തീവ്രവാദികളില്‍ നിന്നും ക്രൈസ്തവ വിശ്വാസികള്‍ രക്ഷപെട്ടത് പൊടിക്കാറ്റിന്‍റെ മറവില്‍; ക്രിസ്തു നേരില്‍ വന്നാണ് തങ്ങളെ രക്ഷിച്ചതെന്ന് വിശ്വാസികളുടെ സാക്ഷ്യം

by padayali | 1 December 2016 12:01 PM

കറാച്ചി: കറാച്ചിയില്‍ നിന്ന് മാറി അറേബ്യൻ സമുദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ സഭയിലെ പ്രവര്‍ത്തകരും വിശ്വാസികളുമുള്‍പ്പെടെ 50 പേര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. തീവ്രവാദി ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശ്വാസികളും ഉള്‍പ്പെടുന്നു. തങ്ങളെ പിന്‍തുടര്‍ന്ന തീവ്രവാദികളുടെ പക്കല്‍ നിന്നും ദൈവം അത്ഭുതകരമായി രക്ഷപെടുത്തിയത് ശക്തമായ പൊടിക്കാറ്റ് അടിപ്പിച്ചതിനാലാണെന്ന് വിശ്വാസികള്‍ പറയുന്നു.

ആരാധന കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങി പോകുവാന്‍ വേണ്ടി വിശ്വാസികള്‍ ബസില്‍ കയറി യാത്ര തിരിക്കുകയായിരിന്നു. ഭൂഗര്‍ഗ സഭയെ കുറിച്ചും ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് ചിലര്‍ മാറിയതും അറിഞ്ഞാണ് തീവ്രവാദികള്‍ മൂന്നു വാഹനങ്ങളിലായി ഇവിടെ എത്തിയത്. വിശ്വാസികളുടെ വാഹനത്തെ പിന്തുടര്‍ന്ന തീവ്രവാദികള്‍ പിന്‍വശത്തു നിന്നും ബസിനു നേരെ വെടിവയ്പ് നടത്തി.
തങ്ങള്‍ സഞ്ചരിച്ചിരുന്ന ബസില്‍ നിന്നും കുറച്ച് മാത്രം അകലെയായി പിന്‍തുടര്‍ന്ന തീവ്രവാദികള്‍, ബസിനു നേരെ വെടിവയ്ക്കുവാന്‍ തുടങ്ങിയതോടെ മരണം ഉറപ്പിച്ചിരുന്നതായി വിശ്വാസികള്‍ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് മാറി മറഞ്ഞത്. ശക്തമായ പൊടിക്കാറ്റ് വീശുവാന്‍ തുടങ്ങിയതോടെ വിശ്വാസികളെ പിന്‍തുടര്‍ന്ന തീവ്രവാദികളെ കാണാതായി. അപ്പോഴും മുന്നോട്ടുള്ള വഴി കാണുവാന്‍ കഴിയാതെ അപകടത്തിലേക്ക് പതിക്കുമെന്ന് ബസിലുള്ള എല്ലാവരും കരുതിയതായി വിശ്വാസിയായ റിസ്വാന്‍ പറയുന്നു.

“തീവ്രവാദികളുടെ ആക്രമണത്തിലോ, പൊടിക്കാറ്റിലോ ഉള്‍പ്പെട്ട് ഞങ്ങള്‍ മരിക്കുമെന്ന് തന്നെയാണ് കരുതിയത്. ബസിലുള്ള എല്ലാവരും ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുവാന്‍ തുടങ്ങി. അത്ഭുതകരമായി പൊടിക്കാറ്റിനു മധ്യത്തിലായി ചിരി തൂകി ഒരു സുന്ദര പുരുഷന്‍ നില്‍ക്കുന്നതായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു. ചുറ്റുമുള്ള പൊടിപടലങ്ങള്‍ കാഴ്ച മറച്ചപ്പോഴും ഞങ്ങള്‍ മുന്നോട്ടു തന്നെ യാത്ര തുടര്‍ന്നു. യേശുക്രിസ്തുവാണ് ഞങ്ങളെ രക്ഷിച്ചത്”. റിസ്വാന്‍ സാക്ഷ്യപ്പെടുത്തി.
പൊടിക്കാറ്റിനു ശേഷം തങ്ങളെ പിന്‍തുടര്‍ന്ന തീവ്രവാദികള്‍ എവിടെക്കാണ് പോയതെന്ന് അറിയില്ലെന്നും വിശ്വാസികള്‍ പറയുന്നു. മരണത്തിന്റെ താഴ്‌വരയില്‍ നിന്നും ദൈവം തങ്ങളെ അത്ഭുതകരമായിട്ടാണ് രക്ഷിച്ചതെന്നും അന്‍പതില്‍ പരം ക്രൈസ്തവ വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തി.

Source URL: https://padayali.com/%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82/