നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം

by Vadakkan | 23 February 2017 5:31 AM

തിരുവനന്തപുരം:  14 കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയായെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, പ്രതിഷേധവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്നെഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.എന്നാല്‍ സഭ തടസപ്പെടുത്തുന്ന നടപടികളൊന്നും ഇതുവരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
സമ്മേളനം 15 ദിവസമായിരിക്കും നീണ്ടുനില്‍ക്കുക.
വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച്‌ പൊതു അവധിയായതിനാല്‍ സഭയുണ്ടാവില്ല. 27, 28, മാര്‍ച്ച്‌ 1 ദിവസങ്ങളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും. മാര്‍ച്ച്‌ മൂന്നിന് 201718 വര്‍ഷത്തേക്കുള്ള ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും നിയമസഭയില്‍ അവതരിപ്പിക്കും.
ഒമ്ബതിന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയും 14ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 2017ലെ ധനകാര്യ ബില്ലിന്റെ അവതരണവും ഈ സമ്മേളനത്തിലുണ്ടാവും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച്‌ 16ന് 14 കേരള നിയമസഭയുടെ നാലാം സമ്മേളനം അവസാനിക്കും.

Source URL: https://padayali.com/%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8/