ദേശത്തിന്റെ സൗഖ്യത്തിൽ ദാവീദും, ഗോലിയാത്തും, യെഹോശാഫാത്തും..???

ദേശത്തിന്റെ സൗഖ്യത്തിൽ ദാവീദും, ഗോലിയാത്തും, യെഹോശാഫാത്തും..???
May 08 14:21 2021 Print This Article

കോവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ദേശം വിറങ്ങലിച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ ഓൺലൈൻ പ്രാർത്ഥനകൾ എല്ലാ ദിവസവും സോഷ്യൽ മീഡിയകളിൽ ലൈവ് ടെലികാസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.

തുടർച്ചയായി ഞാൻ കേൾക്കുകയും കാണുകയും ചെയ്ത ചില കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

1. ദേശത്തിന് വേണ്ടി പ്രാർത്ഥിക്കുവാൻ കൂടുന്ന ഒന്നര മണിക്കൂറിൽ കേവലം 20 മിനിറ്റ് ആണ് പ്രാർത്ഥനക്കു വേണ്ടി വേർതിരിക്കുന്നത്.പ്രാർത്ഥനാ വിഷയങ്ങൾ എന്നും ഒന്നു തന്നെ. ഒരേ വിഷയങ്ങൾ ക്ക് വേണ്ടി എന്നും പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം? അതു കേവലം അധര ചർവണം അല്ലെങ്കിൽ ജൽപനം അല്ലേ? യേശു പറഞ്ഞു ” നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ജാതികളെ പോലെ ജല്പനം ചെയ്യരുത് ”

2. നാം നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ മതിയോ? ദേശത്തിന് വേണ്ടി ആര് പ്രാർത്ഥിക്കും? മോശ തനിക്കു വേണ്ടി അല്ല, പാപം ചെയ്തു ദൈവത്തിൽ നിന്നും അകന്ന മനുഷ്യർക്ക്‌ വേണ്ടി ഇടിവിൽ നിന്നും പ്രാർത്ഥിച്ചത് “എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ, അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽ നിന്നും എന്റെ പേർ മായിച്ചു കളയേണമേ” എന്നാണ്. (പുറപ്പാട് 32:32).

ഇയ്യോബ് കഷ്ടതയിൽ കൂടി കടന്നു പോയപ്പോൾ, തന്റെ പത്തു മക്കൾ ഉൾപ്പടെ സകലവും നഷ്ടപ്പെട്ടപ്പോഴും, ദൈവത്തിൽ വിശ്വസിക്കാത്ത തന്റെ സ്നേഹിതന്മാർക്ക് വേണ്ടി ആണ് പ്രാർത്ഥിച്ചത്. നാം നമുക്ക് വേണ്ടി മാത്രം പ്രാർത്ഥിച്ചാൽ അത് സ്വാർത്ഥത അല്ലേ? നാം പ്രാർത്ഥനയിലും സ്വാർത്ഥരോ??

കോവിഡ് രോഗികളെ സംസ്കരിക്കുന്ന സെമിത്തേരി ആണ് ഡൽഹിയിലെ മംഗോൾ പുരി സെമിത്തേരി.ഒരു ദിവസം കുറഞ്ഞത് 20 ൽ അധികം ദൈവദാസന്മാരെയും, ദൈവമക്കളെയും ആണ് ഡൽഹി യുടെ വിവിധ ഭാഗങ്ങളിൽ നിന്നും അവിടെ സംസ്കരിക്കുന്നത്.അവിടെ ഒരു മണിക്കൂർ പോയി നിൽക്കുന്ന ഒരു വ്യക്തിക്ക് ഇങ്ങനെ സ്വാർത്ഥമായ പ്രാർത്ഥിക്കുവാൻ കഴിയില്ല.നമ്മുടെ പ്രാർത്ഥന സ്വാർത്ഥത ഇല്ലാത്തത് ആകട്ടെ.നമ്മുടെ പ്രാർത്ഥന നമുക്ക് വേണ്ടി അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ആകട്ടെ. പ്രാർത്ഥനയുടെ രീതിയും, ഉദ്ദേശവും മാറട്ടെ.

3. മൂന്നാമതായി, വചനശുശ്രൂഷ ആണ്. ഈ പ്രത്യേക പ്രാർത്ഥനാ സഭയിലും ദാവീദും, ഗോലിയാത്തും ആണ് പ്രസംഗ വിഷയം. ചിലർ യെഹോശാഫാത്ത് നെ കൂടെ കൂട്ട് പിടിച്ചിട്ടുണ്ട്. ഈ പകർച്ച വ്യാധിക്ക് പരിഹാരമായുള്ള പ്രാർത്ഥനക്കെങ്കിലും ദാവീദിനും, ഗോലിയാത്തിനും അവധി കൊടുത്തു കൂടെ? ഇപ്പോൾ നമ്മൾ ഒരു യുദ്ധമുഖത്ത് ആണോ അതോ മഹാമാരിയുടെ മുഖത്ത് ആണോ? യഹോശാഫാത്തും, കൂടെയുള്ളവരും നടത്തിയ യുദ്ധങ്ങൾ ആണോ ഇപ്പോൾ പ്രസംഗ വിഷയങ്ങൾ ആക്കേണ്ടത്?

പ്രാർത്ഥിക്കാനായി വന്നിരിക്കുന്ന ജനങ്ങൾക്ക്‌ പ്രാർത്ഥനയെക്കുറിച്ചും, പ്രാർത്ഥിക്കേണ്ടത് എപ്രകാരം എന്നും, പ്രതിസന്ധികളിൽ ദൈവം തിരഞ്ഞെടുത്തവർ എങ്ങനെ പ്രാർത്ഥിച്ചു? അനന്തര ഫലം, പ്രാർത്ഥന മുഖാന്തിരം ദൈവം ദേശത്തു നൽകിയ വിടുതൽ, ആര് പ്രാർത്ഥിക്കണം, എപ്രകാരം പ്രാർത്ഥിക്കണം? പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മനോഭാവം, എപ്രകാരം ഉള്ള പ്രാർത്ഥന ദൈവം കേൾക്കുന്നു, ഉത്തരം നൽകുന്നു, പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയല്ലേ ഇപ്പോൾ പ്രാർത്ഥന എന്ന പേരിൽ നടത്തുന്ന മീറ്റിങ്ങിൽ പ്രസംഗിക്കേണ്ടതും ജനത്തെ കൂടുതൽ പ്രാർത്ഥനാ ജീവിതത്തിലേക്ക് നയിക്കേണ്ടതും?

ഇങ്ങനെയുള്ള സന്ദേശങ്ങൾ ഒന്നും കേൾക്കാനില്ല. പ്രസംഗിക്കാൻ അവസരം കിട്ടുന്നവർ അവർക്കു തോന്നിയത് പോലെ എന്തെങ്കിലും വിളിച്ചു പറയുന്നു. ജനം വീഡിയോ ഓഫ്‌ ചെയ്തു വച്ചു മറ്റു കാര്യങ്ങൾ ചെയ്യുന്നു. അവസരത്തിനു അനുസരിച്ച് ജനത്തിന് ആത്മീക ഭക്ഷണം നൽകാൻ അറിവുള്ളവർ ആയിരിക്കണം പ്രസംഗകർ. അങ്ങനെ വിവരവും, ബോധവും, പരിജ്ഞാനവും ഉള്ളവർക്കേ ഇങ്ങനെയുള്ള മീറ്റിംഗുകളിൽ, പ്രത്യേകിച്ച് ലൈവ് ടെലികാസറ്റ് ചെയ്യുന്ന ഒരു മീറ്റിംഗിൽ അവസരം കൊടുക്കാവൂ. ഇത് ലോകത്തിന്റെ നാനാ ഭാഗത്തിരുന്നു പലരും വീക്ഷിക്കുന്നുണ്ട് എന്ന് സംഘാടകർ അറിയണം.

പദവി അനുസരിച്ചല്ല, ശുശ്രൂഷ ഉള്ളവർക്കാണ് അവസരം കൊടുക്കേണ്ടത്. ഇങ്ങനെയുള്ള മീറ്റിംഗിൽ സത്യത്തിൽ ദൈവം പ്രസാദിക്കുമോ? ആർക്ക് വിളങ്ങേണ്ടതിനു ആണ് ഇതൊക്കെ? ദൈവത്തിനോ അതോ മനുഷ്യർക്കോ? ദേശത്തിന്റെ സൗഖ്യത്തിന് വേണ്ടി നടത്തുന്ന ഇത്തരം പ്രാർത്ഥനകളിൽ എങ്കിലും ദവീദിനും, ഗോലിയാത്തിനും, യഹോശാഫാത്തിനും ഒക്കെ കുറച്ചു നാളത്തേക്ക് അവധി കൊടുത്ത്, ജനങ്ങളെ ഹൃദയ നുറുക്കത്തോടും, കരച്ചിലിടും, വിലാപത്തോടും കൂടെ പ്രാർത്ഥനയിൽ ദൈവത്തോട് അടുപ്പിക്കുന്ന സന്ദേശങ്ങൾ നൽകുക.

യഥാർത്ഥമായി ദൈവ വചനത്തിന്റെ വ്യവസ്ഥക്ക് അനുസരിച്ചു പ്രാർത്ഥിക്കാം. “മനുഷ്യരെ പ്രസാദിപ്പിക്കുവാൻ ദൃഷ്ടി സേവാകളാൽ അല്ല ദൈവേഷ്ടം മനസ്സോടെ ചെയ്യാം.

-പാസ്റ്റർ സി. ജോൺ, ഡൽഹി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.