കേരളം വലിയൊരു വൃദ്ധസദനം

കേരളം വലിയൊരു വൃദ്ധസദനം
March 20 08:20 2021 Print This Article

വിദ്യാഭ്യാസം വേണോ കേരളത്തിന് പുറത്തു പോകെണം. ജോലി വേണോ കേരളത്തിന് പുറത്തു പോകണം.അരി ആന്ധ്രയിൽ നിന്ന് വരണം.പച്ചക്കറി തമിഴ്നാട്ടിൽനിന്നും വരണം.പണം ഗൾഫിൽനിന്ന് വരണം.ഒരു ചെറിയ ഫാം തുടങ്ങണമെങ്കിൽ നൂറുപേർക്ക് കൈക്കൂലി കൊടുത്താലും നിങ്ങൾക്ക് ലൈസൻസ് കിട്ടുകയില്ല.ഒരു ചെറിയ വർക്ക് ഷോപ്പ് അല്ലെങ്കിൽ കുടിൽവ്യവസായം തുടങ്ങിയാൽ നിങ്ങളുടെ വാതുക്കൽ പിറ്റേന്നാൾ കൊടി കുത്തിയിരിക്കും അതെ ഞാൻ ജനിച്ചുവളർന്ന നാട്.

അവിടെ ജീവിക്കുവാനും ജോലി ചെയ്യുവാനും ഇന്ന് സാധ്യതകളും സാഹചര്യങ്ങളും ഇല്ലാതായിരിക്കുന്നു. തഴച്ചുവളരുന്ന ചില വ്യവസായങ്ങൾ കള്ളക്കടത്തും കൊട്ടേഷൻ സംഘങ്ങളും മദ്യ ലോബികളും മയക്കുമരുന്ന് കച്ചവടവും സ്വർണ്ണ കള്ളക്കടത്തും പിന്നെ രാഷ്ട്രീയവും മാത്രമാണ്. നമ്മൾ ആരും കാണാതെ പോകുന്ന മറ്റൊരു വളർന്നുവരുന്ന വ്യവസായം ആശുപത്രികളാണ്. അതിനു കാരണം രാഷ്ട്രീയക്കാരുടെ ഒത്താശയോടുകൂടി ആഹാരസാധനങ്ങളിൽ അമിത ലാഭം കൊയ്യുന്നതിനുവേണ്ടി വൻതോതിൽ മായവും വിഷവും കയറ്റി സാധാരണ മനുഷ്യ ജീവിതങ്ങളെ നിത്യരോഗികൾ ആക്കുന്ന രാഷ്ട്രീയ – ബിസിനസ് ലോബികൾ കേരളമെന്ന കേരളത്തെ വരിഞ്ഞു മുറുക്കി കഴിഞ്ഞു..

കേരളം ഇന്ന് ഒരു വലിയ വൃദ്ധസദനം ആയിക്കൊണ്ടിരിക്കുന്നു. കാരണം ജീവിക്കാൻ ഗതിയില്ലാതെ അന്യദേശത്ത് പോയി ജോലി ചെയ്ത് കുടുംബം പുലർത്തേണ്ട അവസ്ഥയിലാണ് എല്ലാവരുടെയും മക്കൾ. എന്നാൽ ഇതൊന്നും രാഷ്ട്രീയക്കാർക്ക് വിഷയമല്ല. കാരണം അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും അനേക തലമുറയ്ക്കുവേണ്ടി വിദേശ കമ്പനികളിൽ നിന്ന് വരെ കൈക്കൂലി വാങ്ങി മറ്റു രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും നിക്ഷേപിച്ച് അവർ സുഖമായി ജീവിക്കുന്നു. വോട്ട് ചെയ്ത് സാധാരണജനം കിറ്റിനു വേണ്ടി വായും പൊളിച്ച് ഇരിക്കുന്നു. രാഷ്ട്രീയക്കാരൻ പനി വന്നാൽ അമേരിക്കയിൽ പോയി ചികിത്സിക്കുന്നു. സാധാരണ ജനങ്ങൾക്ക് എത്ര ഗുരുതരമായ സാഹചര്യം ആയാലും ചികിത്സിക്കുവാൻ പണം തേണ്ടെണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

പാലം പണിതാലും അഴിമതി, സ്കൂൾ പണിതാലും അഴിമതി, റോഡ് പണിതാൽ അഴിമതി, കിറ്റിൽ വരെ അഴിമതിയാണ്. അതുമാത്രമല്ല നാട്ടിലുള്ളവരുടെ ആകെ ആശ്രയമാണ് ഗവൺമെൻറ് ജോലി… അതിൽ വരെ രാഷ്ട്രീയ ബന്ധുക്കളെയും അവരുടെ അച്ചാരം വാങ്ങി നക്കുന്ന ഗുണ്ടകളെയും തിരുകി കയറ്റുന്നു. പരീക്ഷകളുടെ ചോദ്യപേപ്പറുകൾ മുൻകൂട്ടി അണികൾക്ക് നൽകുന്നു. റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെടുന്നു… താൽക്കാലിക നിയമനങ്ങൾ കൊടുത്ത ശേഷം അവരെ സ്ഥിരപ്പെടുത്തുന്നു… പാടുപെട്ട് ലോണെടുത്ത് പഠിച്ച പല ഉദ്യോഗാർഥികളും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.

ഇത്രയും അധാർമ്മികത വരുത്തി വെച്ചിട്ടും വീണ്ടും വോട്ടിനുവേണ്ടി എൻറെയും നിങ്ങളുടെയും മുന്നിൽ കൂപ്പുകൈകളോടെ വന്നു നിൽക്കുന്നു.ഇതിനു മുൻപ് ഭരിച്ചവർ ആകട്ടെ ഇതിനെക്കാൾ ഏറെ അധാർമികതകൾ വരുത്തി വച്ചിട്ടാണ് കടന്നുപോയത്. അതായത് വിദ്യാഭ്യാസമുള്ള ഒരു ജനതയ്ക്ക്, 100% സാക്ഷരത എന്ന് അഭിമാനിക്കുന്ന കേരളജനതയ്ക്ക് ചിന്താശേഷിയും വിവരവും നഷ്ടപ്പെട്ടു പോയോ എന്നു ആലോചിക്കേണ്ടിയിരിക്കുന്നു.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങൾ തെരുവിൽ അലയുമ്പോൾ നാലാം ക്ലാസുകാരൻ വൈദ്യുതിമന്ത്രി. വെട്ടാനും കുത്താനും നടക്കുന്നവർ നമ്മുടെ നേതാക്കന്മാർ. അപ്പോൾ നമ്മുടെ നേതാക്കന്മാർ ആരെന്ന് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു. അവരാണ് കേരളത്തിൻറെ വൈദ്യുതിയെ പറ്റി അതിന്റെ നിലപാടുകളെ പറ്റി തീരുമാനങ്ങൾ എടുക്കേണ്ടവർ എന്നത് ഒരു ചെറിയ ഉദാഹരണം മാത്രം.

എങ്ങനെ രാഷ്ട്രീയക്കാരുടെ മക്കളും കൊച്ചു മക്കളും ഒക്കെ ഇത്ര ധനികരായി..? എന്നാണ് ഈ ശാപം കേരളത്തിൽ നിന്നും പോവുക. ഒരു നല്ല റോഡിന്, ഒരു നല്ല പാലത്തിനു, ഒരു നല്ല ആശുപത്രി സേവനങ്ങൾക്കു നാമെന്നു വരെ കാത്തിരിക്കേണ്ടിവരും.? ഈ രാഷ്ട്രീയം ഇന്ന് വെറും ഒരു ഗെയിം ആയി മാറിയിരിക്കുന്നു ധാർമികതയും വിദ്യാഭ്യാസവും ഒട്ടും വേണ്ടാത്ത മറ്റൊരു പണിക്കും കൊള്ളില്ലാത്ത കുറെ ആളുകൾ ഒത്തുകൂടിയാൽ അതൊരു രാഷ്ട്രീയ പാർട്ടിയായി. നാമിന്ന് ശബ്ദിച്ചില്ല എങ്കിൽ നമുക്ക് വേണ്ടി നാളെ ആരും ശബ്ദിക്കാൻ ഉണ്ടാവുകയില്ല.

അവിടെയാണ് ട്വൻറി20 പോലെയുള്ള പ്രസ്ഥാനങ്ങളുടെ ഉയർത്തെഴുനേൽപ്പ് അനിവാര്യമായിരിക്കുന്നതു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് പരിമിതമായ അളവിൽ അവർക്ക് കിട്ടിയ എല്ലാ അവസരങ്ങളും ഏറ്റവും മനോഹരമായ കാഴ്ച വെച്ചു 15 കോടിയിലേറെ മിച്ചം പിടിച്ച് ഒരു നാടിനെ ലോകജനത ആകർഷിക്കത്തക്ക രീതിയിൽ ആക്കിയെടുത്തു എങ്കിൽ നമ്മൾ ഇനി 73 വർഷം പരീക്ഷിച്ച് അതേ വിഡ്ഢിതരത്തിന് വീണ്ടും നമ്മൾ കൈനീട്ടേണ്ടതുണ്ടോ…? ഈ അവസരം കേരള ജനത പാഴാക്കാതിരിക്കുക. ഇടത് ജയിച്ചാലും വല്ലതും ജയിച്ചാലും ഇതിനു മുൻപ് നമ്മൾക്ക് കിട്ടിയിരുന്ന ഗുണവും മണവും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് നിസംശയം നമുക്ക് ഏവർക്കും അറിയാം. അറിഞ്ഞുകൊണ്ട് എന്തിന് നമ്മളെ വിഷം വാങ്ങി കഴിക്കുന്നു. മറിച്ച് ഒരു ചിന്ത ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവേണ്ടത് വളരെ ആവശ്യമായിരിക്കുന്നു.

ഇനിയും നാം കാത്തിരിക്കേണ്ടതുണ്ടോ… രാഷ്ട്രീയക്കാരുടെ പകപോക്കലീ ന്റെ ഇടയിൽ എത്രയോ അമ്മമാർ കണ്ണുനീരോടെ കഴിയുന്നു… എത്രയോ സ്ത്രീകൾ വിധവകൾ ആക്കപ്പെട്ടു . എത്രയോ കുടുംബങ്ങൾക്ക് നാഥനില്ലാത്ത സാഹചര്യമുണ്ടായി, അത് മാത്രമല്ല പാർട്ടി അണികൾ ചെയ്തുകൂട്ടിയ കൊലപാതകങ്ങൾക്കും ബലാൽസംഗങ്ങളും നീതി തേടി തലമൊട്ടയടിച്ച് എത്രയോ അമ്മമാർ കണ്ണുനീരോടെ കാത്തിരിക്കുന്നു. അത്തരമൊരു സാഹചര്യം എന്നെയും നിങ്ങളെയും തേടി വരുന്നത് വരെ കാത്തിരിക്കേണ്ട ഉണ്ടോ..?

ഓർക്കുക അവസരം അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം നമ്മളെ തേടിയെത്തുന്നു. മധുര വാക്കുകളിൽ മനം മയങ്ങാതെ യാഥാർത്ഥ്യബോധത്തോടെ കൈകൾ നീട്ടുക. ജീവിതത്തിൽ വിശ്വസ്തതയോടെ ജീവിച്ച് നിങ്ങളുടെ ഇടയിൽ തന്നെ മാന്യതയോടെ ജീവിക്കുന്ന ട്വൻറി 20 യുടെ എല്ലാ സ്ഥാനാർഥികൾക്കും അവരുടെ ആശയങ്ങൾക്കും നാം കൂട്ടു നിന്നില്ലെങ്കിൽ നമുക്കേവർക്കും നഷ്ടപ്പെടുന്നത് തിരിച്ചു കിട്ടാൻ സാധ്യതയില്ലാത്ത ഒരു ലോകം ആയിരിക്കും എന്ന് നിസംശയം പറയാം.

ബ്ലസ്സൺജി, ഹൂസ്ററൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.