കുംഭമേളയിൽ പങ്കെടുത്ത 99 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

by Vadakkan | 3 May 2021 6:40 PM

ഭോപാൽ: ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ പങ്കെടുത്ത് മദ്ധ്യപ്രദേശിലേക്ക് മടങ്ങിയെത്തിയ ആളുകളിൽ 99 ശതമാനം പേരിലും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തിപ്രാപിച്ച ഘട്ടത്തിൽ നടന്ന മേള സൂപ്പർ സ്‌പ്രെഡർ ആകുമോ എന്ന ആശങ്കയായിരുന്നു ആരോഗ്യ പ്രവർത്തകർക്കുണ്ടായിരുന്നത്. ഈ ആശങ്ക ശരിവയ്‌ക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.

മദ്ധ്യപ്രദേശിൽ നിന്ന് മേളയിൽ പങ്കെടുത്ത 61 പേരിൽ 60 പേരും കൊവിഡ് പോസി‌റ്റീവായി. മാത്രമല്ല മേളയിൽ പങ്കെടുത്ത പലരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇവരിൽ കൊവിഡ് ബാധിതരുണ്ടെങ്കിൽ രോഗം പിന്നെയും പരക്കുമോ എന്ന ഭീതിയുണ്ട്. മുഴുവൻ ആളുകളെയും കണ്ടെത്തിയാലെ ആകെ എണ്ണം കണക്കാക്കാൻ കഴിയൂ. ടൈംസ് നൗ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. കുംഭമേളയിൽ പങ്കെടുത്ത വിശ്വാസികൾക്ക് വിവിധ സംസ്ഥാനങ്ങൾ രോഗ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇവർക്ക് കൊവിഡ് പരിശോധനയും ക്വാറന്റൈനും നിർബന്ധമാണ്.

ഡൽഹിയിൽ 14 ദിവസത്തെ ക്വാറന്റൈനാണ്. ഗുജറാത്ത് ആകട്ടെ മേളയിൽ പങ്കെടുത്ത് വന്നവർക്ക് ആർ‌ടി‌പി‌സി‌ആർ പരിശോധന നിർബന്ധമാക്കി. 102 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവർ 12,379 പേരും.

Source URL: https://padayali.com/%e0%b4%95%e0%b5%81%e0%b4%82%e0%b4%ad%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-99-%e0%b4%b6/