ട്രംമ്പിനെതിരെ പ്രിയങ്കാ ചോപ്ര

by Vadakkan | 5 February 2017 11:38 AM

ന്യൂയോര്‍ക്ക്: അഭയാര്‍ത്ഥി പ്രവേശനം തടഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെതിരെ നടി പ്രിയങ്കാ ചോപ്ര രംഗത്ത്. രാഷ്ട്രീയ വേട്ടയാടലാണ് ട്രംമ്പ് നടത്തുന്നതെന്ന് യൂനിസെഫിന്റെ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയായ താരം വ്യക്തമാക്കി.

ദ ക്വാന്റികോ എന്ന ഹോളിവുഡ് സീരിയലിലൂടെയാണ് പ്രിയങ്കാ ചോപ്ര അമേരിക്കയില്‍ ശ്രദ്ധേയയായത്. യൂനിസെഫിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് ട്രംമ്പ് തടഞ്ഞിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് കുട്ടികളാണ്. മതത്തിന്റെ പേരില്‍ നമ്മുടെ കുട്ടികളൊന്നും അകറ്റിനിര്‍ത്തപ്പെടെരുതെന്നും ഇതിനായി ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരണമെന്നും താരം ബ്‌ളോഗിലൂടെ ആവശ്യപ്പെട്ടു.

120 ദിവസത്തേക്ക് അമേരിക്കയില്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ലെന്ന ഉത്തരവില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംമ്പ് ഒപ്പ് വച്ചത്. ഇതിനെതിരെ ഹോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് 90 ദിവസത്തേക്ക് വിസാ അനുവദിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് അഭയാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിച്ചത്. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുകയാണ്.

Source URL: https://padayali.com/%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95/