കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരും; സമിതിയുമായി സഹകരിക്കില്ല: കര്‍ഷക നേതാക്കള്‍

by Vadakkan | 12 January 2021 10:30 PM

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകര്‍ ആരംഭിച്ച പ്രതിഷേധത്തിന് സമവായമുണ്ടാക്കാന്‍ സുപ്രിംകോടതി രൂപം കൊടുത്ത കമ്മിറ്റിയെ അംഗീകരിക്കാനാവില്ലെന്ന് കര്‍ഷക നേതാക്കള്‍. സുപ്രിംകോടതി നിര്‍ദേശിക്കുന്ന കമ്മിറ്റിയുമായി സഹകരിക്കാനാവില്ലെന്ന് സമരനേതാക്കളില്‍ ഒരാളായ ഡോ. ദര്‍ശന്‍ പാല്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

”കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരു വാര്‍ത്താ കുറിപ്പ് നല്‍കിയിരുന്നു. സുപ്രിംകോടതി നിര്‍ദേശിക്കുന്ന കമ്മിറ്റിയുമായി സഹകരിക്കാനാവില്ലെന്ന് അതില്‍ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. അത് അംഗീകരിക്കാനാവില്ല.”- ദര്‍ശന്‍ പാല്‍ പറഞ്ഞു.

”സര്‍ക്കാരാണ് സുപ്രിംകോടതി വഴി ഈ കമ്മിറ്റിയെ നിര്‍ദേശിച്ചതെന്നാണ് ഞങ്ങള്‍ കരുതുന്നത്. സര്‍ക്കാര്‍ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കമ്മിറ്റിയുമായി സഹകരിക്കാനാവില്ല. ഇവര്‍ സര്‍ക്കാര്‍ അനുകൂലികളാണ്. ഇവര്‍ പുതിയ നിയമത്തെ ന്യായീകരിക്കുന്നവരുമാണ്”- മറ്റൊരു നേതാവായ ബല്‍ബീര്‍ സിങ് രജോവല്‍ പറഞ്ഞു.

പുതിയ കമ്മിറ്റി പ്രശ്‌നത്തെ വഴി തിരിച്ചുവിടുന്നതിനുള്ള അടവാണ്. കാര്‍ഷിക നിയമത്തിന് അനുകൂലമായി തങ്ങളുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ കൂടി അഭിപ്രായങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും വെളിപ്പെടുത്തിയവരുമാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കമ്മിറ്റി അംഗങ്ങളെ മാറ്റിയാലും ഇത്തരം കമ്മിറ്റികളുമായി സഹകരിക്കാനില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

നിയമം നടപ്പാക്കാതെ മാറ്റിവയ്ക്കുന്നത് നല്ലതാണെങ്കിലും അത് പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ പറയുന്നു.

Source URL: https://padayali.com/%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86/