കൃപായുഗത്തിൽ പരിശുദ്ധാത്മാവിനെ അഗ്നി എന്ന് വിശേഷിപ്പിക്കുന്നത് വചന വിരുദ്ധം

കൃപായുഗത്തിൽ പരിശുദ്ധാത്മാവിനെ അഗ്നി എന്ന് വിശേഷിപ്പിക്കുന്നത് വചന വിരുദ്ധം
February 01 02:51 2019 Print This Article

പരിശുദ്ധാത്മാവിനെ അഗ്നിയോടുപമിച്ചു കൊണ്ടുള്ള ചിന്തകൾ പെന്തെക്കോസ്ത് സഭകളിലെ ചില നേതാക്കൾക്കിടയിൽ ആരംഭകാലം മുതൽ തന്നെ സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും സഭാഅംഗങ്ങളും ശുശ്രൂഷകരും അത്തരം ചിന്തകളെ പടിക്ക് പുറത്ത് നിർത്തിയിരുന്നതിനാൽ പ്രസ്തുത ചിന്തകൾ ഇതുവരെ സഭയെ വലിയ തോതിൽ ദോഷകരമായി ബാധിച്ചിട്ടില്ല. അടുത്തിടെ ഇറങ്ങിയ അന്ത്യകാല അഭിഷേകം എന്നു തുടങ്ങുന്ന ഗാനത്തെയും പടിക്ക് പുറത്തുതന്നെ നിർത്തി പെന്തക്കോസ്തു സഭകൾ തങ്ങളുടെ വചനപരമായ ബോധ്യത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ചില വർഷങ്ങളായി ഈ വിഷയത്തിൽ ചില ശുശ്രൂഷകർ പ്രത്യേക താത്പര്യം കാണിക്കുകയും പ്രസംഗിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം
പെന്തക്കോസ്തുക്കാരെക്കൊണ്ട് പരിശുദ്ധാത്മാവിനെ അഗ്നി എന്ന് പറയിപ്പിച്ചേ അടങ്ങൂ എന്ന ചിന്തയിൽ മുന്നോട്ടുപോകുകയും ചെയ്യുന്നു.

റെയ്‌നാർഡ് ബോങ്കെയുടെ വരവോടുകൂടിയാണ് പരിശുദ്ധാത്മാവിനെ അഗ്നിയോടുപമിച്ചുകൊണ്ടുള്ള ചിന്തകൾ കേരളാ പെന്തെക്കോസ്തുകാർക്കിടയിൽ അധികമായി വിതയ്ക്കപ്പെട്ടത്. അവിടം മുതലാണ് ഫയർ കോൺഫറൻസ്, ഫയർ ഫെസ്റ്റ്, ഫയർ മിനിസ്ട്രി, ഡെലിവറൻസ് ബൈ ഫയർ, അഗ്നി അഭിഷേകം, അഗ്നി മഴ, ഫയർ വിങ്‌സ് തുടങ്ങിയ പേരുകളിൽ സമ്മേളനങ്ങളും സംഘടനകളും രംഗ പ്രവേശം ചെയ്യുന്നത്. ഇത്തരം ചിന്തകളുടെ നിലവിലെ പ്രചാരകരോ പ്രൊമോട്ടർമാരോ ആയി ചില പാസ്റ്റർമാർ പ്രവർത്തിക്കുന്നു എന്നത് വളരെ സങ്കടത്തോടെയാണെങ്കിലും പറയാതെ വയ്യ.

ഇക്കഴിഞ്ഞ കുമ്പനാട് കൺവൻഷനിലും പ്രസ്തുത ചിന്തയുടെ പ്രൊമോട്ടറായി അറിയപ്പെടുന്ന ഒരു ശുശ്രൂഷകൻ പരിശുദ്ധാത്മാവിനെ അഗ്നിയായി ചിത്രീകരിക്കുകയും വിശ്വാസികളെ കൊണ്ട് അത് ഏറ്റു പറയിപ്പിക്കാൻ ഒരു വൃഥാ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്തുകേട്ടാലും കയ്യും കാലുമിട്ടടിക്കുന്ന കുറേപ്പേർ ബഹളം വച്ചതൊഴികെ മറ്റൊന്നും സംഭവിച്ചില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സ്വർഗീയ ധ്വനിയിൽ എഴുതിയ ലേഖനത്തിന്റെ കാലിക പ്രാധാന്യം ഉൾകൊണ്ടും പലരുടെയും അഭ്യർത്ഥന മാനിച്ചും ചില വിശദീകരണങ്ങൾ കൂടെ നൽകി ഒന്നു കൂടി പ്രസിദ്ധീകരിക്കുകയാണ്.

പുതിയ നിയമത്തിൽ പരിശുദ്ധാത്മാവിനെ
അഗ്നിയോടുപമിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള രണ്ടു പരാമർശങ്ങളാണുള്ളത്. ഒന്ന്  മത്തായി 3:11ആണ്. ( യേശു ക്രിസ്തു, പരിശുദ്ധാത്മാവിലും തീയിലും സ്നാനം കഴിപ്പിക്കും) ഇതേ ഭാഗം തന്നെ വലിയ മാറ്റം കൂടാതെ ലൂക്കോസ് 3:16 ലും  രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങളിലേയും  പരാമർശം ഒന്നു തന്നെയാണെന്നതിനാൽ  അതിനെ ഒന്നായിതന്നെ ചിന്തിക്കാം.

യോഹന്നാൻ സ്നാപകൻ ഒരിക്കലും പരിശുദ്ധാത്മാവിനെയും അഗ്നിയെയും ഒന്നായി  കണ്ടിരുന്നില്ല, മറിച്ച് രണ്ടിനെയും രണ്ടു യാഥാർഥ്യങ്ങളായി കണ്ടുകൊണ്ട്‌ രണ്ടായിട്ടു തന്നെയാണ് പരാമർശിച്ചിരിക്കുന്നത് എന്ന കാര്യം മലയാള ദിനപത്രമെങ്കിലും വായിക്കുന്ന ഒരാൾക്ക് ഗ്രഹിക്കാൻ ഒട്ടും ബുദ്ധിമുട്ടുള്ളതല്ല. “Holy Spirit and the Fire ” (Matt 3.12 )എന്ന്   
ഏത് സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ വിശദീകരിച്ച് നല്കപ്പെട്ടിട്ടും രണ്ടും ഒന്നാണെന്ന് പറയുന്നതിലെ യുക്തി എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.

മത്തായി 3:11 ന്റെ മുകളിലും താഴെയുമുള്ള 10 ഉം 12 ഉം വാക്യങ്ങളിൽ  അഗ്നി എന്ന പ്രയോഗത്തിലൂടെ യോഹന്നാൻ നരകാഗ്നിയുടെ അഥവാ ന്യായവിധിയുടെ  അടയാളമോ സന്ദേശമോ ആണ് നല്കുന്നത് എന്ന കാര്യം എഴുതി വിവരിക്കേണ്ട ആവശ്യവുമില്ല. മാത്രവുമല്ല, പത്താം വാക്യത്തിൽ ഫലം കായ്ക്കാത്ത വൃക്ഷത്തെ വെട്ടി തീയിലിട്ടു കളയും എന്ന പ്രസ്താവനയും പന്ത്രണ്ടാം വാക്യത്തിലെ , പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളയും എന്ന പ്രസ്താവനയും തന്റെ ചുറ്റും കൂടി നിന്ന ജനത്തിൽ ഒരു വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടാണ്  യോഹന്നാൻ സ്നാപകൻ പറഞ്ഞത്. തന്റെ വാക്ക് കേട്ടു മാനസാന്തരപ്പെടുന്നവരെ പരിശുദ്ധാത്മാവിനാൽ നിത്യതയ്ക്കായി സൂക്ഷിക്കുമെന്നും മാനസാന്തരപ്പെടാത്തവരെ തീയിൽ നിമജ്ജനം ചെയ്യും അല്ലെങ്കിൽ മുക്കികളയും എന്നതായിരുന്നു യോഹന്നാൻ സ്നാപകന്റെ സന്ദേശത്തിന്റെ ഉള്ളടക്കം.

ഫല രഹിതമായ വൃക്ഷത്തെയും പതിരിനെയും സ്നാപകൻ ശിക്ഷായോഗ്യരും ഫല ശൂന്യരുമായ മനുഷ്യരോടാണ് ഉപമിക്കുന്നത്. തന്റെ ചുറ്റും വചനം കേൾക്കാൻ കൂടി നിൽക്കുന്ന വിഭാഗങ്ങളെ പറ്റിയുള്ള(രക്ഷയിലേക്ക് വരുന്നവരെയും ശിക്ഷാർഹരേയും ഉൾകൊണ്ടുള്ള) വിലയിരുത്തലാണ് അതെന്ന ബോധ്യം ലഭിക്കാൻ ഒരു വലിയ ഗവേഷണത്തിന്റെ ആവശ്യവുമില്ല. ലൂക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായം 7 മുതൽ 17 വരെയുള്ള വാക്യങ്ങൾ വായിച്ചാലും മേൽപ്പറഞ്ഞ കാര്യങ്ങൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാകുന്നതാണ്.

പരിശുദ്ധാത്മാവിലും അഗ്നിയിലും  എന്ന പ്രയോഗങ്ങൾ രക്ഷ , ശിക്ഷ എന്നീ രണ്ടു  സുപ്രധാന സന്ദേശങ്ങളുടെ പ്രതീകങ്ങൾ മാത്രമാണ്. തങ്ങളുടെ പ്രസംഗങ്ങളിൽ  രക്ഷയുടെയും ന്യായ വിധിയുടെയും സന്ദേശങ്ങളോ പ്രതീകങ്ങളോ ഉപയോഗിക്കുന്നത്  പഴയ നിയമ കാലത്തെ പ്രവാചകൻമാരുടെ പൊതുവായ ഒരു രീതിയായിരുന്നു. യെശയ്യാ പ്രവാചകനാകട്ടെ, രക്ഷക്കും ശിക്ഷക്കും പകരം കർത്താവിന്റെ പ്രസാദ വർഷമെന്നും പ്രതികാര ദിവസമെന്നുമാണ്  ആലങ്കാരികമായി പറഞ്ഞത്.(യെശയ്യാവ്.61:1,2)

യോവേൽ പ്രവാചകനും അന്ത്യകാലത്ത് പരിശുദ്ധാത്മാവിനെ പകരുന്ന വിഷയം അവതരിപ്പിച്ച ശേഷം തൊട്ടടുത്ത വാക്യത്തിൽ ന്യായ വിധിയുമായി ബന്ധപ്പെട്ട് “തീയും പുകയും” പരാമർശിക്കുന്നുണ്ട്.ദൈവത്തിന്റെ രക്ഷാ പദ്ധതിയെയും ന്യായ വിധി ദിവസത്തെയും യോവേൽ സംശയലേശമെന്യേ വിശദീകരിക്കുന്നുണ്ട്.(യോവേൽ. 2:27-32)

യോഹന്നാൻ സ്നാപകന്റെ പരിശുദ്ധാത്മാവും അഗ്നിയും എന്ന പ്രയോഗമാണെങ്കിലും യെശയ്യാ പ്രവാചകൻ ഉപയോഗിച്ച ദൈവത്തിന്റെ പ്രസാദ വർഷവും പ്രതികാര ദിവസവും എന്ന  പ്രയോഗമാണെങ്കിലും യോവേൽ പ്രവാചകന്റെ പരിശുദ്ധാത്മാവും, തീയും പുകയും എന്ന പ്രയോഗമായാലും ഇവ എല്ലാം തന്നെ പഴയ നിയമ കാലത്തെ പ്രവാചകരുടെ ദൂതുകളായിരുന്നു എന്ന് നമ്മൾ മനസിലാക്കണം.

എന്നാൽ അതേ പ്രയോഗങ്ങളെ യേശുവും അപ്പോസ്തലന്മാരും കൃപായുഗത്തിന്റെ പ്രത്യേകത ഉൾകൊണ്ട് കാല ഘട്ടത്തിനനുസൃതമായി അർത്ഥവത്തായി ഉപയോഗിച്ചതെങ്ങനെയെന്നും  നമ്മൾ അറിയണം.

പഴയനീയമത്തിലെ പ്രവാചകന്മാർ യേശുവിനെപ്പറ്റി പറഞ്ഞ ദൂതുകളിൽ കൃപായുഗത്തിന് ചേരാത്തവയെ യേശു ക്രിസ്തു ഒഴിവാക്കുന്നത് നമ്മൾ ശ്രദ്ധാപൂർവ്വം തിരിച്ചറിയണം.
യെശയ്യാവിന്റെ  പ്രസാദ വർഷവും പ്രതികാര ദിവസവും  എന്ന പ്രയോഗം യേശു ഉപയോഗിച്ചപ്പോൾ പ്രതികാര ദിവസം എന്ന പ്രയോഗം കൃപായുഗത്തിനു ചേരാത്തതിനാൽ വിട്ടുകളഞ്ഞു.(ലൂക്കോസ് 4:18,19) അതുപോലെ തന്നെ യോഹന്നാൻ സ്നാപകന്റെ  പരിശുദ്ധാത്മാവും തീയും എന്ന പ്രയോഗത്തിലെ തീയ് കൃപായുഗത്തിനു ചേരാത്തതിനാൽ യേശു ഒഴിവാക്കി(അപ്പൊ:1:5).

അതേ മാതൃകയിൽതന്നെ, പത്രോസും പെന്തെക്കോസ്തു നാളിൽ യോവേൽ പ്രവാചകന്റെ പ്രവചനം ഉദ്ധരിക്കുമ്പോൾ സകല ജഡത്തിന്മേലും പരിശുദ്ധാത്മാവിനെ പകരും എന്ന പ്രവചന ഭാഗത്തോടൊപ്പം “തീയും പുകയും” എന്ന ന്യായവിധിയെ സൂചിപ്പിക്കുന്ന ഭാഗം പരാമർശിച്ചുവെങ്കിലും തീയും പുകതൂണും എന്നത് കൃപായുഗത്തിന് ചേരാത്തതിനാൽ വിശദീകരണം നൽകാതെ
വിട്ടു കളയുകയും ചെയ്തു.

പരിശുദ്ധാത്മാവിനെ കൃപായുഗത്തിൽ അഗ്നിയോടുപമിക്കാൻ ഒരിക്കലും പാടില്ല എന്ന് ഗ്രഹിക്കാൻ മുകളിൽ നൽകിയിട്ടുള്ള വിശദീകരണം തന്നെ അധികമാണ്.

മുകളിൽ സൂചിപ്പിച്ച വിവാദ പ്രസംഗകന്റെ ന്യായ വാദമാകട്ടെ, കുമ്പനാട് കൺവൻഷനിൽ പരിശുദ്ധാത്മാവിനെ അഗ്നിയോടുപമിച്ചു പാടിയിട്ടുണ്ട് എന്നതിനാൽ ആ വ്യാഖ്യാനം തെറ്റല്ല എന്നാണ്. ഇതെങ്ങനെ അംഗീകരിക്കാൻ സാധിക്കും? ദൈവവചനത്തിൽ പറഞ്ഞിട്ടില്ലാത്തതും വചനം നമ്മോട് പറയാൻ ആവശ്യപ്പെടാത്തതുമായ ഒരു കാര്യം ഏതോ പാട്ടുകാരൻ പാടി എന്ന കാരണത്താൽ ക്രിസ്തീയ ഉപദേശമാകുന്നതെങ്ങനെയാണ്?

ഇനി മറ്റു ചിലരുടെ സംശയമാകട്ടെ, തീയിൽ
സ്നാനം കഴിപ്പിക്കും എന്ന സ്നാപക യോഹന്നാന്റെ പ്രയോഗത്തെ ന്യായവിധിയുമായി ബന്ധപ്പെടുത്താൻ എങ്ങനെ കഴിയും എന്നതാണ്! അതായത്‌, സ്നാനം എന്ന  പ്രയോഗം ന്യായവിധിയുമായി എങ്ങനെ യോജിക്കും എന്നതാണ് ചോദ്യത്തിന്റെ കാതൽ. പറയാം,

മൂല ഭാഷയിലെ പ്രയോഗങ്ങളായ Tabel (Hebrew), Baptidsmo(Greek), മാമോദിസ(Syrian) എന്നീ  വാക്കുകളെ നിമജ്ജനം ചെയ്യുക, ആഴ്ത്തുക, താഴ്ത്തുക, മുക്കുക എന്നൊക്കെയാണ് ശരിയായ നിലയിൽ വ്യാഖ്യാനിക്കേണ്ടത്. മേൽപ്പറഞ്ഞ അർത്ഥം ഉൾകൊള്ളുമ്പോൾതന്നെ ഓരോ കാര്യങ്ങളെയും അവയുടെ സന്ദർഭാനുസരണം പറയുന്ന “ധ്വനി” ഉൾകൊണ്ട് ഗ്രഹിക്കുകയും വേണം. ആ നിലയിൽ ചിന്തിക്കുമ്പോൾ തീയിൽ മുക്കികളയുന്നവനാണ് യേശു എന്നാണു യോഹന്നാൻ പറയുന്നതെന്ന് ഗ്രഹിക്കാൻ യാതൊരു പ്രയാസവുമില്ല. മാത്രവുമല്ല, ജീവന്റെ പുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും എന്ന വേദഭാഗം വായിച്ച് ഒന്നും കൂടി ധ്യാനിച്ചാൽ  പൊയ്കയിൽ വീഴുന്നവൻ മുങ്ങുമോ ഇല്ലയോ എന്ന് മനസിലാക്കാവുന്നതെയുള്ളൂ.

ഇനി സ്നാനം എന്ന മലയാള പദത്തെ പരിധി വിട്ട് ആരാധിക്കുന്നവരോട് പറയട്ടെ, സ്നാനം എന്ന പദത്തിന്   നിമജ്ജനം എന്ന് ഒരർത്ഥം മലയാളത്തിൽ ഇല്ല. മറിച്ച് കുളി എന്ന് മാത്രമാണ് അർഥം. അതാകട്ടെ ഷവറിന്റെ കീഴിൽ നിന്നുള്ള തളിക്കൽ പ്രക്രീയയുമാകാം. കോരി ഒഴിക്കുകയുമാവാം. എന്നിട്ടും നമ്മൾ മൂലഭാഷയിൽ നിന്ന് ശരിയായ അർഥം ഉൾക്കൊണ്ട്  സന്ദർഭോചിതമായി സ്നാനമെന്ന ആ പദത്തെ നിമജ്ജനം എന്ന തരത്തിൽ വ്യാഖ്യാനിക്കുന്നു ഒരു ചോദ്യവും കൂടാതെ. ഇതേ മാതൃകയിൽ തന്നെ ന്യായവിധിയെ സൂചിപ്പിച്ചുകൊണ്ടുള്ള, തീയിൽ സ്നാനം കഴിപ്പിക്കും എന്ന യോഹന്നാന്റെ വാക്കുകളെ സന്ദർഭവും സാഹചര്യവും നന്നായി ഗ്രഹിച്ചാൽ എങ്ങനെ വ്യാഖ്യാനിക്കണം എന്ന് ആരും നമുക്ക് ഉപദേശം തരേണ്ട കാര്യമില്ല.  

ശുദ്ധീകരണം എന്ന ചിന്ത മുൻ നിർത്തിയാണ് പരിശുദ്ധാത്മാവിനെ അഗ്നിയോട് ഉപമിക്കുന്നതെന്നാണ് മറ്റു ചിലരുടെ ന്യായീകരണം.

ആ നിലയിൽ വ്യാഖ്യാനിക്കണമെങ്കിൽ തന്നെ വചനം ആവശ്യപ്പെട്ടാൽ ചെയ്താൽ മതിയല്ലോ. അല്ലാതെ ന്യായവിധിയുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്ന ഭാഗം അടർത്തിയെടുത്ത് നമ്മുടെ ഇംഗിതത്തിനൊത്തപോലെ പറയാൻ നമുക്ക് അനുവാദമില്ല. എഴുതാപ്പുറം വായിക്കേണ്ട കാര്യമില്ല. മാത്രവുമല്ല, യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു എന്ന അതി മഹത്തായ പുതിയ നിയമ വെളിപ്പാടുള്ളപ്പോൾ പിന്നെ എന്തിനാണ് നമ്മൾ പഴയ നിയമത്തിൽ പറയുന്ന അലക്കുകാരന്റെ ചാര വെള്ളവും വെള്ളി ഊതിക്കഴിക്കുന്നവന്റെ തീയും മറ്റും അന്വേഷിച്ചു നടക്കുന്നത്? ഇസ്രയേലിനെ മഹോപദ്രവ കാലത്ത് ശുദ്ധീകരിക്കുന്ന രീതിയിലല്ല കൃപായുഗത്തിലെ ദൈവീക ഇടപെടൽ എന്നും കൂടി നാം ഗ്രഹിക്കണം. ഇവിടെ ഏതൊരു പാപിയെയും ഹിമം പോലെ ശുദ്ധീകരിക്കാനും പഞ്ഞിപ്പോലെ വെളുപ്പിക്കാനും യേശുവിന്റെ രക്തം മതി. അതിനപ്പുറത്തുള്ള വെളിപ്പാടുകൾ യേശുവിന്റെ രക്തത്തെ അവഹേളിക്കുന്നവയാണെന്ന് ഗ്രഹിക്കണം.

2 ദിനവൃത്താന്തം ഏഴാം അദ്ധ്യായത്തിൽ ശാലോമോന്റെ പ്രാർത്ഥന കഴിഞ്ഞു ആലയത്തിൽ തീ  ഇറങ്ങിയതായി വായിക്കുന്നു. പിന്നെ ആർക്കും ആലയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നും അവർ കൽത്തളത്തിൽ കവിണു വീണു എന്നും എഴുതിയിരിക്കുന്നു. അവിടെ നമ്മൾ എന്താണ് മനസിലാക്കേണ്ടത്? അടുത്തുപോകരുത് എന്ന താക്കീതാണ് ദൈവത്തിന്റെ തീയ് എപ്പോഴും നൽകിയത്.

ദൈവം പഴയ നിയമ കാലങ്ങളിൽ അഗ്നിയിൽ പ്രത്യക്ഷനാവുകയോ തന്റെ സാന്നിധ്യം അറിയിക്കാൻ അഗ്നി അയക്കുകയോ ചെയ്തിരുന്നു. പക്ഷെ അഗ്നിയുടെ പ്രത്യക്ഷത ഉണ്ടാകുമ്പോഴെല്ലാം ജനത്തിന്  കുറ്റ ബോധമുണ്ടാകുകയും ദൈവസന്നിധിയിൽ നിന്നും അകന്നു മാറുകയോ മാറ്റുകയോ ചെയ്തിരുന്നു. ദൈവത്തെപ്പറ്റി അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവൻ എന്ന ചിന്ത അവരിൽ ശക്തിപ്പെട്ടിരുന്നു. മഹാപുരോഹിതൻ പോലും ആണ്ടിലൊരിക്കൽ അതിപരിശുദ്ധലത്ത് മരണ ഭീതിയോടുകൂടിയാണ് കയറിച്ചെന്നത്. മോശ തീയിൽ വെളിപ്പെട്ട ദൈവത്തെ കണ്ട് അകന്നു മാറി നിൽക്കുകയായിരുന്നു. ദൈവത്തിന്റെ തീയ് ആകാശത്തുനിന്ന് വീണ് കത്തി ഇയ്യോബിന്റെ കൃഷിയിടം നശിച്ചുപോയി. ഏലിയാവു തീയിറക്കി ആളുകൾ കത്തി ചാമ്പലായി. ദൈവത്തിന്റെ തീയ് എന്തിനെയും കത്തിച്ചുകളയുന്നതാണ് എന്ന സന്ദേശം നാം വിസ്മരിച്ചു കൂടാ(എബ്രായർ 12:29).

മനുഷ്യരും മൃഗങ്ങളും കൃഷി ഇടങ്ങളും എന്തിനേറെ ചില ഭൂപ്രകൃതികൾ പോലും കത്തി ചാരമായ ചരിത്രമാണ് ദൈവത്തിന്റെ തീയ്-ക്ക് പറയാനുള്ളത്.

ഏലിയാവു ചെയ്തതുപോലെ ഞങ്ങൾ തീയിറക്കട്ടെ എന്ന് ചോദിക്കുന്ന ശിഷ്യന്മാരോട് യേശു പറഞ്ഞത്, നിങ്ങൾ ഏതാത്മാവിന് അധീനർ എന്ന് നിങ്ങൾ അറിയുന്നില്ല എന്നാണ്. അതിനർത്ഥം, പഴനീയമ കാലത്തെ  പ്രവർത്തന രീതിയല്ല ദൈവം പുതിയ നീയമകാലത്ത് വിഭാവനം ചെയ്യുന്നത് എന്നല്ലേ? തീയിറക്കുന്ന പരിപാടി പുതിയനിയമത്തിലില്ല. ഇത് കൃപായുഗമാണ്. ന്യായവിധിയുടെ സന്ദേശങ്ങൾക്കു കൃപായുഗം കഴിയുന്നതുവരെ വലിയ പ്രസക്തിയില്ല. എങ്കിലും അനന്യാസ് സഫിറാ  സംഭവങ്ങൾ പോലുള്ള ഒറ്റപ്പെട്ട വിഷയങ്ങൾ ഭാവിയിലേക്കുള്ള ഒരു അടയാളമെന്നവണ്ണം ദൈവം ചെയ്യുന്നു എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നുമില്ല . (ചെങ്കടൽ കടന്നത് പുതിയ നിയമ വിശ്വാസികൾക്ക് സ്നാനത്തിനു ഒരു മുൻകുറി ആയിരുന്നതുപോലെ).

കൃപയുടെ സന്ദേശത്തോടൊപ്പം ദൈവം ന്യായാധിപനാണെന്നുള്ള ഓർമപ്പെടുത്തൽ ഇടയ്ക്കു നല്ലതാണെങ്കിലും  ഇവിടെ കൃപയുടെ ദൂതുകൾക്കാണ് പ്രസക്തി കൂടുതൽ. ആ യാഥാർഥ്യം തിരിച്ചറിയാതെ തീയിറങ്ങട്ടെ , ദൈവമേ തീയ് അയക്കണമേ എന്ന് ചിലർ പ്രാർത്ഥിക്കുകയും പാടുകയും ചെയ്യുമ്പോൾ തങ്ങൾ ചെയ്യുന്നതെന്താണെന്ന് അവർ അറിയുന്നില്ല എന്നതാണ് വാസ്തവം.ചിലർ അറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിക്കുന്നു. ഒരിക്കൽ പരസ്യമായി വിളിച്ചു പറഞ്ഞത് പിന്നീട് തെറ്റാണ് എന്ന് ബോധ്യമുണ്ടായാലും പ്രസിദ്ധരായ പലരും തെറ്റ് അംഗീകരിക്കില്ല, പകരം ന്യായീകരണങ്ങൾ നിരത്തിക്കൊണ്ടേയിരിക്കും. അതാണ് പെന്തെക്കോസ്‌തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നമുക്കിടയിൽ വിരലിലെണ്ണാവുന്ന ചില പാസ്റ്റർമാർ ഈ വചന വിരുദ്ധമായ ചിന്തകളെ ഏറ്റുപിടിക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്നു. കുമ്പനാട് കൺവൻഷനിൽ ഒരു പാസ്റ്റർ വിളിച്ചു പറഞ്ഞതാകട്ടെ, അഗ്നി സ്നാനം ഒരു തിയറി എന്നതിനേക്കാൾ അനുഭവമാണ് എന്നത്രെ. അതേ സമയം അഗ്നി സ്നാനം എന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ, ഉപദേശിക്ക് പറയാനുള്ളത് എവിടെയോ പരിശുദ്ധാത്മാവ് വന്നപ്പോൾ ആരുടെയോ മുഖത്ത് തീജ്വാല അടിച്ചതുപോലെ അവർക്ക് തോന്നി എന്ന അനുഭവമാണ്. വചനം കൊണ്ട് അനുഭവത്തെ വിലയിരുത്തേണ്ടതിനു പകരം അനുഭവം കൊണ്ട് വചനത്തെ വ്യാഖ്യാനികുന്നതുകൊണ്ടുള്ള പ്രശ്നമാണിത്. പഠനം നിന്നുപോയ എല്ലാ പ്രസംഗകരുടെയും അവസ്‌ഥ ഇതു തന്നെയാണ്.

പരിശുദ്ധാത്മാവ് വന്നപ്പോൾ തീ കത്തുന്നതുപോലെ കണ്ടു  ,
ഭയങ്കര ചൂടായിരുന്നു. അതുകൊണ്ടു തീയോട് ഉപമിക്കുന്നതിൽ തെറ്റില്ല എന്നാണ് ചിലരുടെ വാദം.

അങ്ങനെയാണെങ്കിൽ മറുവശത്ത് ഏറിയപങ്ക്‌  ആളുകൾക്കും പരിശുദ്ധാത്മാവ് വരുമ്പോൾ കറന്റ് അടിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. അക്കാരണം പറഞ്ഞു നമ്മൾ പരിശുദ്ധാത്മാവിനെ കറന്റ് എന്നോ electricity എന്നോ വിളിക്കുമോ? ഒരിക്കലുമില്ല.   ചിലർക്കാകട്ടെ, പരിശുദ്ധാത്മാവ് വരുമ്പോൾ തണുപ്പ് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് പരിശുദ്ധാത്മാവിനെ തണുപ്പ് എന്നോ ഐസ് എന്നോ വിശേഷിപ്പിക്കുമോ? പ്രാവെന്ന പോലെ ദേഹ രൂപത്തിൽ ഇറങ്ങി വന്നു എന്ന് വായിക്കുന്നതുകൊണ്ട് നാളെ മുതൽ പ്രാവഭിഷേകം എന്ന ശുശ്രൂഷ നടത്തുമോ? പരിശുദ്ധാത്മാവിനെ എണ്ണയോട് ഉപമിച്ചിട്ടും എന്തുകൊണ്ട് നമ്മൾ തൈലാഭിഷേ കം നടത്തുന്നില്ല? അഗ്നിയോട് ഉപമിക്കാൻ വേണ്ടി മാത്രം നമ്മൾ പ്രേരിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതാണ് പ്രസക്തമായ ചോദ്യം? അതിന് വചനപ്രകാരം സൗമ്യമായി മറുപടി നൽകാൻ തയ്യാറാകണം ബന്ധപ്പെട്ടവർ. അല്ലാത്ത പക്ഷം ഇത്തരം കൺകെട്ട് വിദ്യകൾ വിട്ട് പിന്മാറി സത്യ വചനം പ്രസംഗിക്കണം.അല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ ജനം കാപട്യം തിരിച്ചറിയും.

തീ കത്തിക്ക, എന്നിൽ തീ കത്തിക്ക എന്ന ഗാനത്തിൽ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നില്ല എന്നത് ആശ്വാസകരമാണ് എങ്കിൽ തന്നെയും യാഗമായി അർപ്പിക്കപ്പെടുന്ന പുതിയ നിയമ ഭക്തന്റെമേൽ ദൈവം തീയ് കത്തിക്കണം എന്നു പാടുന്നതിനോടും യോജിപ്പില്ല. കാരണം, പഴയ നിയമത്തിലെ യാഗ പീഠങ്ങളിൽമേൽ ഇറങ്ങിയ തീയ് സകലത്തെയും ദഹിപ്പിച്ചുകളഞ്ഞു. പുതിയ നിയമത്തിൽ ദൈവത്തിന്റെ തീയ് നമ്മുടെ മേൽ ഇറക്കുകയല്ല ചെയ്യുന്നത്, മറിച്ച് നാം സ്വയം നമ്മിലെ മലിനതകളെ കത്തിക്കുകയും ഒപ്പം മുന്നോട്ട് ജീവിക്കുകയും ചെയ്യുന്നു. ജീവനുള്ള യാഗങ്ങളെയാണ് പുതിയ നിയമം ആവശ്യപ്പെടുന്നത്. പഴയ നിയമ പ്രകാരമാവട്ടെ, യാഗത്തോടൊപ്പം യാഗ മൃഗത്തിന്റെ ജീവിതവും അവസാനിക്കുകയാണ്. ദൈവത്തിന്റെ തീ ഇറങ്ങിയാൽ പിന്നെ മൃഗമായാലും മനുഷ്യനായാലും ജീവനോടെ ഉണ്ടാവില്ല എന്നതാണ് സത്യം. ഒറ്റ വാക്കിൽ പറഞ്ഞാൽ
“ദൈവത്തിന്റെ തീയ്” ശുദ്ധീകരിക്കുന്നില്ല, ശുദ്ധീകരണത്തിന് വേണ്ടി ഉള്ളതുമല്ല. മറിച്ച് ഉന്മൂലനം ചെയ്യുന്നതാണ് എന്ന തിരിച്ചറിവാണ് ഇവിടെ ആവശ്യം. ഇതിനപവാദമായി പറയാൻ കഴിയുന്നത് മുൾപ്പടർപ്പിലെ അഗ്നിയെപ്പറ്റി മാത്രമാണ്. അതാകട്ടെ മർമങ്ങൾ ഉൾകൊണ്ട ദൈവത്തിന്റെ അപൂർവ ഇടപെടലാണ്.( അപൂർവ്വതകളെ ഉപദേശ രൂപീകരണത്തിന് ഉപയോഗിക്കുന്നത് ദുരൂപദേശകർ മാത്രമാണ് – അടിസ്ഥാന ഉപദേശവും കോർന്നല്യോസിന്റെ സ്നാനവും കൂട്ടി വായിച്ചാൽ മതി ഇക്കാര്യം ബോധ്യപ്പെടും).

ശരീരങ്ങളെ യാഗമായി സമർപ്പിക്കണം എന്ന റോമാ ലേഖനത്തിലെ പരാമർശത്തെ (പാപിക്ക് വേണ്ടി മറ്റൊരു മൃഗത്തെ ജീവിതത്തിലേക്ക് മടങ്ങി വരാത്തവിധം കത്തിച്ചുകളയുന്ന)ദൈവത്തിന്റെ തീയ് – യുമായി ബന്ധിപ്പിക്കുന്നത് യുക്തി സഹമല്ല. റോമാ ലേഖനത്തിൽ ജീവനുള്ള യാഗങ്ങൾ എന്നതാണ് പരാമർശം. അതായത് മലിനതകളെ ഇല്ലാതാക്കിക്കൊണ്ട് വ്യക്തി മുന്നോട്ട് ജീവിക്കുന്നു. അല്ലാതെ തനിക്ക് പകരം മറ്റൊന്നിനെ കൊന്ന് യാഗപീഠത്തിൽ വച്ച് കത്തിച്ച് സ്വയം രക്ഷപ്പെടുന്ന പഴയ നിയമ രീതിയല്ല കൃപായുഗത്തിൽ.

എബ്രായ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്,  തീയ് കത്തുന്ന പർവ്വതത്തിന്റെ അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നത് എന്നാണ്. ഈ ഭാഗമെങ്കിലും വായിച്ചിട്ടുള്ളവർ തീയിറങ്ങട്ടെ തീയിറങ്ങട്ടെ എന്ന് ഒരിക്കലും വിളിച്ചു പറയില്ലായിരുന്നു.

ക്രിസ്തുവിലുള്ള ഏകാഗ്രതയിൽ നിന്നും തന്റെ കാന്തയെ തെറ്റിച്ചു കളയുന്നവരെ  സൂക്ഷിച്ചൊഴിയേണ്ടിടത്ത് അതിന് വളമിട്ട് വെള്ളമൊഴിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ഒരിക്കലും ആശാവഹമല്ല. വചന നിശ്ചയമുള്ളവരും ഖണ്ഡന പ്രസംഗകരുമായ പിതാക്കന്മാരുടെ വേർപാടുകൾ ഉണ്ടാക്കിയ വിടവ് എത്ര ഭീകരമാണ് എന്ന തിരിച്ചറിവ് മനസിനെ വല്ലാതെ
വേദനിപ്പിക്കുന്നു. കൃപയാൽ പ്രസംഗിക്കാൻ അവസരം ലഭിച്ചവർക്ക് കൃപായുഗത്തിലെ ദൈവീക ഇടപെടലുകളെ ഗ്രഹിക്കാൻ കഴിയുന്നില്ല എന്നത് അപകട സൂചനയാണ് നൽകുന്നത്.

പ്രസിദ്ധരായ  പ്രസംഗകരെ ദൈവത്തെക്കാളും  ദൈവ വചനത്തേക്കാളും വിലമതിക്കുന്ന  പക്വതയെത്തിയിട്ടില്ലാത്ത അനേകരുണ്ട്  നമ്മുടെ പ്രസ്ഥാനങ്ങളിൽ. പാവങ്ങളായ ജനങ്ങളെ നേർ വഴി കാണിക്കേണ്ട ബാധ്യതയുള്ളവർ അവരെ വഴി തെറ്റിക്കുന്നത് കണ്ടു നിൽക്കാൻ ആവുന്നില്ല. പ്രസംഗകർ വൈകാരിക തലം വിട്ട് യാഥാർഥ്യങ്ങളെ വിലയിരുത്തണം. തികച്ചും സാധാരണക്കാരായ വിശ്വാസികളെ വൈകാരികമായി ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. നല്ല വചന ബോധ്യവും വേദ വിദ്യാഭ്യാസവും ജീവിത വിശുദ്ധിയും ഉള്ള തലമുറ പെന്തെക്കോസ്തിൽ ഇന്നുമുണ്ട്. ഒരു വേദി കിട്ടിയാൽ എന്തും പറയാമെന്ന പ്രസംഗകരുടെ ധാർഷ്ട്യം നിറഞ്ഞ ചിന്ത മാറണം. വേർപാട് പാലിക്കേണ്ടിടത്തു വേർപാട് പാലിക്കണം. വേർപാട് നഷ്ടപ്പെടുന്നതിന്റെ തെളിവാണ് ഇത്തരം ദുർവ്യാഖ്യാനങ്ങൾ എന്നു പറയുന്നതിൽ ദുഃഖമില്ലാതില്ല. ആത്മീയതയുടെ പുകമറ സൃഷ്ടിച്ചു കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും അടിസ്ഥാന പ്രശ്നം ഈഗോയാണ് എന്നും പറയാതെ വയ്യ.

ഒരു അവസരം കിട്ടുമ്പോൾ സഹോദര തുല്യനായ ശുശ്രൂഷകന്റെ ആശയങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്നതല്ല ശരിയായ മാർഗ്ഗം. ആശയ വൈരുദ്ധ്യങ്ങളെ സംവാദങ്ങളിലൂടെയോ ചർച്ചകളിലൂടെയോ എഴുത്തുകളിലൂടെയോ പരിഹരിക്കാനാവണം. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വചന പ്രകാരം സമന്വയത്തിനുള്ള മാർഗ്ഗം തേടണം. പ്രസംഗകന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്തണം. ശരിയുണ്ടെങ്കിൽ അനുവാചകരെ പറഞ്ഞു ബോധ്യം വരുത്തണം. അല്ലാതെ ബഹളമയമായ അന്തരീക്ഷം സൃഷ്ടിച്ചും അപക്വമായ ആക്ഷേപ വാക്കുകൾ കൊണ്ടും സ്വയത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും മറ്റും പ്രസംഗ വേദികളുടെ ശോഭ കെടുത്താൻ കാരണമാകും.

പഴയ നിയമത്തിലെ ദൈവീക അഗ്നിയും പുതിയനീയമത്തിലെ  കൃപയുടെ സന്ദേശവും ഒരുമിച്ചു പോകില്ല ഒരിക്കലും. അഗ്നി ന്യായവിധിയെ കുറിക്കുന്നതാണ്, അത് വെളിപ്പെടുമ്പോൾ കൃപയുടെ കാലം കഴിഞ്ഞിട്ടുണ്ടാകും. യേശുക്രിസ്തു ന്യായം വിധിക്കുന്നവനും കൂടിയാണ് എന്ന അർത്ഥത്തിലാണ്  അവൻ നിങ്ങളെ തീയിലും സ്നാനം കഴിപ്പിക്കും എന്ന് യോഹന്നാൻ സ്നാപകൻ വിളിച്ചു പറഞ്ഞത്. അതിന്റെ ഇണ വാക്യം എന്ന നിലയിൽ യേശു പറഞ്ഞു, ഞാൻ തീയിടുവാനത്രെ വന്നിരിക്കുന്നത് അത് ഇപ്പോഴേ കത്തിയെങ്കിൽ കൊള്ളാമായിരുന്നു. എന്നാൽ അതിനു മുൻപ് തനിക്കു ഒരു ദൗത്യം ചെയ്തു തീർക്കാനുണ്ടെന്നു കർത്താവ് പരോക്ഷമായി പറയുന്നുമുണ്ട്. കൃപയുടെ സന്ദേശവുമായി കർത്താവ് വന്നത് കാല സമ്പൂർണതയിലാണ്  (ഗലാ .4.4).തന്റെ ഗലീലയിലെ ഔദ്യോഗിക പ്രഭാഷണം ആരംഭിക്കുമ്പോഴും കാലം തികഞ്ഞു എന്ന മുന്നറിയിപ്പോടുകൂടിയാണ് യേശു പ്രഭാഷണം ആരംഭിച്ചത്.

ചുരുക്കി പറഞ്ഞാൽ യെഹൂദനിലൂടെ മാനവ ജനതയ്ക്ക് നൽകിയ കാലത്തിന്റെ  അവസാനഘട്ടത്തിലാണ് യേശു, രക്ഷയിലേക്കുള്ള പ്രവേശനത്തിനും നീതീകരണത്തിനുമുള്ള മാനദണ്ഡമായ കൃപയുടെ വെളിപ്പാടുമായി വന്നത്. എന്നാൽ ആ മഹാ കൃപയെ ഉൾകൊള്ളാതിരുന്നവരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സാമാന്യ പ്രസ്താവനയായിട്ടുമാത്രമേ  ഇപ്പോഴേ തീയ് കത്തിയെങ്കിൽ കൊള്ളാമായിരുന്നു എന്ന് യേശു പറഞ്ഞ വാക്കുകളെ കാണാൻ പാടുള്ളൂ.

എന്നാൽ പരിശുദ്ധാത്മാവിനെ പരാമർശിക്കുന്ന ഒരിടത്തുപോലും അഗ്നി എന്നർത്ഥം വരുന്ന പ്രയോഗങ്ങൾ യേശു ഉപയോഗിച്ചിട്ടില്ല. അപ്പസ്തോലന്മാർ ഒരിക്കൽപോലും പരിശുദ്ധാത്മാവിനു പര്യായമായി അഗ്നിയെ പരാമർശിച്ചിട്ടില്ല. ആദിമസഭയും ഒരിക്കൽപോലും  ആത്മീയ അന്തരീക്ഷത്തെ അഗ്നി എന്നോ അഗ്നി അഭിഷേകമെന്നോ അക്ഷരീകമായോ ആലങ്കാരികമായോ വർണിച്ചിട്ടില്ല. പിന്നെന്തിനാണ് നമുക്കീ വച്ചുകെട്ടലുകൾ? ആരെ ബോധ്യപ്പെടുത്താനാണ്?

ഇതൊക്കെയാണെങ്കിലും ചിലർ അപ്പോസ്തലപ്രവൃത്തി രണ്ടാം അധ്യത്തിലെ അഗ്നിനാവുകളെ പരിശുദ്ധാത്മാവുമായി ബന്ധിപ്പിക്കാൻ വൃഥാ ശ്രമം നടത്താറുണ്ട്.

അപ്പോസ്തല പ്രവർത്തി രണ്ടാം അദ്ധ്യായത്തിൽ  അഗ്നിയെ പരിശുദ്ധാത്മാവിനോടല്ല, മറിച്ച് ദൈവം നൽകിയ പുതിയ നാവിനെ/ ഭാഷയെ വിശേഷിപ്പിക്കാനാണ് അഗ്നിയെ പരാമർശിക്കുന്നത്. ( cloven tongue like as of fire) അന്യഭാഷ സംസാരിച്ചവരുടെ  നാവ്‌ അഗ്നി ജ്വാല പോലെ പിളർന്നതായിരുന്നു എന്ന ആലങ്കാരിക പരാമർശത്തെ എങ്ങനെയാണ് പരിശുദ്ധാത്മാവുമായി കൂട്ടിയിണക്കാൻ കഴിയുന്നത്?

അന്യ ഭാഷയിൽ സംസാരിച്ചവരുടെ  നാവിനെ അത്രമേൽ വിശേഷിപ്പിക്കാൻ കാരണവുമുണ്ട്. അവിടെ കൂടിയിരുന്നവർ ഗലീലക്കാരായിരുന്നല്ലോ. ഗലീലാക്കാരുടെ നാവാകട്ടെ അവരുടെ സ്വന്തം ഭാഷ സംസാരിക്കാൻ പോലും നന്നായി വഴങ്ങുന്നവയല്ല. ആയതിനാൽ അവരെക്കൊണ്ട് ആശീർവാദം പറയിപ്പിച്ചിരുന്നില്ല എന്നൊരു പാരമ്പര്യമുണ്ട്. അങ്ങനെയുള്ള ഗലീലാക്കാർക്ക് പരിശുദ്ധാത്മാവ് ലഭിച്ചപ്പോൾ അതോടുകൂടെ അവരുടെ നാവിന്റെ ഭാഷാപരവും ഉച്ചാരണ പരവുമായ  പരിമിതി മാറ്റപ്പെടുകയായിരുന്നു. പുതിയൊരു നാവ്‌ അവർക്കു ലഭിച്ചു – അഗ്നി ജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

നേരെ ചൊവ്വേ സ്വന്തം ഭാഷ പോലും ഉച്ചാരണ ശുദ്ധിയോടുകൂടെ പറയാൻ അറിയാത്ത ഗലീലാക്കാർ ആത്മാവ് ഉച്ചരിപ്പാൻ നല്കിയതു പോലെ അന്യന്റെ ഭാഷകളിൽ സംസാരിച്ചു തുടങ്ങി. അന്യ ജാതിക്കാർ ഇത് കേട്ടപ്പോൾ അവർ ആശ്ചര്യപ്പെട്ടത് , സ്വന്തം ഭാഷ പോലും  ശരിക്ക് സംസാരിക്കാൻ അറിയാത്ത ഗലീലാക്കാർ , കാഴ്ചക്കാരായ തങ്ങളുടെ(അന്യ ജാതിക്കാരുടെ ഭാഷയിൽ) അതും ദൈവത്തിന്റെ വൻ കാര്യങ്ങൾ സ്പഷ്ട്മായും സ്ഫുടമായും സംസാരിക്കുന്നത് കണ്ടിട്ടാണ്.

ചുരുക്കിപ്പറഞ്ഞാൽ ഗലീലാക്കാർക്ക് ദൈവം അവരുടെ കൊഞ്ഞയുള്ള നാവ് മാറ്റി പുതിയൊരു നാവും അന്യ ജാതിക്കാർക്ക് അടയാളമായി പുതിയൊരു ഭാഷയും നൽകിയ അത്യത്ഭുതകരമായ നാവിന്റെ പരിണാമത്തെ ലൂക്കോസ് വർണിക്കുകയാണ് – “അഗ്നി ജ്വാല പോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു, ആത്മാവ് അവർക്കു ഉച്ചരിപ്പാൻ നൽകിയത് പോലെ അവർ അന്യ ഭാഷകളിൽ സംസാരിച്ചു തുടങ്ങി”.  

പഴയ നിയമത്തിന്റെ അവസാന കണ്ണിയായ യോഹന്നാൻ സ്നാപകൻ അഗ്നി എന്ന പരാമർശം ഉപയോഗിച്ചെങ്കിലും കൃപായുഗത്തിൽ അതിനു പ്രസക്തിയില്ലാത്തതിനാൽ യേശു മനപ്പൂർവം ആ പ്രയോഗം ഒഴിവാക്കുന്നത് നമ്മൾ കണ്ടു. (അപ്പോസ്തല പ്രവർത്തി 1:5) യേശുവിന്റ ശിഷ്യന്മാരാരും ആ പ്രയോഗം പരിശുദ്ധാത്മാവിനോട് ചേർത്തോ മറ്റോ ഉപയോഗിച്ചതുമില്ല. ആദിമ സഭ ഒരിക്കലും അത്തരത്തിൽ ഒരു വ്യാഖ്യാനം പരിശുദ്ധാത്മാവിനു നൽകുകയോ മറ്റെവിടെയെങ്കിലും ഉപയോഗിക്കുകയോ ചെയ്തില്ല. പുതിയ നിയമ ഉപദേശവുമായി അഗ്നിയുമായി ബന്ധപ്പെട്ട ചിന്ത ഒരിക്കലും ഒത്തുപോകുകയുമില്ല. തീയിറക്കട്ടെ എന്ന് ചോദിക്കുന്ന ശിഷ്യന്മാരുടെ മനസും നിങ്ങൾ ഏതാത്മാവിന് അധീനർ എന്ന് പ്രതികരിക്കുന്ന യേശുവിന്റെ മനസും കൂട്ടി വായിച്ചാൽ പഴയ നിയമവും പുതിയ നിയമവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് ഗ്രഹിക്കാൻ കഴിയും. പഴയ നീയമകാലത്ത്  ഏലിയാവു പരിശുദ്ധാത്മാവിനാൽ തീയിറക്കിയിട്ടുണ്ട് ദഹിപ്പിച്ചിട്ടുമുണ്ട്. ശിംശോൻ ശൗൽ അടക്കം അനേകരെ ആത്മാവിനാൽ കൊന്നു തള്ളിയിട്ടുണ്ട്.ശരിയാണ്.പക്ഷെ കൃപായുഗത്തിൽ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ/ പ്രവർത്തന രീതി വ്യത്യസ്തമാണ്. യേശുവിന്റെ ശുശ്രൂഷയുടെ പ്രത്യയ ശാസ്ത്രമനുസരിച്ചുള്ള ശുശ്രൂഷയ്ക്ക് തുണ നിൽക്കുകയാണ് പരിശുദ്ധാത്മാവ് കൃപായുഗത്തിൽ ചെയ്യുന്നത്.

എന്നാൽ ഈ പുതിയ നിയമ കാലത്ത് പരിശുദ്ധാത്മാവിന്റെ ദൗത്യം തീയിറക്കലല്ല, മറിച്ച് ക്രൂശിന്റെ സ്നേഹ വചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പതിപ്പിച്ച് ആഴമേറിയ പാപ ബോധത്തിലേക്കും നീതി ബോധത്തിലേക്കും നയിച്ച് കൃപായുഗത്തിനു ശേഷം വരാനിരിക്കുന്ന ഭയാനകമായ ന്യായവിധിയെക്കുറിച്ചും മറ്റും സ്നേഹത്തോടെ ബുദ്ധിയുപദേശിച്ച് വിശ്വാസിയെ സ്വർഗ്ഗോന്മുഖമായി സത്യത്തിൽ വഴിനടത്തുക എന്നതാണ്.

കേവലം ഉപമാനങ്ങൾ കൊണ്ടും അനാവശ്യ വിശദീകരണങ്ങൾ കൊണ്ടും കൃപായുഗത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാതെയും, പരിശുദ്ധാത്മാവിനെ കേവലം ഒരു പ്രകൃതി ശക്തിയോ മറ്റോ ആക്കിത്തീർത്ത് പരിമിതി കല്പിക്കുകയോ ചെയ്യാതെ വ്യക്തിയാണെന്ന ബോധ്യം ഉൾക്കൊള്ളുകയും അതിലപ്പുറം ദൈവമാണെന്ന യാഥാർഥ്യ ബോധവും ഉൾകൊണ്ട് പ്രസംഗിക്കാൻ നമുക്ക് സാധിക്കട്ടെ.

പരിശുദ്ധാത്മാവിനെ അഗ്നിയോട് ഉപമിക്കുന്നതിനായി ആത്മാവിനെ കെടുക്കരുത് എന്ന വചനം ഉദ്ദരിക്കുന്നതും കേട്ടു കൺവൻഷനിൽ. ആത്മാവിനെ വിളക്കിനോടും വെളിച്ചത്തോടുമാണ് അവിടെ ഉപമിച്ചിരിക്കുന്നത്. അല്ലാതെ എബ്രായർ 12 ൽ പറയുന്ന ദഹിപ്പിക്കുന്ന അഗ്നിയോടല്ല. പർവതത്തിലെ അഗ്നിയാണെങ്കിൽ മനുഷ്യൻ വിചാരിച്ചാലും കെടുത്താൻ പറ്റില്ല. “സമാഗമന കൂടാരത്തിൽ ദൈവത്തിന്റെ തീയ് ഇറങ്ങുന്ന യാഗപീഠം മാത്രമല്ല, പുരോഹിതൻ തിരി തെളിയിക്കുന്ന നിലവിളക്കുമുണ്ടായിരുന്നു”. കൃപായുഗത്തിൽ പരിശുദ്ധാത്മാവിനെ ആന്തരിക പ്രകാശനം നൽകുന്ന വിളക്കിനോടാണ് ഉപമിച്ചിട്ടുള്ളത്. വിളക്കിലും കത്തുന്നത് തീയല്ലേ എന്നു വാദത്തിനുവേണ്ടി ചോദിക്കാമെങ്കിലും മുകളിൽ സൂചിപ്പിച്ച യാഗപീഠത്തിൽ ഇറങ്ങുന്ന ദൈവത്തിന്റെ തീയും പുരോഹിതൻ നിലവിളക്കിൽ തെളിയിക്കുന്ന തീയുടെയും വ്യത്യാസം ഉൾകൊണ്ട് കാര്യം ബോധ്യപ്പെടാവുന്നതെയുള്ളൂ.

ഓരോ വിശ്വാസിയുടെയും ഉള്ളിൽ കത്തിക്കൊണ്ടിരിക്കുന്ന ആത്മീയ വെളിച്ചം കെടാതെ സൂക്ഷിക്കാൻ അവരവർക്ക് സാധിക്കണം. അല്ലാതെ. മത്തായി. 3: 10-12 ൽ പറയുന്ന
ഉന്മൂല നാശം വരുത്തുന്ന അഗ്നിയും തെസ്സലോനിക്യ ലേഖനത്തിലെ ആത്മാവിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് വൈരുധ്യമാണ്.

തത്വത്തിൽ പുതിയ നിയമത്തിലെ ഒരു ഉപദേശവുമായിട്ടു പോലും പൊരുത്തപ്പെട്ടുപോകാത്ത  ഈ പഠിപ്പിക്കൽ പെന്തെക്കോസ്തുകാർ അവസാനിപ്പിക്കണം. ഈ തീയുടെ സന്ദേശം പരിശുദ്ധാത്മാവിന്റേതല്ല എന്ന് വിവേചിച്ചറിഞ്ഞു നിയന്ത്രണ വിധേയമാക്കാൻ കഴിയുന്നില്ലെങ്കിൽ നാം പിന്നെത്തെതിൽ ദുഃഖിക്കേണ്ടി വരും എന്നത് തീർച്ചയാണ്. അതു തടയണമെങ്കിൽ ആജ്ഞാ ശക്തിയുള്ളവരും വചന ബോധ്യമുള്ളവരുമായ ശുശ്രൂഷകന്മാർ നേതൃ സ്ഥാനങ്ങളിൽ വരണം.

പരിശുദ്ധാത്മാവായ അഗ്നിയെ വെള്ളമൊഴിച്ച് കെടുത്തുന്നു എന്നു പ്രസംഗകൻ പരിതപിക്കുന്നതും കേട്ടു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ വെള്ളമൊഴിച്ചു കെടുത്തി എന്നു പറയുമ്പോൾ – അഗ്നിയോടല്ലാ മറിച്ച് വെള്ളത്തോടാണ് കൃപായുഗത്തിൽ പരിശുദ്ധാത്മാവിനെ സാക്ഷാൽ യേശുക്രിസ്‌തു ഉപമിച്ചിരിക്കുന്നത് (യോഹ.7: 37- 39)എന്ന യാഥാർഥ്യം പോലും പ്രസംഗകൻ വിസ്മരിച്ചു പോയി എന്നതിൽ നിന്നും സംഭവിച്ച പാകപ്പിഴകളുടെ ഗൗരവം മനസിലാക്കാം.

വചനം അനുവദിക്കാത്തത് പറയാൻ ഒരു പ്രസംഗകനും അധികാരമില്ല. വചനം ആവശ്യപ്പെടുന്നതേ പറയാവൂ. വചനം മൗനം പാലിക്കുന്നിടത്തു പ്രസംഗകനും മൗനം പാലിക്കേണ്ടതുണ്ട്. അനാവശ്യമായ വാചാലത അപകട സൂചനയാണ്.  ദൈവജനത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നത് ദൈവം അധികം വെച്ചുപൊറുപ്പിക്കില്ലെന്നു അറിയണം.

വചനത്തോട് കൂട്ടിയാലും കുറച്ചാലും അത് ശാപകരമാണ് എന്ന ബൈബിൾ മുന്നറിയിപ്പു അവഗണിക്കരുത്. അത് എത്ര വലിയ പ്രസംഗകനാണെങ്കിലും ബാധകമാണ്. പെന്തെക്കോസ്തുകാർ പാസ്റ്റർമാരെ പൂജിക്കുന്ന അവസ്ഥ മാറണം. ദൈവ വചനത്തെക്കാർ ഇവിടെ ആരും വലിയവരില്ല. ഒരു കാലത്ത്‌ ശക്തമായി വചനം സംസാരിച്ചു കൊണ്ടിരുന്ന പലരും ഈ അസ്തമിക്കാൻ തുടങ്ങുന്ന സമയത്തു കാണിച്ചു കൂട്ടുന്ന വചന വിരുദ്ധകാര്യങ്ങൾ കണ്ടു സഹിക്കാഞ്ഞിട്ടാണ് ഈ കുറിപ്പെഴുതിയത്.

കർത്താവിന്റെ വരവ് താമസിച്ചാൽ തങ്ങൾക്കു ശേഷം ഇവിടെ ഒരു തലമുറ ഉണ്ടെന്ന ബോധ്യത്തോടെ നല്ല പൈതൃകം കൈമാറി  അന്തസ്സോടെ വിരമിക്കാൻ പ്രസംഗർ തയ്യാറാകണം. അല്ലെങ്കിൽ ഭൂമിയിൽ നേടിയ ജനപ്രീയ വികാരം ഒടുവിൽ ദൈവ കോപത്തിന് കാരണമായിത്തീരാൻ ഇടയായേക്കും.
മാത്രവുമല്ല, പെന്തെക്കോസ്‌തിനെ വഴിതെറ്റിച്ചവർ എന്ന ദുഷ്‌പേര് മരണ ശേഷവും നിങ്ങളെ പിന്തുടരുകയും ചെയ്യും.

എല്ലാറ്റിലും ഉപരി പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്നും അതിലുപരി ദൈവമാണെന്നും മനുഷ്യന് തോന്നിയതുപോലെ അമ്മാനമാടാൻ ഉള്ള ഒരു കേവലം വസ്തുവല്ലെന്നും ഉള്ള ഗ്രാഹ്യമാണ് ആദ്യം ഉണ്ടാകേണ്ടത്. അതിനെ തകിടം മറിക്കുന്ന തരത്തിലുള്ള ഉപമാനങ്ങൾ ഭാവിയിൽ സഭയെ ദോഷമായി ബാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ടാ.

ഒരു വാക്കുകൂടി,
ഇത്രയേറെ വിശദീകരണം വായിച്ചു കഴിഞ്ഞും ചിലർ പിന്നെയും ചോദിക്കും, ദൈവത്തെ അഗ്നി എന്നു വിശേഷിപ്പിക്കാമെങ്കിൽ പരിശുദ്ധാത്മാവിനെ അഗ്നിയോടുപമിച്ചാൽ എന്താ കുഴപ്പം?

മറുപടി: ദൈവം ദഹിപ്പിക്കുന്ന അഗ്നി ആണെന്ന് വായിക്കുന്നത് അവിശ്വസികളായ ദുഷ്ടന്മാർക്ക് ഉണ്ടാകാൻ പോകുന്ന ന്യായവിധിയുമായി
ബന്ധപ്പെട്ടാണ്.

എന്നാൽ നീതിമാന്മാർക്കെന്നപോലെ ദുഷ്ടന്മാരുടെ മേലും ദൈവം മഴയും വെയിലും അയയ്ക്കുന്ന, ശത്രുക്കളെ സ്നേഹിക്കണം എന്ന നിർദ്ദേശമുള്ള, രക്ഷയുടെ സന്ദേശം പ്രസംഗിക്കേണ്ട ഈ കൃപായുഗത്തിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പ്രവർത്തനത്തിന്, ന്യായവിധിയുടെ സന്ദേശം പേറുന്ന അഗ്നി മയ ചിന്തകൾ
വൈരുദ്ധ്യം സൃഷ്ടിക്കുമെന്നതിനാലാണ് ശമര്യാക്കാരുടെ മേൽ തീയിറക്കുന്ന ആശയത്തെ കർത്താവ് എതിർത്തത്. അപ്പോൾപ്പിന്നെ രക്ഷിക്കപ്പെട്ട ദൈവമക്കൾക്കിടയിൽ തീ ഇറക്കുന്ന തരത്തിലുള്ള ചിന്തകൾ വചന വിരുദ്ധമാണ് എന്നു പറയേണ്ടതില്ലല്ലോ. അനേകരെ തീയിൽ നിന്നും വലിച്ചെടുക്കാനുള്ള നിയോഗമാണ് യൂദായുടെ ലേഖനത്തിലൂടെ പരിശുദ്ധാത്മാവ് നൽകുന്നത്. (യൂദാ: 23) അല്ലാതെ ദൈവമക്കളുടെ മേൽ തീയിറക്കാനല്ല.

അനീഷ് കൊല്ലംകോട്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.