കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്ന്; തെളിവുണ്ടെന്ന് മൈക്ക് പോംപിയോ

by Vadakkan | 18 May 2021 11:58 AM

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായ കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. തെളിവുകള്‍ ഇതാണ് വ്യക്തമാക്കുന്നതെന്നും മൈക്ക് പോംപിയോ പറഞ്ഞു. ചൈനയില്‍ നിന്ന് പുറത്തുവരുന്ന ജൈവായുധ വാര്‍ത്തകളിലും വാസ്തവം ഉണ്ടെന്നും പോംപിയോ പറഞ്ഞു.

ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പോംപിയോയുടെ വെളിപ്പെടുത്തല്‍. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ വൈറസിന്റെ ഉറവിടം മൂടിവെയ്ക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പ്രവേശിക്കാന്‍ അന്താരാഷ്ട്ര സംഘത്തിന് അനുമതി നിഷേധിച്ചതും ഇതിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് പോംപിയോ ആരോപിച്ചു.

എന്നാല്‍ ചൈനയില്‍ നിന്നും സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. ജൈവയുദ്ധത്തിനുളള സാദ്ധ്യതകളും തളളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാര്‍സ് കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ ചൈനയിലെ ശാസ്ത്രജ്ഞര്‍ ആലോചിച്ചിരുന്നതായ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരു ഓസ്‌ട്രേലിയന്‍ ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇതിന് ശേഷം വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് ലോകരാജ്യങ്ങളില്‍ നിന്ന് വീണ്ടും ആവശ്യം ഉയര്‍ന്നിരുന്നു. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ചൈന സുതാര്യമായ നിലപാടുകളല്ല സ്വീകരിച്ചതെന്നും അതാണ് നിരവധി ലോകരാജ്യങ്ങള്‍ക്ക് തന്നെ വെല്ലുവിളിയായി മാറിയതെന്നും നിലവിലെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണും ആരോപിച്ചിരുന്നു.

Source URL: https://padayali.com/%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8b%e0%b4%a3-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%82-%e0%b4%b5/