അവിടെ അർത്ഥമാകുന്നുള്ളൂ. ഇവിടെ ആത്മാവു വിഭജിക്കപ്പെടുന്നില്ല, പിന്നെയോ ഒരു പറ്റം മത്സരികളെ ഒറ്റക്കു തെളിക്കുവാൻ മോശെക്കു കഴിയാതെ വന്നപ്പോൾ ഉണ്ടായ അമിതമായ ഭാരമാണു 70 മൂപ്പന്മാരിലേക്കു വിഭജിക്കപ്പെട്ടതു.

നേരെമറിച്ചു ആത്മാവിന്റെ വിഭജനം അല്ല അവിടെ നടന്നതു, പ്രത്യുത ആത്മാവിന്റെ പ്രവർത്തനമാണു വിഭജിക്കപ്പെട്ടതു. മോശെയുടെ”മേൽ” ആത്മാവു വരുമ്പോൾ അവൻ ദൈവത്തിനു വേണ്ടി മനുഷ്യരോടു സംസാരിക്കുന്ന പ്രവാചകനായി മാറുന്നു. 70 പേരുടെ”മേലും” ആത്മാവു വന്നപ്പോൾ അവരും അതു തന്നെയാണു ചെയ്തതു. ആത്മാവിന്റെ പ്രവൃത്തികൾ ആണു വിഭജിക്കപ്പെടുന്നതു. “എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.” 1കൊരിന്ത്യർ 12:11.

ആത്മാവു വിഭജിക്കപ്പെടുന്നില്ല, വരങ്ങളാണു വിഭജിക്കപ്പെടുന്നതു. പെന്റിക്കോസ്റ്റലിസത്തിനു പറ്റിയ ഏറ്റവും വലിയ പാളിച്ചയാണിതു. അവർ ആത്മാവിനെ വിഭജിക്കുന്നു, ക്രിസ്തുവിനെയും വിഭജിക്കുന്നു. ആത്മാവു വിഭജിക്കപ്പെടുമെങ്കിൽ യൗക്തികമായി ക്രിസ്തുവും വിഭജിക്കപ്പെടണമല്ലോ. ഉൽപത്തി 1:2ൽ “ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ (മീതെ) പരിവർത്തിച്ചുകൊണ്ടിരുന്നു”, ഇതേ ആശയം തന്നെയാണു പഴയനിയമത്തിൽ ഉടനീളം കാണുന്നതു.

എന്നാൽ പുതിയ നിയമത്തിൽ അങ്ങനെയല്ല, യോഹന്നാൻ 14:16-17ൽ അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ “എന്നേക്കും” നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും എന്നു പറയുന്നു. പഴയനിയമ ആശയത്തിനു വിപരീതമായി ‘എന്നേക്കും’ എന്നുള്ള പദം ഇവിടെ ചേർത്തിരിക്കുന്നതു വളരെ നിർണ്ണായകമാണു.

ഈ വാഗ്ദത്തം യോഹന്നാൻ 7:39ൽ വീണ്ടും ഉറപ്പിക്കുന്നു. യോഹന്നാൻ 20:22ൽ ആയതു സാക്ഷത്കരിക്കുകയും ചെയ്യുന്നു. ഇതു ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ജീവന്റെ ആത്മാവു ആകുന്നു (റോമർ8:2). ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും വിശ്വസിക്കുന്ന നിമിഷത്തിൽ തന്നെ ജീവന്റെ ആത്മാവായി ക്രിസ്തുവിനെ ലഭിക്കുന്നു. ഇവിടെ ക്രിസ്തുവോ, ക്രിസ്തുവിന്റെ ആത്മാവോ, ജീവന്റെ ആത്മാവോ വിഭജിക്കപ്പെടുകയല്ല ചെയ്യുന്നതു.

പിന്നെയോ ക്രിസ്തു ഒരു വ്യക്തിയായി ആത്മാവായി ജീവനായി തന്നിൽ വിശ്വസിക്കുന്നവരുടെ ‘ഉള്ളിൽ’ അതായതു അവരുടെ ആത്മാവിൽ എന്നേക്കുമായി വസിക്കുകയാണു ചെയ്യുന്നതു. എന്നാൽ ലൂക്കോസ്‌ 24:49ൽ പറയുന്നതു പിതാവു വഗ്ദത്തം ചെയ്തതായ “ശക്തിയുടെ ആത്മാവു” ആകുന്നു. ‘ശക്തിയുടെ ആത്മാവു’ എന്ന പ്രയോഗം യോഹന്നാൻ 7:37-39 ൽ പറയുന്ന ‘ജീവജലം’ എന്ന പ്രയോഗത്തിൽ നിന്നും വ്യത്യസ്തമാണു.

യോഹന്നാൻ 24:49 നോക്കുക: “എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ”മേൽ” അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.” ഇതു യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിചെയ്തിട്ടുണ്ടു. ഇവിടെ ആത്മാവു അവരുടെ “മേൽ” ആണു വരുന്നതു. “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” (പ്രവൃത്തികൾ 1:4). “എന്നാൽ പരിശുദ്ധാത്മാവു ‘നിങ്ങളുടെമേൽ’ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു” (പ്രവൃത്തികൾ 1:8).

പരിശുദ്ധാത്മാവു ‘നമ്മുടെമേൽ’ വരുമ്പോൾ നമുക്കു ക്രിസ്തുവിന്റെ ‘സാക്ഷികൾ’ ആകുവാനുള്ള ശക്തിയാണു ലഭിക്കുന്നതു. ‘സാക്ഷികൾ ആകുക’ എന്നുവെച്ചാൽ സാക്ഷികളായി ജീവിക്കുക എന്നാണു അർത്ഥമാകുന്നതു. സാക്ഷികളായി ജീവിക്കുവാനുള്ള ശക്തി നമ്മുടെമേൽ പകരുന്നതു പരിശുദ്ധാത്മാവാണു. ഇവിടെയും പരിശുദ്ധാത്മാവു വിഭജിക്കപ്പെടുന്നില്ല. പ്രത്യുത ശക്തിയാണു പകരപ്പെടുന്നതു. നമ്മുടെ ബലഹീനതകളിൽ തികഞ്ഞു വരുന്ന ദൈവശക്തിയാണിതു.

എന്നാൽ ജീവന്റെ ആത്മാവു അത്യന്താപേക്ഷിതവും ശക്തിയുടെ ആത്മാവു ആവശ്യാനുസരണമായി ആപേക്ഷികവും ആകുന്നു. അതുകൊണ്ടു ദൈവത്തിനു രണ്ടു ആത്മാവുണ്ടെന്നു ആരും ധരിക്കരുതു. ഇതു രണ്ടും ഒന്നു തന്നെയാണു. യോഹന്നാൻ 20:22 ലും പ്രവർത്തികൾ 2:4ലും അതു ഒരിക്കലായി നിവർത്തിച്ചു കഴിഞ്ഞു.

– മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.