നമുക്കും വേണം കുപ്പായം!!

നമുക്കും വേണം കുപ്പായം!!
February 24 14:44 2021 Print This Article

സാമുദായിക സഭകളിൽ നിന്നും പുരോഹിതന്മാർ തങ്ങളുടെ അംഗവസ്ത്രങ്ങളും തലപ്പാവുകളും സത്യത്തിനുവേണ്ടി വലിച്ചെറിഞ്ഞുകൊണ്ടു പെന്തക്കോസ്തിലേക്കു ചേക്കേറിയ ഒരു പൂർവ്വകാലം ഉണ്ടായിരുന്നു. ഏതാണ്ടു അരനൂറ്റാണ്ടിനു മുമ്പു, കാനം അച്ചനും തെങ്ങേലിൽ അച്ചനും കൂടി ഒരുമിച്ചു, തങ്ങളുടെ പാരമ്പര്യസഭയിൽ നിന്നു പുറത്തുവന്നു മുങ്ങി സ്നാനമേറ്റ കാലം.

സ്നാനമേറ്റശേഷം അവർ ആദ്യമായി മലബാറിലേക്കു യാത്ര ചെയ്യവെ, ഷൊറണ്ണൂരിൽ ചെറുതുരുത്തിയിലുള്ള ഞങ്ങളുടെ കുടുംബവീട്ടിൽ വന്നു ഒരു ദിവസം രാപാർത്തതായി ഓർക്കുന്നുണ്ടു. പിറ്റേന്നു തന്നെ അവരെ മലബാറിലേക്കു യാത്രയാക്കുവാൻ ഞങ്ങൾ കൂട്ടമായി ഷൊറണ്ണൂർ റെയിൽവേ സ്റ്റേഷൻ വരെ അവരെ അനുഗമിച്ചതും ഒക്കെ ഇപ്പോഴും ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

അക്കൂട്ടത്തിൽ തെങ്ങേലിൽ അച്ചൻ പിന്നീടു സമ്മർദ്ദം സഹിക്കവയ്യാതെ പഴയതിലേക്കു തന്നെ മടങ്ങിപ്പോയി. എങ്കിലും കാനംഅച്ചൻ താൻ നേരിട്ട സകല പ്രതികൂലങ്ങളെയും സമ്മർദ്ദങ്ങളെയും ധൈര്യപൂർവ്വം അതിജീവിച്ചുകൊണ്ടു സത്യത്തിന്റെ കെടാവിളക്കായി ഇന്നും ക്രൈസ്തവ നഭോ മണ്ഡലത്തിൽ അതിശോഭയോടെ പരിലസിക്കുന്നു.

അദ്ദേഹം ഇന്നു ഉൾപ്പെട്ടു നിൽക്കുന്ന Church of God (Full Gospel) എന്ന സംഘടനയിലെ സ്ഥാനമാനങ്ങളോ ബഹുമതികളോ ഒന്നും തന്നെ അദ്ദേഹത്തെ ഒരിക്കലും ആകർഷിച്ചിട്ടില്ല. വേഷത്തിലും ഭാവത്തിലും ഭാഷയിലും സാധാരണക്കാരിൽ ഒരു സാധാരണക്കാരനെപോലെ ആ സംഘടനയിൽ ആരോരും അറിയാതെ ഒരു സുവിശേഷകനായി ഒതുങ്ങികഴിയുന്ന കാനം അച്ചൻ ഒരു തികഞ്ഞ വേദപണ്ഡിതനും, ഉജ്ജ്വലവാഗ്മിയും, ക്രാന്തദർശിയും, സമുന്നതനായ എഴുത്തുകാരനും ഒക്കെയാണെന്നുള്ളതു വിസ്മരിക്കുവാൻ കഴിയുന്നില്ല.

പാരമ്പര്യ സഭയുടെ പട്ടവും, പുടവയും, തലപ്പാവും, അരക്കച്ചയും ഒക്കെ സത്യത്തിനുവേണ്ടി വലിച്ചെറിഞ്ഞവനു, അഭിനവ പെന്തക്കോസ്തു പാസ്റ്ററന്മാരുടെ “റവറണ്ടൻ” വ്യാമോഹങ്ങളും, വേഷഭൂഷാദികളും, സ്ഥാനമോഹങ്ങളും ഒക്കെ കാണുമ്പോൾ തന്റെ ഉള്ളിന്റെ ഉള്ളിലെ അമർഷം അടക്കി ഒരു പക്ഷെ വേദനയോടെ ഞരങ്ങുന്നുണ്ടാകും. ഇന്നു പെന്തക്കോസ്തിന്റെ സ്ഥിതി ആകെ മാറിയിരിക്കുകയാണു. പാസ്റ്ററന്മാരുടെ വേഷത്തിലും ഭാവത്തിലും ഭാഷയിലും എല്ലാം പാതിരിവേഷവും പരിവേഷവും ഭാവവും ഭാഷയും കടന്നുകൂടിയിരിക്കുന്നു.

ഒരു മടങ്ങിപ്പോക്കിന്റെ ദൃശ്യലക്ഷണങ്ങൾ അവർ കാട്ടി തുടങ്ങിയിരിക്കുന്നു. പെന്തക്കോസ്തിലെ പാസ്റ്ററന്മാർ മുട്ടോളം വരുന്ന തൂവെള്ള ളോഹയും അതിൽ വട്ടക്കഴുത്തിൽ തിരിച്ചിട്ട കോളറും വച്ചുപിടിപ്പിച്ചു പള്ളീലച്ചന്മാരേപൊലെ നടക്കുവാൻ തുടങ്ങിയിട്ടു കാലം കുറെ ആയി. അവരുടെ ഉള്ളിന്റെ ഉള്ളിൽ കുടികിടപ്പു തുടങ്ങിയ പാരോഹിത്യ വ്യാമോഹം ഇതാ ഇപ്പോൾ സടകുടഞ്ഞെഴുന്നേറ്റു നിൽക്കുന്നു. നാമിന്നു പെന്തക്കോസ്തിൽ കാണുന്ന ഉണർവ്വുകൾ എല്ലാം വെറും മടങ്ങിപ്പോക്കിന്റെ ആരവങ്ങളാണു. സീനായി മലയുടെ അടിവാരത്തിൽ നിന്നു കേൾക്കുന്ന ആർപ്പുവിളിയാണിതു. ഇതു യുദ്ധം ജയിച്ചു ആർപ്പു വിളിക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, ഒരു മടങ്ങിപ്പോക്കിന്റെ പ്രതിഗാനമാണു കേൾക്കുന്നതു!

കഴിഞ്ഞദിവസം ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ പെന്തക്കോസ്തു പാസ്റ്റർ അലങ്കരിച്ച അൾത്താരയിൽ, കത്തിച്ചു വെച്ച കവരവിളക്കിന്റെ മുമ്പിലിരുന്നു ഏജിയുടെ പുനലൂർ കൺവൻഷനു വേണ്ടി പ്രസംഗിക്കുന്നതു കണ്ടു. പെന്തക്കോസ്തിലെ സാധാരണ വിശ്വാസികൾ ഇതുമൂലം വഞ്ചിക്കപ്പെടുന്നു. മുക്കാകുപ്പായം ഇട്ടിട്ടും തൃപ്തിയടങ്ങാതെ മുഴുക്കുപ്പായം അണിയുവാൻ വേണ്ടി പാസ്റ്ററന്മാർ പരക്കം പായുന്നു. ഒരിക്കൽ പെന്തക്കോസ്തു പാസ്റ്ററന്മാരുടെ വന്ദ്യനും ധനദേവതയും (മമ്മോൻ) ആയിരുന്ന കെ പി യോഹന്നാൻ ഇപ്പോൾ അംഗവസ്ത്രം അണിഞ്ഞു കുന്തിരുക്കവും പുകച്ചു നടക്കുന്നു. അതിന്റെ പിന്നാലെ പലരും പോയി. മുക്കാകുപ്പായത്തിൽ നിന്നു മുഴുക്കുപ്പായത്തിലേക്കു മടങ്ങിപോകണമെന്ന ആശയത്തെ പരോക്ഷമായി അംഗീകരിക്കുന്ന രഹസ്യമായ ചലനങ്ങളാണു ഈ കാണുന്നതെല്ലാം.

വട്ടക്കഴുത്തും മുക്കാകുപ്പായവും ധരിച്ചുകൊണ്ടു മുഴുക്കുപ്പായത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്ന ബഹുസഹസ്രം വെറും പോങ്ങന്മാരായ റവറണ്ടന്മാർ ഇപ്പോഴും പെന്തക്കോസ്തിൽ ഉണ്ടു. മുക്കാകുപ്പായം മുഴുക്കുപ്പായത്തിന്റെ മുന്നോടിയാണു. മുട്ടോളം വരുന്ന മുക്കാകുപ്പായങ്ങളെല്ലാം വളർന്നു വളർന്നു താഴോട്ടിറങ്ങി പാസ്റ്ററന്മാരുടെ പാദത്തിലെത്തുവാൻ ഇനി അധികം കാത്തു നിൽക്കേണ്ടി വരില്ല. പാസ്റ്ററിൽ നിന്നു ബിഷോപ്പു, കാർദ്ദിനാൾ, പോപ്പു എന്നീ ശ്രേണികളിലേക്കുള്ള പെന്തക്കോസ്തിന്റെ ബാബിലോണ്യയാത്രയാണിതു. നിറമിഴികളോടെയല്ലാതെ ഇതു കണ്ടുനിൽക്കുവാൻ ആർക്കാണു കഴിയുക!

ഇവിടെയാണു ഐപിസിയൂടെ സ്ഥാപക നേതാവായ കെ ഇ അബ്രഹാം എഴുതിയ “മർമ്മം മഹതിയാം ബാബിലോൺ” എന്ന പുസ്തകം അറം പറ്റിയതുപോലെ അക്ഷരാർത്ഥത്തിൽ നിന്നു പല്ലിളിക്കുന്നതു!!

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.