കഫേ കോഫി ഡേ ഉടമ സിദ്ധാര്‍ഥയുടെ മരണത്തിനുത്തരവാദിയാര് ?

by Vadakkan | 2 August 2019 9:40 PM

യാത്രാമദ്ധ്യേ കാണാതായ ‘കഫേ കോഫി ഡേ’ ഉടമ വി.ജി സിദ്ധാര്‍ഥ ഹെഗ്‌ഡെ(60)യുടെ മൃതദേഹം കണ്ടെത്തി. മംഗളുരു ബോളാര്‍ ഹൊയ്‌ഗെ ബസാര്‍ ഐസ് പ്ലാന്റ് പരിസരത്ത് നേത്രാവതി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്..

സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ നേത്രാവതി നദിക്കു കുറുകെയുള്ള പാലത്തിനു സമീപത്ത് നിന്ന് കാണാതാവുകയായിരുന്നു. നീണ്ട 34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

നാവിക സേനയുടെയും തീരരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് തിരിച്ചില്‍ നടത്തിയിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സിദ്ധാര്‍ഥ സ്വന്തം കാറില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്.

ഏഷ്യയിലെ ഏറ്റവും വലിയ കാപ്പിത്തോട്ടത്തിന്റെ ഉടമ. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകൻ, ബിസിനസ്സ് ലോകത്ത് നാലു പതിറ്റാണ്ടിനകം അതികായനായി മാറി ഒടുവിൽ അതിദാരണമായി സ്വയം ജീവനൊടുക്കിയ അദ്ദേഹത്തിന്റെ വളർച്ചയുടെ പടവുകളിങ്ങനെ..

1959 ൽ ജനനം. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പിതാവ് നല്കിയ 7,50,000 രൂപയുമായി മുംബൈയിലെത്തിയ സിദ്ധാർത്ഥ് ഓഹരി നിക്ഷേപ കമ്പനിയിൽ ട്രെയിനിയായി രണ്ടു വർഷം. ഓഹരി വിപണനത്തിന്റെ അനന്തസാധ്യതകൾ പഠിച്ച് തിരികെയെത്തി ഓഹരി നിക്ഷേപത്തിലൂടെ നേടിയ ലാഭം കൊണ്ട് 1987ൽ 1500 ഏക്കർ കാപ്പിത്തോട്ടം.

1992ൽ അത് 4000 ഏക്കറാക്കി ഉയർത്തി. കാപ്പിപ്പൊടി വില്ക്കുന്നതിനായി ബാംഗ്ലൂരിലും ചെന്നൈയിലുമായി ആദ്യം 20 കടകൾ … കാപ്പിയുണ്ടാക്കി വിറ്റാലുള്ള നേട്ടം മനസ്സിലാക്കി കാപ്പി കുടിച്ചിരുന്ന് ഇന്റർനെറ്റ് സർഫ് ചെയ്യുന്ന പുത്തൻ തലമുറയെ ലക്ഷ്യമാക്കി കഫേ കോഫി ഡേ (CCD) എന്ന പേരിൽ 12 CCD കൾ ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ..

2004 ൽ CCD കളുടെ എണ്ണം 200 .. ഇന്ന് 210 രാജ്യങ്ങളിലായി 1500 സിസിഡി. കോഫി കിയോസ്ക്കുകളും വെൻഡിംഗ് മെഷീനുകളുമെല്ലാം ചേർത്ത് 2700 സെയിൽസ് കൗണ്ടറുകൾ. വിദേശരാജ്യങ്ങളിൽ 18 സ്റ്റോറുകൾ വേറെ. പ്രതിദിനം 5 ലക്ഷം പേർ ഇവിടങ്ങളിൽ നിന്നും കാപ്പി കുടിക്കുന്നു. ഒരു കാപ്പിക്ക് ശരാശരി 150 രൂപയിലേറെ.. 30000 ജീവനക്കാർ..

ചിക്കമംഗളൂരിൽ കാപ്പിത്തോട്ടങ്ങളിൽ കാപ്പിച്ചെടികൾക്ക് ഇടക്കൃഷിയായി 9 ലക്ഷം സിൽവർ ഓക്ക് തണൽമരങ്ങൾ.. ഇവയുടെ മൂല്യം 1300 കോടിയോളം.. മൈസൂർ റോഡിൽ 90 ഏക്കറിലായി 45 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ.. ഇതിന്റെ വാടക പ്രതിവർഷം 250 കോടി രൂപ..

മാംഗ്ലൂരിൽ 21 ഏക്കർ ഭൂമി വേറെ… ഈ രണ്ടു വസ്തുക്കളുടേയും മൂല്യം 7600 കോടി. ചിക്കമംഗളൂരിൽ 30 ഏക്കറിലായി കാപ്പിപ്പൊടി സംസ്ക്കരണ ഫാക്ടറി.. കയറ്റുമതി. 20000 ടൺ. മൂല്യം ഏകദേശം 200 കോടി. ഹാസനിൽ 30 ഏക്കറിലായി 150 കോടി രൂപ മൂല്യമുള്ള മറ്റൊരു ഫാക്ടറി.

ബാഗ്ലൂരിൽ 120 ഏക്കറിൽ ഐടി ക്യാമ്പസ്.. മാംഗ്ലൂരിൽ ടെക് ബേ, മുംബൈയിൽ ഇന്റഗ്രേറ്റഡ് ടൗൺഷിപ്, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിങ്ങളിലെല്ലാം മുതൽ മുടക്കുകൾ…. കടബാധ്യതകളുടെ കണക്കും വ്യക്തമാണ്.. ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലുമായി 8183 കോടി.  ഐ.ഡി.ബി.ഐ. യ്ക്ക് 4575 കോടി, ആക്സിസ് ബാങ്കിന് 915 കോടി, ആദിത്യ ബിർള ഫിനാൻസിന് 278 കോടി….

ഒരു മനുഷ്യായുസിൽ നേടാവുന്നതിനപ്പുറം നേടി.. ഒടുവിൽ… നേത്രാവതിപ്പുഴയിലേക്ക് ചാടി ജീവിതം ഹോമിക്കേണ്ടിവന്നു.. പരാജയം സമ്മതിച്ച്… ക്ഷമ യാചിച്ചുകൊണ്ട് … പീഢനങ്ങളുടേയും സമ്മർദ്ദങ്ങളുടേയും ലിസ്റ്റ് എഴുതിവച്ച് യാത്രപോലും പറയാതെ… നദിയുടെ അഗാധതയിലേക്ക്… അനന്തതയിലേക്ക് …!

ജീവിതം നമുക്കു തരുന്ന എണ്ണപ്പെട്ട ദിനങ്ങൾ സമാധാനത്തോടെ ജീവിച്ചു മരിക്കണോ ? ലോകം കീഴടക്കാൻ മൽസരിച്ചൊടുവിൽ സമാധാനം നഷ്ടപ്പെട്ട് പരാജിതനായി ഇങ്ങനെ…?

എന്തെല്ലാം നേടിയാലും പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയാതെ വരുന്നതല്ലേ ഏറ്റവും വലിയ പരാജയം.

ഇദ്ദേഹത്തിന്റെ മരണത്തിനുത്തരവാദിയാര് ?

Source URL: https://padayali.com/%e0%b4%95%e0%b4%ab%e0%b5%87-%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%a1%e0%b5%87-%e0%b4%89%e0%b4%9f%e0%b4%ae-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d/