‘ട്രാൻസ് ‘ സിനിമയും എന്റെ നിരൂപണവും

‘ട്രാൻസ് ‘ സിനിമയും എന്റെ നിരൂപണവും
March 16 10:25 2020 Print This Article

‘ട്രാൻസ് ‘ എന്ന സിനിമ കണ്ടു. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എല്ലാവരും ഈ സിനിമ കണ്ടിരിക്കേണ്ടതാണ്. സാധാരണ ജനങ്ങളുടെ വിശ്വാസത്തെയും ദൈവ സ്നേഹത്തെയും ദൈവ ഭയത്തെയും മുതലെടുപ്പ് നടത്തിക്കൊണ്ട് അനന്തമായ കച്ചവട സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഒരു നേർക്കാഴ്ചയാണ് ഈ സിനിമയിലൂടെ നമ്മളെ വരച്ചുകാട്ടുന്നത്.

എന്നാൽ പലരും ഓരിയിടുന്നതുപോലെ ക്രിസ്തുവിനെയോ ക്രിസ്ത്യാനിത്വത്തെയോ ഒരു അംശം പോലും താഴ്ത്തിക്കെട്ടുകയോ അപമാനിക്കാനോ ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്.

അടുത്ത ഇടയ്ക്ക് ചില പാസ്റ്റർമാർ ചിത്രത്തിനെതിരെ പ്രസ്താവന ഇറക്കുകയും പ്രതികരിക്കുകയും ചെയ്തപ്പോഴാണ് എന്താണ് ഈ ചിത്രമെന്ന് ഒന്ന് അറിയുവാൻ ആഗ്രഹം ഉണ്ടായത്. അങ്ങനെ ഒരു പാസ്റ്റർ ഇതിന്റെ പി ആർ വർക്ക് ഏറ്റെടുത്തതോടെ കൂടി ഈ ചിത്രത്തിന് ആവശ്യത്തിനുള്ള പരസ്യം ലഭിച്ചു കഴിഞ്ഞു എന്ന് കരുതുന്നു.

എന്നാൽ അങ്ങനെ ചിലർ വിളിച്ചു കൂകുന്നതുപോലെ അപമാനകരമായോ ആഭാസകരമായോ ഒന്നും തന്നെ ക്രിസ്ത്യാനികൾക്കെതിരെ ഇല്ല. ഒരു വ്യാജ ഡോക്ടർ ചികിത്സിക്കുന്നതിന് എതിരെ പ്രേമേയമായി ഒരു സിനിമ പിടിച്ചാൽ അതിന് യഥാർത്ഥ ഡോക്ടർമാർ എന്തിന് ഹാലിളകണം? അതുപോലെ തന്നെയാണ് ഈ സിനിമയും.

ആത്മീയരംഗത്തെ ആഭാസത്തരങ്ങൾ പൊള്ളയായി തുറന്ന് കാണിക്കുമ്പോൾ കള്ളനാണയങ്ങൾക്ക് മാത്രം ഹാലിളകും. അത് സ്വാഭാവികം…. പണ്ട് പെന്തക്കോസ്ത് എന്നത് വിശ്വാസത്തിന്റെയും, വിശ്വസ്തതയുടെയും, എളിമയുടെയും, താഴ്മയുടെയും, ലളിത ജീവിതത്തിന്റെയും, പ്രതീകമായിരുന്നു എങ്കിൽ ഇന്ന് ആ വിശ്വാസത്തെ മുതലെടുത്തുകൊണ്ട് എങ്ങനെ ധനം സമ്പാദിക്കാം എന്നതാണ് ചിലരുടെ വ്യാമോഹം.

അങ്ങനെ മലീമസമായി ആത്മീയ രംഗത്ത് ധാരാളം കള്ളനാണയങ്ങൾ ഉയർന്നുവരികയും അതേസമയം വിശ്വസ്തതയോടെ ദൈവസന്നിധിയിൽ പ്രവർത്തിക്കുന്ന ഭക്തന്മാരായ അനേകം ദൈവദാസന്മാർ പിന്നിലായി പോവുകയും ചെയ്തു.

ന്യൂക്ലിയർ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വച്ച കേരളജനത തങ്ങൾ കടന്നുപോകുന്ന മാനസിക വ്യഥകളും പ്രയാസങ്ങളും ഒന്നു ഇറക്കിവെക്കാൻ ഒരു ആശ്രയം തേടുമ്പോൾ പ്രോസ്പിരിറ്റി തിയോളജിക്കാരും രോഗശാന്തി ശുശ്രൂഷക്കാരും തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിപ്പിച്ചു കൊണ്ട് ടെലിവിഷന്റെയും സോഷ്യൽ മീഡിയയുടെയും അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുന്നു.

ഒരുപക്ഷേ പല ആൾദൈവങ്ങൾക്കും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ഉപജാപക വൃന്ധങ്ങൾക്കും ചൊറിച്ചിൽ അനുഭവപ്പെട്ടേക്കാം. എന്നാൽ യഥാർത്ഥ ഒരു ക്രൈസ്തവ വിശ്വാസിക്ക് തന്റെ ഭക്തിയെ മറ്റുള്ളവർ എങ്ങനെയൊക്കെ ചൂഷണം ചെയ്യാൻ സാധിക്കുമെന്ന് ജാഗരൂകരാക്കുയാണ് ഈ ചിത്രത്തിലൂടെ. ഒരു സിനിമയ്ക്ക് വേണ്ടി അല്പം കാല്പനികത വരുത്തിയിട്ടുണ്ടെങ്കിലും, അതിനുള്ളിലെ അന്തസത്തയെ, അല്ലെങ്കിൽ പറയുവാൻ ശ്രമിക്കുന്ന ഒരു സത്യത്തെ തമസ്കരിക്കുക എന്നത് സാധ്യമല്ല…..!

ക്രിസ്തുവിലുള്ള വിശ്വാസവും പ്രത്യാശയും മുറുകെ പിടിക്കുക അതു മറ്റുള്ളവർക്ക് ചൂഷണം ചെയ്യുവാൻ ഉള്ള ഉല്പന്നം ആകാതിരിക്കുവാൻ ശ്രദ്ധിക്കുക….!

ബ്ലസൺ, ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.