ചുമ്മാ ഒരു “പ്രെയിസ്‌ ദ ലോർഡ്‌”‌!!

ചുമ്മാ ഒരു “പ്രെയിസ്‌ ദ ലോർഡ്‌”‌!!
June 24 18:43 2021 Print This Article

ഹലോ..ഹലോ… മൈക്കു ടെസ്റ്റിംഗ്‌…..മൈക്കു ടെസ്റ്റിംഗ്….പ്രെയിസ്‌ ദ ലോർഡ്‌….‌പ്രെയിസ്‌ ദ ലോർഡ്‌!! കൺവൻഷൻ പന്തലുകളിൽ മഹായോഗങ്ങളുടെ തുടക്കത്തിൽ സാധരണ കേൾക്കാറുള്ള ഒരു സ്ഥിരം പല്ലവിയാണിതു.

ചില വിശ്വാസികൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും റ്റെലിഫോൺ എടുക്കുമ്പോഴും Praise the Lord എന്നു പറഞ്ഞുകൊണ്ടു ഇങ്ങനെ യാന്ത്രികമായി വന്ദനം ചൊല്ലുന്നതു കേൾക്കാം. എന്തിനോ വേണ്ടിയോ ആർക്കോവേണ്ടിയോ പറയുന്ന ഒരു Praise the Lord ‌. എന്തിനെന്നു ചോദിച്ചാൽ പറയുന്ന ആളിനും അറിയില്ല, കേൾക്കുന്ന ആളിനും അറിയില്ല.

സ്തോത്രം, സ്തോത്രം എന്ന പദം ആയിരം വട്ടം ആവർത്തിച്ചു ചൊല്ലിയാലും അതു വെറും അധരജൽപനം മാത്രമാണു. സഹസ്രനാമ ജപം പോലെ തന്നെ ഇതും സഹസ്ര പദ-ജൽപനമായി ഇന്നു പെന്തക്കോസ്തിൽ ആർക്കും തിരുത്തുവാൻ കഴിയാത്ത ദുഷ്പരിചയമായി മാറിയിരിക്കുന്നു. കൊച്ചുകുഞ്ഞുങ്ങളെപോലും അധരജൽപനം എന്ന ദുശ്ശീലം ശീലിപ്പിക്കുന്നു എന്നുള്ളതാണു ദുഖകരം.

പണ്ടൊരു സഭയിൽ പിള്ളാരൊന്നും “അഭിഷേകം” പ്രാപിച്ചിട്ടില്ലെന്നു കണ്ടപ്പോൾ സഭയിലെ പാസ്റ്റർ ഒരു കാത്തിരിപ്പുയോഗം സംഘടിപ്പിച്ചു അതിനുവേണ്ടി ഒരു സ്ഥിരം”സ്പെഷ്യലിസ്റ്റിനെ” തന്നെ വരുത്തിച്ചു. വന്ന സ്പെഷ്യലിസ്റ്റു ആണെങ്കിൽ ഒരു പൊടി പ്രവാചകൻ!! അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റാൽ ആരും ഉമിനീരിറക്കാൻപോലും വാ പൂട്ടാൻ പാടില്ല. ജനം സ്തോത്രം പറഞ്ഞുകൊണ്ടേയിരിക്കണം. ആരെങ്കിലും വായ കഴച്ചിട്ടു അൽപസമയം മിണ്ടാതിരുന്നാൽ അപ്പോൾ വന്നു അവരുടെ നേരെ തിരിഞ്ഞു പ്രവാചകന്റെ ദൂതു, “ഇവിടെ ചിലരൊക്കെ വായും നാവും വീട്ടിൽ വച്ചിട്ടാണു വന്നിരിക്കുന്നതു,”അപകടമേറിയ അടുത്ത ദൂതു വരുന്നതു ഭയന്നു ജനം തൽക്കാലം ശ്വാസോച്ഛ്വാസത്തിനു അവധികൊടുത്തു സ്തോത്രത്തിനു ആക്കം കൂട്ടും…

മാത്രമല്ല പ്രവാചകനു പ്രസംഗം മൂക്കണം എങ്കിൽ അഭിഷേക കാംക്ഷികൾ സ്തോത്രം പറഞ്ഞു രംഗം കൊഴുപ്പിക്കണം!.. ജനത്തിനു ചൂടു പിടിച്ചാൽ പ്രവാചകനും ചൂടു പിടിക്കും..!!! ചുരുക്കം പറഞ്ഞാൽ നിയമപ്രകാരം അഹരോന്റെ താടിയിൽ നിന്നും ജനങ്ങളുടെ നടുവിലേക്കു ഒഴുകേണ്ടുന്ന അഭിഷേക തൈലം ഒരു ”റിവേർസ് ഗിയറിൽ” ജനങ്ങളിൽ നിന്നു അഹരോന്റെ താടിയിലേക്കു അടിച്ചു കയറ്റുന്നു.

എന്നാൽ എബ്രായ ലേഖനത്തിൽ പറയുന്നതു “അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം” എന്നാകുന്നു. കർത്താവിന്റെ നാമത്തെ നാം ഏറ്റു പറയുന്നതാണു സ്തോത്രയാഗം. അല്ലാതെ സ്തോത്രം, സ്തോത്രം എന്നു ആയിരം വട്ടം നിരർത്ഥകമായി ഉരുവിട്ടു കൊണ്ടിരിക്കുന്നതല്ല. കർത്താവായ യേശുവേ! എന്നുള്ള അവന്റെ നാമത്തെ നാം ഏറ്റു പറയണം. ഏറ്റു പറയുക എന്നു വെച്ചാൽ എന്താണു? ഒരുവൻ ഉരുവിടുന്ന ശബ്ദമോ വാക്കുകളോ മറ്റൊരുവൻ അതേപടി ഏറ്റു പറയുന്നതിനെയല്ല ഇവിടെ വിവക്ഷിക്കുന്നതു.

ക്രൈസ്തവ വീക്ഷണത്തിൽ നമ്മിൽ രണ്ടു വ്യക്തിത്വങ്ങളുണ്ടു. ഒരുവൻ അകമെയുള്ളവനും മറ്റവൻ പുറമെയുള്ളവനും. അകമെയുള്ളവൻ അതായതു നമ്മുടെ ആത്മാവു കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുവാൻ നമ്മുടെ ദേഹീമണ്ഡലമായ പുറമെയുള്ളവനെ പ്രേരിപ്പിക്കുമ്പോൾ ഉദാസീനരാകാതെ നമ്മുടെ നാവു കൊണ്ടു കർത്താവിന്റെ നാമത്തെ നാം ഏറ്റു പറയണം. അതാണു അധരഫലം എന്ന കാളകൾ! അതാണു അധരഫലം എന്ന സ്തോത്രയാഗം. പരപ്രേരണകൊണ്ടു ഉരുവിടുന്ന സ്തോത്രവും ഹല്ലേലൂയ്യായും പുറപ്പെട്ടു വരുന്നതു ജഡത്തിൽ നിന്നാണു. എല്ലാവരും ചേർന്നു ഒരു മൂന്നു ഹല്ലേലൂയ്യാ പറഞ്ഞേ, എന്നുള്ള ആഹ്വാനത്തിൽ ഉണ്ടാകുന്ന വികാരവിക്ഷേപണം ആത്മാവിൽ നിന്നും വരുന്നതല്ല. അതു നമ്മുടെ ജഡത്തിന്റെ വൈകാരിക തലത്തിൽനിന്നും ഉത്ഭവിക്കുന്നതാണു.

ആദ്യം നമ്മുടെ ആത്മാവു നിറയണം. ആത്മാവിന്റെ നിറവിൽ നിന്നും ഒഴുകി വരുന്ന പാട്ടുകളും പ്രാർത്ഥനകളും സ്തുതികളും പ്രബോധനങ്ങളും ആണു ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതു (എഫെസ്യർ 5:18). എന്നാൽ നമ്മുടെ ജഡത്തിൽ നിന്നും പുറപ്പെട്ടു വരുന്ന എന്തിനേയും ദൈവം വെറുക്കുന്നു. കാരണം ദൈവം ജഡമയൻ അല്ല. ദൈവം ആത്മാവാകുന്നു.

കൊരിന്ത്യലേഖനത്തിൽ കർത്താവു ആത്മാവാകുന്നു എന്നു പറയുന്നു. കർത്താവുമായി പറ്റിചേരുന്നവൻ അവനുമായി ഏകാത്മാവാകുന്നു. അതുകൊണ്ടു ആത്മാവാകുന്ന കർത്താവുമായി ബന്ധപ്പെടുവാൻ നമ്മുടെ ആത്മാവിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. സ്തോത്രമെന്ന യാഗാർപ്പണവും അങ്ങനെ തന്നെ !!

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.