നൃത്തവും ആരാധനയും ഒരു അവലോകനം

by Vadakkan | 14 February 2018 11:24 AM

നൃത്തം ചെയ്‌യുന്നത്‌ പഴയ നിയമ ആരാധനയുടെ ഭാഗം ആയിരുന്നോ? ദൈവം അങ്ങനെ ന്യായ പ്രമാണ കാലഘട്ടത്തിൽ പറഞ്ഞിരുന്നോ ?

എന്തായിരിന്നു പഴയനിമ ആരാധനയും യാഗങ്ങളും എന്ന് വ്യക്തമായി വേദപുസ്തകം നിർദ്ദേശിച്ചിട്ടുള്ളതുകൊണ്ടുതന്നെ നൃത്തം എന്താണ് എന്നുകൂടി അറിയുന്നത് നല്ലതല്ലേ ? നൃത്തത്തെ പല അവസരങ്ങളിലും വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ദൈവജനത്തിന്റെ ആദ്യനൃത്തം കാണുന്നത് പുറപ്പാട് 15:20 ല്‍ ആണ്. അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യില്‍ തപ്പു എടുത്തു, സ്ത്രീകള്‍ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു’. ചെങ്കടല്‍ കടന്ന ഇസ്രയേല്‍ ജനം ഫറവോന്റെ അടിമത്വത്തില്‍ നിന്നുമുള്ള വിടുതല്‍ ലഭിച്ച സന്തോഷം യഹോവയ്ക്ക് മിര്യാമിന്റെ നേതൃത്വത്തില്‍ നൃത്തം ചെയ്ത് ആഘോഷിച്ചു. ഇവിടെ ആരാധനയുടെ ഭാഗമായിട്ട് ‘ നൃത്തം ‘ ചെയ്യണം എന്ന് ഒരു നിർദ്ദേശം ആരും കൊടുത്തതല്ല. എബ്രായ ലേഖനം ഒൻപതാം അദ്ധ്യായം ഒന്നാം വാക്യം വായിച്ചാൽ ആദ്യനിയമത്തിനും, ആരാധനക്കും ചട്ടങ്ങൾ ഉണ്ടായിരുന്നു. ആ ചട്ടങ്ങളിൽ ഇങ്ങനെ ഒരുകാര്യം ചെയ്യണം എന്ന് പറഞ്ഞിരുന്നില്ല. ലേവ്യ പുസ്തകത്തിലും പുറപ്പാട് പുസ്തകത്തിലും യാഗത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും വ്യക്തമാക്കുന്നു.

എന്നാൽ യെഹൂദന്മാരുടെ ഇടയിൽ സന്തോഷ വേളകളിൽ അവർ നൃത്തം ചെയ്യുമായിരുന്നു. വിവാഹ വേളകളിലും, സന്തോഷവേളകളിലും അവർ അത് ചെയ്തിരുന്നു. പ്രൊഫഷണൽ നൃത്തക്കാരും ഉണ്ടായിരുന്നു. അത് അവരുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. ചെങ്കടൽ കടന്നു അക്കരെയെത്തിയവർ അതിന്റെ സന്തോഷം കൊണ്ട് നൃത്തം ചെയ്തു. അത് ആത്മീകമാണെന്നോ, ആത്മീകവർദ്ധനവിനാണ് എന്നോ, ആരാധനയുടെ ഭാഗം ആയിരുന്നുവോ എന്ന് സ്വയം ശോധന നന്നാണ്.

നൃത്തത്തെ ബൈബിള്‍ ഒരു നല്ല അര്‍ത്ഥത്തില്‍ അവതരിപ്പിക്കുന്നില്ല. എന്നുവേണം മനസിലാക്കാൻ .മിര്യാമിന്‍ നൃത്തത്തിനു തൊട്ടുപിന്നാലെ ഇസ്രായേല്യര്‍ ഒരു പൊന്‍ കാളക്കുട്ടിയുടെ മുമ്പില്‍ നൃത്തം ചെയ്യുകയുണ്ടായി. ‘അവന്‍ പാളയത്തിന്നു സമീപിച്ചപ്പോള്‍ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു അവന്‍ പലകകളെ കയ്യില്‍നിന്നു എറിഞ്ഞു പര്‍വ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു’ (പുറ. 32:19). ഈ സന്ദര്‍ഭത്തില്‍ നൃത്തം ഒരു ദോഷ പ്രവര്‍ത്തിയും വിഗ്രഹാരാധനയുടെ ഭാഗമായിരുന്നു. അങ്ങനെ നൃത്തം നന്മയ്ക്കുവേണ്ടിയോ, ദോഷത്തിനോ വേണ്ടി ഉപയോഗിക്കാവുന്ന പദപ്രയോഗമാണ് എന്നാണ് കാണാൻ കഴിയുന്നത്. ബൈബിളില്‍ നൃത്തം ചെയ്യുന്ന ചില സന്ദര്‍ഭങ്ങള്‍ നോക്കാം.

ദാവീദിന്റെയും ജനത്തിന്റെയും ആദ്യത്തെ നൃത്തം ശാപത്തിനും മരണത്തിനും കാരണമായി. ( 2 ശമൂവേൽ 6:1- 10 ) ‘അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി. കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടുപോയി.അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോൾ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു. …. ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; …… അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു. ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു.’

അടുത്തത് : ‘ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. എന്നാല്‍ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില്‍ കടക്കുമ്പോള്‍ ശൗലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ്‌ രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചു’. 2 ശമൂവേല്‍ 6:16. ഇവിടെ ദാവീദ്’ യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്തതായി കാണാം.നൃത്തം ചെയ്തതുകൊണ്ട് പെട്ടകം നിന്നില്ലാലോ, മടങ്ങി വന്നതുകൊണ്ടുള്ള സന്തോഷം ആയിരിക്കാം ആ നൃത്തം അതിനെ ആരാധനയുടെ ഭാഗം ആയി കാണേണ്ടതുണ്ടോ ? സന്തോഷ വേളകളിൽ ദാവീദ് നൃത്തം ചെയാറുണ്ടല്ലോ അതുമാത്രമല്ല, ദാവീദ് മറ്റു പലകാര്യങ്ങളും ചെയ്തിരുന്നതായി കാണുന്നു അതൊക്കെ ആരാധനയുടെ ഭാഗമായി കാണാൻ പഠിപ്പിക്കുന്നില്ല.

നമ്മുക്കുണ്ടാകുന്ന സന്തോഷം അത് പ്രകടിപ്പിക്കാൻ ഉപയോഗിച്ച ഒരു മാധ്യമം അല്ലായിരുന്നോ ഡാൻസ്.  ലോകത്തിലെ ഒട്ടുമിക്ക ആളുകളൂം സന്തോഷം വരുമ്പോൾ ഡാൻസ് ചെയ്യും. കൈ കോട്ടും, ചിലർ മദ്യപിക്കും, ചിലർ പാർട്ടി നടത്തും, ചിലർ പടക്കം പൊട്ടിക്കും, അങ്ങനെ സന്തോഷം വരുമ്പോൾ എന്തെല്ലാം ചെയ്യുന്നു. അതൊക്കെ ആരാധനയുമായി ബന്ധപ്പെടുത്തി പറയുന്നതും, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ് എന്നു പറയുന്നതും ശരിയാണോ എന്ന് വായനക്കാർ ചിന്തിക്കുമല്ലോ ??

അമാലേക്യക്കാര്‍ നൃത്തം ചെയ്തു. യഹൂദയെയും ഫെലിസ്ത്യയെയും കൊള്ളയടിച്ചതിനുശേഷം അല്പനേരം നൃത്തം ചെയ്ത് ആഘോഷിച്ചു (1 ശമു .30: 16);, എന്നാല്‍ ദാവീദും അവന്റെ ആളുകളും അവരെ വേഗം തോല്‍പ്പിച്ചു കളഞ്ഞു (വാക്യം 17-20). ‘ഇതിൽ നിന്നും നൃത്തം ഒരിക്കലും ആത്മീക പരിവേഷത്തിന്റെ മാത്രം ചിത്രം നൽകുന്നില്ല എന്നുവേണം കരുതാൻ.

സങ്കീര്‍ത്തനം 30: 11-ൽ സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ പറയുന്നു: ‘നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു’ ‘അവര്‍ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ’ എന്ന് ദൈവത്തെ ആരാധിക്കാനായി നൃത്തം ചെയ്യാന്‍ സങ്കീര്‍ത്തനം 149:3 ഉത്ബോധിപ്പിക്കുന്നു. സമാനമായി, സങ്കീര്‍ത്തനം 150:4 ല്‍ മിര്യാമിനെപ്പോലെ ‘തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിന്‍’ എന്ന് കാണാം. ഇത് ദാവീദിന്റെ ആഹ്വാനം ആണ് എന്ന് കരുതി അത് ആരാധനയുടെ ചട്ടം ആണോ? പുതിയനിയമ വ്യവസ്ഥയിൽ അപ്പോസ്തോലന്മാരോ, യേശുവിന്റെ ശിഷ്യന്മാരോ ആരാധനയിൽ ഇത് വേണം എന്ന് പറയുന്നതായി കാണുന്നില്ല.

പുതിയ നിയമത്തിൽ യേശു പറയുന്നു: യോഹന്നാന്റെ സുവിശേഷം നാലാം അധ്യായത്തിൽ പറയുന്നതുപോലെ ‘നിങ്ങൾ സത്യത്തിലും ആത്മാവിലും ആരാധിക്കണം’ എന്നല്ലേ ? ആത്മാവിൽ പരിശുദ്ധാത്മ സഹായത്താൽ ആരാധിക്കുക. റോമാലേഖനം 12: 1-2 വാക്യങ്ങൾ പറയുന്നു. നമ്മെ സമ്പൂർണ്ണമായിസമർപ്പിക്കുന്നതും, സ്തുതിസ്തോത്രം അർപ്പിക്കുന്നതും, സുവിശേഷം അറിയിക്കുന്നതും ഒക്കെ ആരാധനയുടെ ഭാഗം അല്ലെ ? നാം ചെയ്യുന്നതും, കൂട്ടായ്മ ആചരിക്കുന്നതും ഒക്കെ ആരാധനയുടെ ഭാഗങ്ങൾ അല്ലെ ? അതുപോലെ എന്നാല്‍ നൃത്തം ഒരു സാംസകാരിക, അല്ലെങ്കിൽ സന്തോഷം പകടിപ്പിക്കുന്ന ഒരു കലാരൂപം അല്ല എന്ന് പറയാൻ കഴിയുമോ ?

പുതിയനിയമത്തിലെ ആരാധനാരീതിയായി നൃത്തത്തെ എങ്ങും പരാമര്‍ശിക്കാതിരിക്കുന്നതിനാല്‍ ദൈവമക്കൾ ഈ വിധത്തില്‍ ആരാധിക്കേണ്ടതില്ല എന്നത് ഏറെ സ്വീകാര്യം അല്ലെ ? ആദിമ ക്രിസ്ത്യാനികള്‍ യഹൂദരായിരുന്നു, ഉയിര്‍ത്തെഴുന്നേറ്റ മിശിഹായോടുള്ള സ്തുതികളില്‍ തങ്ങളുടേതായ സംസ്കാരം ആരാധനാരീതികളിൽ അവര്‍ ഉള്‍പ്പെടുത്തിയാതായി കാണുന്നുണ്ടോ ?. പുതിയനിയമത്തിൽ പരിശുദ്ധാത്മാവുവന്നപ്പോൾ നൃത്തം ചെയ്തിരുന്നില്ലല്ലോ, പിന്നെ പരിശുദ്ധാത്മാവ് വരുമ്പോൾ എന്തുചെയ്യണം എന്ന് എഫേസ്യ ലേഖനത്തിൽ പറയുന്നത് ‘ആത്മാവ് നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മീക ഗീതങ്ങളാലും ….’ എഫെസ്യർ 5: 18,19. ഇവിട ആത്മാവ് നിറഞ്ഞവരായി നൃത്തം ചെയ്യാൻ പറഞ്ഞിട്ടില്ല. മ

നുഷ്യർ തങ്ങളുടെ വൈകാരിക സന്തോഷത്തിന്റെ ഭാഗമായി ചാടുകയോ നൃത്തം ചെയ്യുന്നതോ ആരാധനയുടെ ഭാഗം ആക്കി മാറ്റാൻ എന്തിനു വ്യഗ്രത കാണിക്കണം. പാപ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നൃത്തം ചെയ്തിട്ടുണ്ടല്ലോ, ആരാധനയില്‍ നൃത്തം ചെയ്യുന്നെങ്കില്‍, ദൈവത്തെ ബഹുമാനിക്കാത്ത മറ്റ് സാഹചര്യങ്ങളില്‍ ചെയ്യുന്ന നൃത്തത്തെയും അംഗീകരിക്കുന്നതായി വരണമല്ലോ ? സംഗീതം, പെയിന്റിംഗ്, നാടകം അല്ലെങ്കില്‍ ചലച്ചിത്രനിര്‍മ്മാണം….etc, മുതലായ മറ്റേതൊരു കലാരൂപം പോലെ ക്രിസ്ത്യാനികള്‍ നൃത്തവും ഉപയോഗപ്പെടുത്തണമോ എന്നുള്ളത് വളരെ പഠനമാക്കേണ്ടിയ ഒരു വിഷയം ആണ്.

നൃത്തം ദൈവീകമോ പരിശുദ്ധാത്മാവിനാൽ വരുന്നതോ ആണെന്ന് പുതിയനിയമത്തിൽ എങ്ങും കാണുന്നില്ല. ഹെരോദാവിന്റെ മകളുടെ ലഹരി പിടിച്ച നൃത്തവും ആരാധനാ നൃത്തവും (മര്‍ക്കോ. 6:17-28) തമ്മില്‍ വ്യക്തമായ അന്തരമുണ്ടാകണം. അവസാനമായി, ആരാധനയുടെ പശ്ചാത്തലത്തില്‍ ആ നൃത്തം കേവലം ആത്മപ്രകാശനമല്ല എന്നു മനസ്സിലാക്കുക. മുഴുവന്‍ സഭയ്ക്കും സഹായകമായിത്തീരണം. സഭയില്‍ ‘സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.’ എന്ന് പൗലോസ് എഴുതുന്നു. (1കൊരി. 14:40). ‘സകലവും’ എന്നതില്‍ നൃത്തമുണ്ടോ ? എന്നാല്‍ ആരാധനാ മദ്ധ്യത്തില്‍ ക്രിസ്തുവിലുള്ള ശ്രദ്ധയില്‍നിന്നു വ്യതിചലിക്കുന്ന യാതൊന്നും ഉണ്ടാകരുത്. എല്ലാ വിശ്വാസ സമൂഹവും ദൈവത്തിനു ബഹുമതി കരേറ്റുന്ന രീതിയില്‍ അവരുടെ ആരാധനാരീതിയെ രൂപപ്പെടുത്തുന്നതിനുള്ള ചുമതല വഹിക്കുന്നു. എന്നിരുന്നാലും, മറ്റുള്ളവരെ പ്രലോഭനങ്ങളിലേക്കോ പാപത്തിലേക്കോ നയിക്കുന്ന നൃത്തങ്ങളെ ഒഴിവാക്കുവാന്‍ സഭകള്‍ ശ്രദ്ധിക്കണം. ആത്മ പ്രശംസയ്ക്ക് പകരം ദൈവത്തെ ആരാധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഈ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, നൃത്തമെന്നത് ആശയം പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു മനോഹരമായ കലാരൂപമാണ് എന്നുമാത്രം മനസിലാക്കാം. എന്നാൽ അത് ആരാധനയുടെ ഭാഗമാക്കുന്നതു രണ്ടാമത് ഒന്നുകൂടി ചിന്തിക്കുന്നത് അനിവാര്യമായിരിക്കുന്നു..

Source URL: https://padayali.com/%e0%b4%a8%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%85%e0%b4%b5/