കേരളത്തിന്റെ പുനർനിർമിതിക്ക് മാധ്യമങ്ങൾ ക്രിയാത്മക പങ്ക് നിർവഹിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പുനർനിർമിതിക്ക് മാധ്യമങ്ങൾ ക്രിയാത്മക പങ്ക് നിർവഹിക്കണമെന്ന് മുഖ്യമന്ത്രി
November 22 00:36 2018 Print This Article

പ്രളയ ഘട്ടത്തിൽ മാധ്യമങ്ങൾ പ്രശംസനീയമായ ഇടപെടൽ നടത്തി. പ്രളയത്തിന്റെ യഥാർഥ ചിത്രം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ പുനർനിർമാണത്തിന്റെ കാര്യത്തിൽ മാധ്യമങ്ങൾക്ക് ആവശ്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ല. ആ ഇടപെടൽ മാധ്യമങ്ങളിൽനിന്നുണ്ടാകണം.

കേരള പത്രപ്രവർത്തക യൂണിയൻ(കെയുഡബ്ല്യുജെ) സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ–-സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ശ്രേഷ്ഠമായ പ്രവർത്തനമാണ് ആദ്യകാലങ്ങളിൽ മാധ്യമങ്ങൾ നിർവഹിച്ചത്‌. പിന്നീട് ചില നിക്ഷിപ്ത താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലയിലേക്ക് മാധ്യമങ്ങളെ മാറ്റി. വലിയ കുത്തകകൾക്കാണ് രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളുടെയും ഉടമസ്ഥാവകാശം.

ചില മാധ്യമങ്ങളെ അവർ വില കൊടുത്തുവാങ്ങുന്നു. തെരഞ്ഞെടുപ്പ് രംഗത്ത് മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഇവർ ഉപയോഗിക്കുന്നു. ഇതുകാരണം മാധ്യമങ്ങൾക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് മാധ്യമ പ്രവർത്തകരുടെ വീഴ്ചകൊണ്ടല്ല സംഭവിച്ചത്‌. അവർ നിസ്സഹായരാണ്. മാറാൻ നിർബന്ധിക്കപ്പെടുകയാണ്. ഇല്ലെങ്കിൽ ജോലിയെ ബാധിക്കും. ആഗോള മാധ്യമങ്ങളും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നില്ല. ഇറാഖിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിൽ 31,000 കോടി കേരളത്തിന് നഷ്ടമുണ്ടായെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

നമുക്ക് കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ കഴിയുന്നത്‌ 4000 കോടി മാത്രമാണ്. എത്ര കിട്ടുമെന്ന് ഉറപ്പില്ല. കിട്ടിയാലും 26,000 കോടിയിലധികം ഇനിയും വേണം. സംസ്ഥാന ഖജനാവിന് വേണ്ടത്ര ശേഷിയില്ല. ഈ സാഹചര്യത്തിലാണ് വിദേശ ധനസഹായത്തിന് സർക്കാർ ശ്രമിച്ചത്‌. നമുക്ക് കിട്ടുമായിരുന്ന വിദേശ സഹായങ്ങൾ കേന്ദ്ര സർക്കാർ ഇല്ലാതാക്കി. യുഎഇ ഭരണാധികാരി 100 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്‌തു.

ആദ്യം അനുകൂലിച്ച പ്രധാനമന്ത്രി പിന്നീട് വാക്കുമാറ്റി. ഇതുകാരണം മറ്റുപല രാജ്യങ്ങളിൽനിന്ന് കിട്ടുമായിരുന്ന സഹായവും നഷ്ടമായി. മലയാളികളുള്ള വിദേശ രാജ്യങ്ങളിൽ പോയി സഹായം തേടാൻ മന്ത്രിസഭ മന്ത്രിമാരെ നിശ്ചയിച്ചു. അതിനും കേന്ദ്ര അനുമതി നിഷേധിച്ചു.

ഇത്തരം വിഷയങ്ങൾ ഗൗരവപൂർവം റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞോ എന്ന് മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. കേരളത്തിന്റെ താൽപ്പര്യം ഉയർത്തിക്കാണിക്കാൻ പറ്റിയോ എന്നും പരിശോധിക്കണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.