കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കടലിന്റെ മക്കൾ

കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കടലിന്റെ മക്കൾ
August 24 09:56 2018 Print This Article

‘ഇവർ കടലിന്റെ മക്കൾ… നാടിന്റെ രക്ഷകർ’. മലപ്പുറം ജില്ലയിലെ കടലോരത്തുനിന്നു തുടങ്ങിയതാണ് അവരുടെ രക്ഷായാത്ര. കുത്തിയതോട്, ആലുവ, പറവൂർ പ്രദേശങ്ങളിൽ കണ്ടറിഞ്ഞും കേട്ടറിഞ്ഞും സാധ്യമായ ഇടങ്ങളിലൊക്കെ അവർ രക്ഷയുടെ തുഴയെറിഞ്ഞെത്തി. വ്യാഴാഴ്ച മലപ്പുറത്തുനിന്ന് ലോറിയിൽ വള്ളങ്ങളും കയറ്റി പുറപ്പെടുകയായിരുന്നു 60 മത്സ്യത്തൊഴിലാളികൾ.

ആദ്യദിനം ചാലക്കുടിയിലായിരുന്നു. അവിടെ രക്ഷാപ്രവർത്തനങ്ങൾക്കുശേഷം ഇവർ വെള്ളിയാഴ്ച എറണാകുളത്തെത്തി. തുടർന്നുള്ള മൂന്നുദിവസം കൈമെയ് മറന്നുള്ള സേവനമായിരുന്നു.വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലൂടെ ബോട്ടുകൊണ്ടുപോകുമ്പോൾ ചിലയിടങ്ങളിൽ അധികം ആഴമില്ലാത്തതിനാൽ വള്ളങ്ങളുടെ അടിവശം തറയിൽ തട്ടും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ രക്ഷിച്ചുകൊണ്ടു വരുന്നവരെ വള്ളത്തിലിരുത്തി നിരക്കിമാറ്റി കരയ്ക്കെത്തിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. 

ദുരിതമനുഭവിക്കുന്ന മറ്റു പ്രദേശങ്ങളിൽ പോയി സേവനം ചെയ്തതിൽ മലപ്പുറം ജില്ല മൊത്തത്തിൽ അഭിമാനിക്കുന്നുവെന്ന് മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള അറിയിച്ചു. എറണാകുളത്തേക്ക് അഞ്ച് ബോട്ടുകളിലായി 48 പേരും തൃശ്ശൂരിലേക്ക് രണ്ടുബോട്ടുകളിലായി 12 പേരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. മലപ്പുറത്തിന് പുറമേ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽനിന്ന് തങ്ങളുടെ ബോട്ടുകൾ ലോറിയിൽ കെട്ടിക്കൊണ്ടുവന്ന് മത്സ്യത്തൊഴിലാളികൾ എറണാകുളത്തിന്റെ ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കിയിരുന്നു.

ചെങ്ങന്നൂരിലെ നക്ഷത്രങ്ങൾ പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും കുട്ടനാട്ടിലും കാർത്തികപ്പള്ളിയിലും രക്ഷാപ്രവർത്തനത്തിനു മുന്നിൽനിന്നത് കടലിന്റെ മക്കളായിരുന്നു. മത്സ്യത്തൊഴിലാളികൾ പ്രളയദുരിതത്തിൽപ്പെട്ടവരെ മരണമുഖത്തുനിന്ന് കൈപിടിച്ചുയർത്തി രക്ഷപ്പെടുത്തിയത് 65,000 പേരെയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ആഗസ്റ്റ് 15 മുതൽ 20 വരെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 2,826 മത്സ്യത്തൊഴിലാളികളും 699 മത്സ്യബന്ധന വള്ളങ്ങളുമാണ് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് ഇവിടേക്കെത്തിച്ചത്. 2826 മത്സ്യത്തൊഴിലാളികൾ കൈമെയ് മറന്ന് ദൗത്യത്തിൽ അണിനിരന്നു. ദുരന്തവിവരം അറിഞ്ഞതിനെ തുടർന്ന് മന്ത്രി ജി. സുധാകരനും മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജനും ഇടപെട്ട് വിവിധസംഘടനകളുടെ സഹകരണത്തിലാണ് വള്ളങ്ങളും മത്സ്യ തൊഴിലാളികളും രംഗത്തെത്തിയത്.

ഇവരുടെ സേവനം ഏറെ പ്രയോജനപ്പെട്ടത് ചെങ്ങന്നൂരിലായിരുന്നു. പത്തനംതിട്ട ടൗൺ,തിരുവല്ല, ചെങ്ങന്നൂർ,വൈക്കം, ആലുവ, കടമ്മക്കുടി, മാള, ചാലക്കുടി, ആലത്തൂർ, ഷൊർണ്ണൂർ, പുരത്തൂർ,പൊന്നാനി, മുക്കം എന്നിവിടങ്ങളിൽ നിന്ന് 13,000 പേരെ രക്ഷപ്പെടുത്തി.18ന് ചെങ്ങന്നൂരിൽ കൺട്രോൾ റൂം തുറന്നു. ഇവിടെ 537 ബോട്ടുകൾ സജ്ജമാക്കിയെങ്കിലും 514 ബോട്ടുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. 20,000 പേരെ ചെങ്ങന്നൂർ പ്രദേശത്തു നിന്നു മാത്രം രക്ഷപ്പെടുത്തി.19ന് 672 വളളങ്ങൾ സജ്ജമാക്കിയെങ്കിലും 656 വളളങ്ങളേ ഇറങ്ങിയുള്ളൂ. 5000 പേരെ ചെങ്ങന്നൂർ പ്രദേശത്ത് നിന്ന് ക്യാമ്പുകളിൽ എത്തിച്ചു. 656 വളളങ്ങൾ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, കുട്ടനാട്, ആലുവ, മാള, തുരുത്തിപ്പുറം, വളളിക്കുന്ന്, താനൂർ,കോഴിക്കോട്, ചാലക്കുടി എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. മൊത്തം 667 യാനങ്ങളിൽ 2927 മത്സ്യത്തൊഴിലാളികൾ അഞ്ച് ദിവസം തുടർച്ചയായി പ്രവർത്തിച്ചാണ് ഇത്രയും ആളുകളെ രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

കടലിന്റെ മക്കളെ അനുമോദിച്ച് സോഷ്യൽ മീഡിയ ‘ഇടിയും പേമാരിയും കാറുംകോളും ഏതുനിമിഷവും വരുമെന്നറിഞ്ഞ് കടലിൽ പോകുന്ന കടലിന്റെ മക്കൾ തന്നെയാണ് കേരളത്തിന്റെ സൈന്യം’ ഷെയർ ചെയ്ത് വരുന്ന ചില പോസ്റ്റുകളിൽ ഒന്നാണിത്. ‘മത്സ്യത്തൊഴിലാളി സൈന്യത്തെ നെഞ്ചോട് ചേർക്കുന്നു ഹൃദയാഭിവാദ്യങ്ങൾ’, ‘കേരളത്തിന്റെ യഥാർഥരക്ഷാസൈന്യം കടലിന്റെ മക്കൾ’ എന്നിങ്ങിനെ ഒട്ടേറെ പോസ്റ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയേകി പ്രചരിക്കുന്നത്.

പ്രളയക്കെടുതിയില്‍ നാട്ടിനു വേണ്ടി കയ്യും മെയ്യും മറന്ന് സേവനം നടത്തിയ കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് കേരള പൊലീസും. ഔദ്യോഗില ഫേസ്ബുക് പേജിലൂടെ അവർക്ക് ”ബിഗ് സല്യൂട്ട്” നൽകിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം .എന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്: കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍…കടലിന്റെ മക്കള്‍ …. മഹാപ്രളയം തീര്‍ത്ത ദുരന്തമുഖത്തു കുതിച്ചെത്തി ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്…

അവരുടെ വീടുകളിൽ തിര അടിച്ചു കയറിയപ്പോൾ നമ്മൾ പറഞ്ഞു എന്തിനാ കടലിന്റെ കരയിൽ പോയി വീട് വെച്ചേ ..അവരുടെ മക്കൾ കടലിൽ തിരയിൽ പെട്ടപ്പോൾ നമ്മൾ ചോദിച്ചു എന്തിനാ തിര ഉള്ളപ്പോൾ കടലിൽ പോയത് .. പ്രളയം വന്നു ജീവൻ എടുക്കാൻ നേരം അവരെ ആരും വിളിച്ചില്ല.. അവരും ആരോടും ചോദിച്ചില്ല.. കുത്തൊഴുക്കും മലവെള്ളവും തങ്ങളുടെ ജീവന് ഭീഷണി ആണെന്ന് അവർക്ക് തോന്നിയില്ല… ജീവിതത്തിലെ ആകെ ഉള്ള സമ്പാദ്യമായ അവരുടെ ബോട്ടും വള്ളവുമായി അവർ ഓടി എത്തി.. അവർക്ക് മുന്നിൽ മനുഷ്യ ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു..

.അതെ അവർ മനുഷ്യർ ആണു മറ്റു മനുഷ്യരുടെ ജീവൻ സ്വന്തം ജീവൻ പോലെ കാണുന്ന പച്ച മനുഷ്യർ..കടലിന്റെ മക്കൾ..

ലണ്ടൻ ബിസിനസ്സ് ഹബ് ‘ Canary Wharf ‘ ഡിസ്പ്ളേ ബോർഡിൽ തെളിഞ്ഞു നീങ്ങുന്ന ഒരു ന്യൂസ്‌…” Local boatmen the heroes of flood rescues in India’s Kerala”

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.