നിയമവും ധാർമ്മികതയും രണ്ടു വഴിക്കു പോകുന്നത് ആരോഗ്യകരമോ?

നിയമവും ധാർമ്മികതയും രണ്ടു വഴിക്കു പോകുന്നത് ആരോഗ്യകരമോ?
October 01 21:18 2018 Print This Article

ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കോളനി വാഴ്ചക്കാലത്തെ രണ്ട് വിക്‌ടോറിയന്‍ നിയമങ്ങളാണ് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് അസാധുവാക്കിയത്. ഈ വിധിയെ തികഞ്ഞ അന്യായമായും ധാര്‍മികതയുടെ മേലുള്ള കോടതിയുടെ കടന്നുകയറ്റമായും വ്യാഖ്യാനിച്ചേക്കാം.

എന്നാല്‍ നിയമത്തിന്റെ മുന്നില്‍ സ്ത്രീ-പുരുഷന്മാരുടെ തുല്യത എന്ന തത്വത്തിന്റെ അംഗീകാരം എന്നതിലുപരി വിവാഹമെന്ന കർമ്മത്തിൽ കൂടി കൊടികുത്തിവാഴുന്ന വിവേചനത്തിനും അനീതിക്കുമാണ് അത് വിരാമമിടുന്നത്. ഒട്ടുമിക്ക വിവാഹ ബന്ധത്തില്‍കൂടി സ്ത്രീയെ സ്വകാര്യ സ്വത്തും പുരുഷനെ അതിന്റെ ഉടമയുമാക്കി മാറ്റുന്ന ജീര്‍ണ്ണിച്ച വ്യവസ്ഥക്കാണ് ഇതോടെ മരണമണി മുഴങ്ങുന്നത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവാഹങ്ങളില്‍ മഹാഭൂരിപക്ഷത്തിലും സ്ത്രീയുടെ സ്വയം നിര്‍ണയാവകാശത്തിനും അന്തസിനും ലൈംഗിക അഭിരുചികള്‍ക്കും സ്ത്രീപുരുഷ തുല്യതയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും യാതൊരു വിലയും കല്‍പ്പിക്കപ്പെടുന്നില്ല എന്ന വസ്തുത ആര്‍ക്കാണ് തള്ളിക്കളയാൻ കഴിയുക. സ്ത്രീധന സമ്പ്രദായമടക്കം തികച്ചും അപലപനീയവും നിയമവിരുദ്ധവുമായ അനാചാരങ്ങള്‍ക്ക് വിലങ്ങായിട്ടാണൂ സുപ്രിം കോടതി വിധിന്യായത്തെ നോക്കിക്കാണാന്‍.

വിവാഹ ബന്ധങ്ങളുടെ അടിത്തറ പരസ്പര ബഹുമാനത്തിലും തുല്യതയിലും സ്ത്രീപുരുഷ ബന്ധങ്ങളില്‍ അനിവാര്യമായ പ്രേമത്തിലും ലൈംഗിക പൊരുത്തത്തിലും അധിഷ്ഠിതമല്ലെന്ന വസ്തുത ആര്‍ക്കാണ് നിഷേധിക്കാനാവുക? മതത്തിന്റെയും ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും കുടുംബ-കുലമഹിമകളുടെയും സാമ്പത്തിക പരിഗണനകളുടെയും അടിസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിവാഹബന്ധങ്ങള്‍ക്ക് പവിത്രതയും കെട്ടുറപ്പും ആരോപിക്കുന്നത് തികഞ്ഞ സാമൂഹ്യ കാപട്യമാണ്.

ഐപിസി 497 വകുപ്പ് റദ്ദാക്കികൊണ്ട് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി സമൂഹത്തില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് ക്രൈസ്തവ സമൂഹം ഒന്നടങ്കം ഭയക്കുന്നു.

സ്ത്രീയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമാണ് ഊന്നല്‍ നല്കിയിരിക്കുന്നതെങ്കിലും ഈ വിധി
ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണവും ക്ലേശ പൂര്‍ണ്ണവുമാക്കുമോ എന്ന് ആശങ്കപ്പെടാതിരിക്കാൻ കഴിയില്ല .അപ്പോൾ തന്നെ സ്ത്രീകളുടെ മേലുള്ള കർക്കശ്യമായ പീഡനങ്ങൾക്കു അറുതിവരുത്തുവാൻ ഈ വിധി സഹായിക്കുമോ ?

ദാമ്പത്യത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പരസ്പര വിശ്വാസവും സമർപ്പണവുമാണ് കുടുംബജീവിതത്തിന്റെ അടിത്തറ എന്നത് അത് കാറ്റില്പറത്തുന്ന രീതിയിൽ ആണ് കാര്യങ്ങളുടെ പോക്ക്. വളർന്നു വരുന്ന ഇന്നത്തെ തലമുറയും ഇപ്പോഴത്തെ യുവതലമുറകളും വിവാഹേതര ബന്ധങ്ങൾ തെറ്റല്ലഎന്നും എന്തും ആകും എന്ന ചിന്തയിലേക്കു നടന്നാൽ സമൂഹത്തിൽ ഉണ്ടാകുന്ന വിപത്തു വലുതായിരിക്കും. രക്ഷകർത്താവു എന്ന ഉത്തരവാദിത്വപ്പെട്ട ബന്ധം തന്നെ ചോദ്യത്തിന്റെ മുൾമുനയിൽ എത്തും. കുഞ്ഞുങ്ങൾക്ക് രക്ഷയും പരിചരണവും മത്സരമായി മാറുകയും ചെയ്യും.

സ്ത്രീപീഡനങ്ങളും മറ്റും കുറയും എങ്കിലും ബന്ധങ്ങൾക്കിടയിൽ അരാജകത്വം വർധിക്കും .സ്ത്രീക്ക് ഈ വിധി അന്തസ് ഉയർത്തുമോ എന്നകാര്യത്തിൽ ചോദ്യങ്ങൾ മാത്രം അവശേഷിക്കും. സ്ത്രീകളെ കൂടുതൽ അരാജകത്വത്തിലേക്ക് തള്ളിയിടുകയാണ് ഈ വിധി.
പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള എല്ലാത്തരം ലൈംഗിക ബന്ധങ്ങളും അനുവദനീയമാണ് എന്ന അവസ്ഥ ലൈംഗിക അരാജകത്വത്തിനു വഴിവയ്ക്കുന്നതായി മാറും എന്നകാര്യത്തിൽ ക്രിസ്ത്യാനിക്കു സംശയം ഇല്ല മനുഷ്യ വർഗ്ഗത്തിന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമായ കുടുംബം, ലൈഗീകത, വിവാഹം ഇവയെ ബാധിക്കുന്ന നിയമങ്ങൾ സമൂഹത്തിനു നന്മയുടെ പാത കൊടുക്കുന്നില്ല എങ്കിൽ നിയമ അരിഷ്ടിതാവസ്ഥ ഉണ്ടാകും എന്നതിൽ തർക്കം ഇല്ല. കുടുംബങ്ങളുടെ തകർച്ചക്കും വിവാഹമോചനത്തിനും ഇടം കൊടുക്കും ഈ വിധി എന്നതിൽ സംശയം ഇല്ല .

ക്രിസ്ത്യനികളെ സംബന്ധിച്ച് ഇത് ഏറെ ചർച്ചകൾക്കും, ആശങ്കക്കും ഇടയാക്കും എന്നതിൽ തർക്കം ഇല്ല. വിവാഹേതര ബന്ധം പാപം ആണ് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. വ്യഭിചാരം ആയാലും എന്ന് വേദപുസ്തകം പഠിപ്പിക്കുമ്പോൾ ഇത്തരം നിയമങ്ങൾ പാപത്തിനു മറയാകുമോ എന്നത് സംശയാതീതമാണ്. കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുത് എന്ന് വചനം പറയുന്നു. ലോകത്തിലെ ഏറ്റവും നല്ല സദാചാര നിയമങ്ങളിൽ ഒന്നാണല്ലോ പത്തു കല്പനകൾ. ഭാര്യയെ അടിമയാക്കുക എന്നത് ക്രൈസ്തവ സംസ്കാരം അല്ല. മറിച്ചു ഉത്തമയായ ഭാര്യമാർ ഭർത്താവിന് കീഴടങ്ങി ഇരിക്കുന്നു ( എഫേ 5: 22 )ഭർത്താവ് ഭാര്യയുടെ തലയാകുന്നു അതിനർത്ഥം അധികാരി എന്നല്ല.

രാജ്യം ഇപ്പോഴും സമകാലികമായി ജനങ്ങളുടെ ആവശ്യത്തിനനുസരിച്ചു നിയമങ്ങൾ മാറ്റികൊണ്ടിരിക്കും. എന്നാൽ വേദപുസ്തകത്തിനു മാറ്റം ഇല്ല. അത് അനുസരിക്കുന്നവർ തുടർന്നും അത് ചെയ്യും. എന്നാൽ വളർന്നു വരുന്ന തലമുറ നിയമങ്ങൾ കണ്ടും, കേട്ടും പഠിക്കുമ്പോൾ അവർക്കിടയിലെ വിശ്വാസത്തിന്റെ അളവുകളും നിയമവും തമ്മിൽ മാനസിക പൊരുത്തം ഉണ്ടാക്കില്ല. വിവാഹേതര ബന്ധവും, വിവാഹപൂർവ ബന്ധങ്ങളും പാപം ആണ്. പാപത്തിനു ശിക്ഷ ഉണ്ട് താനും.

എല്ലാ ദുർന്നടപ്പുകാരെയും ദൈവം ശിക്ഷവിധിക്കും (എബ്രാ13:4 )ദുർന്നടപ്പുകാരും, മറ്റും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല എന്ന് 1 കൊരിന്തി ആറാം അദ്ധ്യായത്തിൽ പറയുന്നു. പുതിയനിയമം അല്പം കൂടി കടന്നാണ് പറയുന്നത്, സ്ത്രീയെ മോഹിക്കുന്നതുപോലും തെറ്റാണ് മത്തായി 5-ൽ പറയുന്നു. മറ്റൊരു സ്ത്രീ തന്നെ മോഹിച്ചപ്പോൾ യോസേഫ് ഓടി രക്ഷപെട്ടു. ഇതെല്ലം കണക്കിലെടുക്കുമ്പോൾ ഇപ്പോഴത്തെ വിധി ക്രൈസ്തവർക്കിടയിൽ ഏറെ വിഷയങ്ങൾക്കും തർക്കങ്ങൾക്കും മറയാക്കും എന്നതിൽ സംശയം ഇല്ല.

ആയതിനാൽ പെന്തക്കോസ്തു സമൂഹം ഉൾപ്പടെ ദൈവീക വചനത്തിൽ വിശ്വസിക്കുന്ന ഏവരും ഇത്തരം വിഷയങ്ങളെ വൈകാരികമായി സമീപിക്കാതെ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യം ആണ്. കുഞ്ഞുങ്ങളെയും, യുവതി യുവാക്കന്മാരും തുടങ്ങി പ്രായഭേദം കൂടാതെ ഇത്തരം വിഷയങ്ങളിൽ നിലപാടുകൾ എടുക്കേണ്ടത് അനിവാര്യമാണ്.

രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരായ ജനത്തിന്റെ വിശ്വസവും, ജീവിത മൂല്യവും സൂക്ഷിക്കാനും സംരക്ഷിക്കാനും കൂടി നിയമസംരക്ഷകരുടെ ബെഞ്ചിന് കഴിയണം.  അപ്പോൾ തന്നെ സഭകൾ ഇക്കാര്യത്തിൽ ഒരു പടിമുന്നമേ തീരുമാനങ്ങൾ എടുക്കേണ്ടിയിരിക്കുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.