ജഡീകന്മാരായ റവ-ണ്ടന്മാരും റവ-ഡോകളും!!

ജഡീകന്മാരായ റവ-ണ്ടന്മാരും റവ-ഡോകളും!!
January 29 22:13 2022 Print This Article

“നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ (ഫിലിപ്പിയർ 3:3).

ജഡത്തിൽ ആശ്രയിക്കുകയെന്നാൽ പാപ ഇച്ഛകളോടു സമരസപ്പെട്ടു അതിൽ ആശ്രയിച്ചു ജീവിക്കുന്നതിനെയാണെന്നാണു പലരും കരുതുന്നതു. എന്നാൽ അങ്ങനെയല്ല, ഇവിടെ ഉദ്ധരിച്ച വാക്യത്തിന്റെ പശ്ചാത്തലത്തിൽ പൗലോസിന്റെ ചിന്ത വളരെ വ്യത്യസ്തമാണു. ജഡത്തിൽ ആശ്രയിക്കരുതു എന്നു പറഞ്ഞശേഷം പിന്നെ പൗലോസ്‌ പറയുന്നതു ശ്രദ്ധിച്ചാൽ കാര്യം മനസ്സില്ലാകും.

“എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യൻ” എന്നിങ്ങനെയുള്ള പട്ടികയിൽ ജഡത്തിന്റെ പ്രവൃത്തികൾ യാതൊന്നും രേഖപ്പെടുത്തിയതായി കാണുന്നില്ല. (ഗലാത്യർ 5:19 നോക്കുക). എങ്കിലും അവയെല്ലാം ജഡത്തെ സംബന്ധിക്കുന്ന ജഡീക കാര്യങ്ങളാണെന്നു പൗലോസ്‌ സമർത്ഥിക്കുന്നു.

ജഡത്തിൽ തിന്മ മാത്രമേയുള്ളൂയെന്നാണു നാം പലപ്പോഴും ചിന്തിക്കുന്നതു. അതു തെറ്റായ ധാരണയാണു, ചില പ്രത്യേക സാഹചര്യങ്ങളിൽ മാനുഷിക സദ്‌വൃത്തികളായ നീതിയും സ്നേഹവും ക്രൈസ്തവ പാരമ്പര്യവും മഹിമയും ആത്മീക സ്ഥാനമാനങ്ങളും എല്ലാം ജഡീകങ്ങളായി മാറും. നീതിമാന്മാരായ ജഡീകന്മാരും പാരമ്പര്യം പറയുന്ന ജഡീകന്മാരും ആത്മീകത്തിൽ വമ്പു പറയുന്ന ജഡീകന്മാരും കപടഭക്തിക്കാരായ ജഡീകന്മാരും എല്ലാം ഒന്നിച്ചു വളരുന്ന വിളനിലമായി മാറിയിരിക്കുന്നു ഇന്നത്തെ പെന്തക്കോസ്തു സഭകൾ.

ഒരു ‘പാസ്റ്റർ’ പെട്ടെന്നു കണ്ണിമക്കുന്നതിനിടയിൽ ‘റവറണ്ടാ’യി പരിണമിക്കുന്നതെങ്ങനെയാണു?? റവറണ്ടും ഡോക്ടറും കൂടി ഒരു പ്രത്യേക അനുപാതത്തിൽ സംയോജിപ്പിച്ചു ലോപിക്കുന്നതാണു “റവഡോ”എന്നു നമുക്കറിയാം. പക്ഷെ, ഈ മഹാപാതകത്തിനു കൂട്ടു നിൽക്കുവാൻ ദൈവവചനത്തിൽ ഒരു മുറി വാക്യമെങ്കിലും ഉണ്ടോ എന്നുള്ളതാണു എന്റെ വിനീതമായ ചോദ്യം?? ‘പാസ്റ്റർ’ എന്നതുപോലും പേരിനോടൊപ്പം ഒട്ടിച്ചു വച്ചു വിലസുവാനുള്ള പദവി അല്ലെന്നുള്ളതാണു സത്യം.

ദൈവീക ശുശ്രൂഷകളെ സ്വയം മാനാഭിമാന സ്ഥാനങ്ങളാക്കി തരം താഴ്ത്തുകയല്ലേ ഈ കള്ളന്മാർ ? ക്രിസ്തുവിന്റെ ശരീരമാകുന്ന ദൈവസഭയിൽ കാണപ്പെടുന്ന ഇത്തരം സ്ഥാനീയ പൗരോഹിത്യ പ്രവണതകളെ ദൈവം വെറുക്കുന്നു (വെളിപ്പാടു 2:6). ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ തലയായി അഖിലാണ്ഡത്തിൽ ഒരുവൻ മാത്രമേ ഉള്ളൂ. അതു യേശുക്രിസ്തു മാത്രമാണു. കൊലൊസ്സ്യർ 2:19, “തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ചപ്രാപിക്കുന്നു.

“ആരാണു യഥാർത്ഥത്തിൽ ‘റവറണ്ടു’? സൃഷ്ടിയോ അതോ സൃഷ്ടാവോ??? “അവന്റെ നാമം വിശുദ്ധവും ഭയങ്കരവും (റവറണ്ടും) ആകുന്നു” എന്നു സങ്കീർത്തനങ്ങൾ 111:10 ൽ പറയുന്നു. ഈ വാക്യത്തെ അറിഞ്ഞുകൊണ്ടു അവഹേളിക്കുകയോ?? ദൈവം മാത്രമാണു ഭയങ്കരൻ!! കേവലം സൃഷ്ടിയായവൻ കയറി സൃഷ്ടാവിന്റെ കസേരയിൽ ഇരിക്കുകയോ?? ഇത്തരം സ്ഥാനമോഹികളെ ദൈവം അറപ്പോടെ വെറുക്കുന്നു!! ദൈവം അല്ലാതെ ഈ പ്രപഞ്ചത്തിൽ റവറണ്ടായി മറ്റാരെങ്കിലും ഉണ്ടോ?

ദൈവ സിംഹാസനത്തിൽ ഇരിക്കുവാൻ, റവറണ്ടാകുവാൻ ആദ്യം ഇച്ഛിച്ചതു പിശാചാണു. ദൈവത്തിനു മാത്രം അർഹിക്കുന്ന റവറണ്ടു പദം സ്വന്തം പേരിനൊപ്പം ആരെങ്കിലും വച്ചുകെട്ടിയാൽ അവനും പിശാചും തമ്മിൽ എന്തു വ്യത്യാസം ആണുള്ളതു? ദൈവദാസന്മാരെ എന്തിനിങ്ങനെ പരിഹസിക്കുന്നു എന്നൊക്കെ ചിന്തിച്ചു പെന്തക്കോസ്തു സഹോദരങ്ങളുടെ ഞരമ്പുകളിൽ ചോര തിളക്കുന്നുണ്ടെങ്കിൽ ഒരു കാര്യം അറിയുക, ദൈവനാമം വൃഥാ ധരിക്കുന്ന പെന്തക്കോസ്തിലെ ഇത്തരം റവറണ്ടന്മാരാണു യഥാർത്ഥ പരിഹാസികൾ എന്നുള്ളതു മറന്നു കളയരുതു. ദൈവത്തെ പരിഹസിക്കുന്നവരെ നാം പരിഹസിക്കേണ്ടതല്ലയോ?? പെന്തക്കോസ്തിലെ പാസ്റ്ററന്മാർ നാമ വിശേഷണമായി ഉപയോഗിക്കുന്ന ‘റവറണ്ടു’ എന്ന പദം തികഞ്ഞ ദൈവദൂഷണമാണു.

കത്തോലീക്കാസഭ പരിശുദ്ധൻ, അതിപരിശുദ്ധൻ എന്നീ നാമവിശേഷണങ്ങൾ അവരുടെ പുരോഹിതവൃന്ദങ്ങൾക്കു നൽകുബോൾ പെന്തക്കോസ്തുകാർ പകരം കൈക്കൊണ്ട നാമവിശേഷണമാണു റവറണ്ടു എന്ന പദം. അനാദിയിൽ അഹങ്കാരം മൂത്തു ദൈവത്തോടു സമനാകുവാൻ മത്സരിച്ച ലൂസിഫറിന്റെ ആത്മാവാണു ഇന്നു ഇക്കൂട്ടരിൽ വ്യാപരിക്കുന്നതു. ഈ ദൈവദൂഷണത്തെ സാധൂകരിക്കുവാൻ പറ്റിയ ഒറ്റ വാക്യമെങ്കിലും ബൈബിളിൽ ഉണ്ടോ?? ഇതു കടുത്ത ദുരുപദേശവും ദൈവ നിന്ദയുമാണു.

ആസന്നഭാവിയിൽ വീണു നിലമ്പതിക്കുവാനിരിക്കുന്ന മഹതിയാം ബാബിലോണിന്റെ ഉപോൽപന്നങ്ങളാണിവ. ഇത്തരം ഹീനകാര്യങ്ങൾ അനുവർത്തിക്കുമ്പോഴും ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു. ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസിക്കു ഇത്തരം കാര്യങ്ങളിൽ കത്തോലിക്കാസഭയോടു സമരസപ്പെടുവാൻ കഴികയില്ല. പെന്തക്കോസ്തു സഭ അനുധാവപൂർവ്വം അനുവർത്തിച്ചു താലോലിക്കുന്ന പാസ്റ്ററൽ വ്യവസ്ഥിതിയുടെ കറുത്ത മുഖമാണു നാം ഇന്നു കാണുന്നതു.

പെന്തക്കോസ്തിൽ ഇന്നു നിലനിൽക്കുന്ന പാസ്റ്ററൽ വ്യവസ്ഥിതി കത്തോലിക്കാസഭയിലെ പൗരോഹിത്യ വ്യവസ്ഥിതിയുടെ തനി ആവർത്തനം എന്നു മാത്രമല്ല, യിസ്രായേൽ ജാതി പിന്തുടർന്നു വന്ന പൗരോഹിത്യ വ്യവസ്ഥിതിയുടെ പിന്തുടർച്ച കൂടിയാണു. പൗലോസ്‌ പറയുന്നതു ശ്രദ്ധിക്കുക, “നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.”

മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.