കേരളത്തില്‍ ഏഴ് ജില്ലകളില്‍ ലോക്ഡൗണ്‍ ഇളവ് നാളെ മുതല്‍

കേരളത്തില്‍ ഏഴ് ജില്ലകളില്‍ ലോക്ഡൗണ്‍ ഇളവ് നാളെ മുതല്‍
April 19 19:52 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍. ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിലാണ് തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഓറഞ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളില്‍ ഭാഗിക ഇളവുകളാണ് അനുവദിച്ചത്.

മേല്‍പ്പറഞ്ഞ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ നിബന്ധനകളോടെ വാഹനങ്ങള്‍ റോട്ടിലിറക്കാന്‍ അനുമതിയുണ്ട്. ഒറ്റനമ്ബറില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്ബറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി. ഇരട്ടനമ്ബറുകളില്‍ അവസാനിക്കുന്ന നമ്ബറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

എന്നാല്‍ ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാഹന നിയന്ത്രണം ബാധകമല്ല. അടിയന്തര സന്ദര്‍ഭങ്ങളില്‍ നമ്ബര്‍ വ്യത്യാസമില്ലാത്ത വാഹനങ്ങള്‍ അനുവദിക്കും. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക് അകത്തുമാത്രമായിരിക്കും വാഹനം ഓടിക്കാനാവുക. ഓട്ടോ ഉള്‍പ്പെടെ ടാക്‌സി, കാബ് സര്‍വിസുകള്‍ക്ക് മേയ് മൂന്ന് വരെ അനുമതിയില്ല. ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ മാത്രമേ രണ്ട് പേരെ അനുവദിക്കൂ. മുഴുവന്‍ സ്വകാര്യ വാഹനങ്ങളിലും ഡ്രൈവര്‍ക്ക് പുറമെ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

ജില്ല അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ല അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ഓറഞ്ച് എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ 24 ന് ഇളവ് പ്രാബല്യത്തില്‍ വരും. റെഡ് കാറ്റഗറിയിലുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മേയ് മൂന്നുവരെ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരും. മേയ് മൂന്ന് വരെ ഒരുജില്ലയിലും ബസ് സര്‍വിസ് ഉണ്ടായിരിക്കില്ല. ഗ്രീന്‍ സോണില്‍ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ ആള്‍ക്കൂട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, മതസാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങള്‍ക്ക് ഇളവ് ബാധകമല്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.