പണമില്ലാത്തവൻ പുഴുവല്ല

പണമില്ലാത്തവൻ പുഴുവല്ല
September 19 23:01 2022 Print This Article

തൃശ്ശൂർ ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് അടക്കമുള്ള ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

അന്തിമമായി സുപ്രിം കോടതിയും ശരിവെച്ചു… ജീവപര്യന്തം എന്ന പതിനാല് വർഷവും മറ്റ് കുറ്റങ്ങൾക്കായുള്ള ഇരുപത്തി നാല് വർഷവും ചേർത്ത് മുപ്പത്തി എട്ട് വർഷം നിഷാം ശിക്ഷ അനുഭവിക്കണം…

നിഷാം നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്കാര വിരുദ്ധമായ പ്രവൃത്തിയായിരുന്നുവെന്നും ഭ്രാന്തമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിനു നേരേ നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ, അപൂർവങ്ങളിൽ അപൂർവമെന്ന് വിലയിരുത്താനാകാത്തതിനാൽ നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളുകയും ചെയ്തു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും വിശദമായി വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് 160 പേജുള്ള വിധിന്യായത്തിലൂടെ നിഷാമിന്റെ ശിക്ഷ ശരിവെച്ചത്… ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമായിരുന്നു തൃശ്ശൂർ സെഷൻസ് കോടതി വിധിച്ചത്.

പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയും മെഡിക്കൽ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. കൊല്ലപ്പെട്ടയാളും പ്രതിയും തമ്മിലുള്ള സാമ്പത്തിക അന്തരം കുറ്റകൃത്യത്തിന്റെ തീവ്രത വർധിപ്പിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

പാർക്കിങ് ഏരിയയിൽ വാഹനത്തിൽനിന്ന് പുറത്തിറക്കി കിടത്തിയ ചന്ദ്രബോസിന്റെ തലയിൽ നിഷാം ചവിട്ടിയെന്നതിനും സാക്ഷിമൊഴിയുണ്ട്. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്ന് ഇതിലൂടെ വ്യക്തമാണ്. 2015 ജനുവരി 29-നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം…

വിദേശ നിർമിത വാഹനമായ ഹമ്മറിൽ എത്തിയ നിഷാമിനായി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിലാണ് ആക്രമണമുണ്ടായത്… വാഹനത്തിൽ നിന്നിറങ്ങി ചീത്ത വിളിച്ച നിഷാമിന്റെ നടപടി ചോദ്യം ചെയ്തതോടെയായിരുന്നു ചന്ദ്രബോസിന് നേരെ ആക്രമണം… അതോടെ ചന്ദ്രബോസ് സെക്യൂരിറ്റി കാബിനിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

അവിടെ കയറിയും ആക്രമിച്ചതോടെ രക്ഷപ്പെടാനായി ഓടി… ഹമ്മറിൽ പിന്നാലെയെത്തിയ നിഷാം ചന്ദ്രബോസിനെ ഇടിച്ചുവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ഹമ്മറിനുള്ളിലേക്കിട്ട് പാർക്കിങ് സ്ഥലത്ത് കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ മറ്റ് സെക്യൂരിറ്റി ജീവനക്കാരനും മർദ്ദനമേറ്റു.. പോലീസെത്തി ചന്ദ്രബോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു…. സെക്യൂരിറ്റി ജീവനക്കാർ അടങ്ങുന്ന എട്ട് പേരാണ് ദൃക്‌സാക്ഷികൾ…

പിന്നെ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യയും… കോടികളുടെ പ്രലോഭനം ഉണ്ടായിട്ടും ദൃക്‌സാഷികൾ സഹപ്രവർത്തകന് വേണ്ടി ഉറച്ചുനിന്നു… നിഷാം ശിക്ഷിക്കപ്പെട്ടു… അയ്യായിരത്തിൽ പരം കോടി രൂപയിലധികം ആസ്തിയുള്ള ബിസിനസ് സാമ്പ്രാജ്യത്തിന്റെ അധിപനാണ് മുഹമ്മദ് നിഷാം… എഴുപത് കോടി രൂപയോളം വിലവരുന്ന ആഡംബര കാറുകളുടെ ശേഖരം…

ഇരുന്നൂറ് കോടി രൂപയോളം വില വരുന്ന വീടുകൾ… തമിഴ്നാട്ടിൽ അത്യാഡംബര റിസോർട്ടുകളും ഫാമുകളും… സദാസമയവും ചുറ്റിനും സിനിമാ നടികൾ അടക്കമുള്ള സുന്ദരികൾ… രണ്ട് ലക്ഷത്തിൽ പരം രൂപയാണ് അയാൾ ഒരു ദിവസം ബാറിൽ ചിലവാക്കിയിരുന്നത്… അത്യാർഭാടത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ…

പണത്തിൽ അഹങ്കരിച്ച് നടന്നിരുന്ന മനുഷ്യൻ… സാധാരണക്കാരായ മനുഷ്യരെ പുച്ഛത്തോടെ കണ്ടിരുന്ന മനുഷ്യൻ… ആളുകളുമായി വഴക്കുണ്ടാക്കുകയും, മർദ്ധിക്കുകയും ചെയ്യുക…എന്നിട്ട് പണം കൊടുത്ത് സെറ്റിൽ ചെയ്യുക… ഇതായിരുന്നു അയാളുടെ ഹോബി… വനിതാ പോലീസിനെ ഇയാളുടെ ആഡംബര കാറിൽ പൂട്ടിയിട്ട കേസും ഇയാൾക്കെതിരെയുണ്ട്… പണത്തിന്റെ അഹങ്കാരത്തിൽ കണ്ണ് കാണാതെ ജീവിച്ച ഒരു മനുഷ്യൻ… ഹോട്ടലുകളിലും ബാറുകളിലും വെയിറ്ററുടെ മുഖത്തേക്ക് ഭക്ഷണം എടുത്ത് എറിയുന്നവൻ…

ഒരു മനുഷ്യനെ (നിന്നെപോലുള്ള പുഴുക്കളെ) വണ്ടികേറ്റി ചതച്ചരച്ചാലും എനിക്ക് ഒരു ചുക്കും സംഭവിക്കില്ല എന്ന് അട്ടഹസിച്ചവൻ… 2015 മുതൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്… നിലത്ത്… ഒരു പാ വിരിച്ച്… കൊതുകുകടി കൊണ്ട്, ഒരു പുഴുവിനെ പോലെ കിടക്കുന്നു… മുപ്പത്തെട്ട് വർഷം കിടക്കണം…

അതായത് ഈ ജീവിത കാലം മുഴുവൻ… അപ്പീൽ തള്ളിക്കൊണ്ട് നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് ഇവിടെ പ്രസക്തം… “പണമില്ലാത്തവൻ പുഴുവല്ല.”

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.