കത്തിയമര്‍ന്ന ചാരത്തില്‍ നിന്നും ഉയര്‍ത്ത ഗ്ലാഡിസ്

by Vadakkan | 23 January 2019 10:22 PM

1999 ജനുവരി 23 നമുക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല… 22 ന് അര്‍ദ്ധരാത്രി! ഭാരതത്തിനായി വെന്തെരിഞ്ഞ ഗ്രഹാം സ്റ്റെയിന്‍സും പിഞ്ചോമനകളും ഓര്‍മ്മയായിട്ട് 20 വര്‍ഷങ്ങള്‍ !!

ഭാരതത്തിനും ഭാരത്തിലെ കുഷ്ഠരോഗികള്‍ക്കും വേണ്ടി 34 വര്‍ഷം ജീവിച്ച് തന്റെ ജീവനെ കൊടുത്ത് ദൈവേഷ്ടം പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റൈന്‍സിനെ ഭാരതീയര്‍ക്ക് മറക്കാന്‍ കഴിയില്ല. കനല്‍ വഴികളില്‍ കൂടി സഞ്ചരിച്ചപ്പോഴും പ്രിയപ്പെട്ടവര്‍ അഗ്‌നിക്കിരയാക്കപ്പെട്ടപ്പോഴും ഭാരതത്തെ സ്‌നേഹിച്ച ആ കുടുംബത്തെയും.

ജീവിതത്തിലെ വസന്തങ്ങളെല്ലാം മാറ്റിവെച്ചു ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്കു അവര്‍ നടന്നിറങ്ങുകയായിരുന്നു. ഭാര്യയെയും ഒരുമകളെയും മാത്രം ജീവനോടെ വിട്ടു ബാക്കി എല്ലാവരെയും ചുട്ടെരിയിച്ചിട്ടും അടങ്ങാതെ പകയുമായിട്ടു മതതീവ്രാവാദികള്‍ നടന്നപ്പോളും ആരോടും പരാതിയില്ലാതെ ഗ്ലാഡിസും മോളും അവശേഷിച്ചു. അനേകരുടെ പ്രാത്ഥനയും കര്‍മ്മനിരതയും കൊണ്ട് ഗ്ലാഡിസ് ആ ദിനങ്ങളെ അതിജീവിച്ചു. തന്റെ പ്രിയപ്പെട്ടവന്‍ ബാക്കിവെച്ച ദൗത്യം തന്നിലൂടെ പൂര്‍ത്തീകരിക്കുക എന്ന ദൗത്യം അവര്‍ ഏറ്റെടുത്തു.

ഭാരതത്തെയും മതതീവ്രവാദികളെയും വെറുക്കാതെ വീണ്ടും താന്‍ കര്‍മ്മപഥത്തില്‍ ഇറങ്ങി. ഏറെ വെല്ലുവിളികള്‍ ഉണ്ടായിട്ടും ജീവന്‍ അപകടപ്പെടാം എന്ന് ചിന്തിക്കാതെ തന്റെ ദൗത്യങ്ങളില്‍ താന്‍ ഉപേക്ഷ വിചാരിച്ചില്ല. തന്റെ പ്രിയപെട്ടവനും കുഞ്ഞുങ്ങളും മരണമില്ലാത്ത ലോകത്തേക്ക് യാത്രയായപ്പോള്‍ ഭാരതത്തിലെ ഓരോ ക്രൈസ്തവന്റെയും ഹൃദയത്തില്‍ കത്തിജ്വലിക്കുന്നു. ഒഡീഷയുടെ മണ്ണില്‍ തന്നെ സ്‌നേഹിച്ച, താന്‍ സ്‌നേഹിച്ചവരുടെ മനസില്‍ ഗ്രഹാം സ്‌റ്റൈനും കുടുംബവും ജീവിക്കുകയായിരുന്നു.

തന്റെ നെഞ്ചോടു ചേര്‍ത്തവരെ ചുട്ടെരിച്ചപ്പോള്‍ ഗ്ലാഡിസ് അവരോടു പൊറുക്കുകയായിരുന്നു. അസാധാരണ ക്ഷമയുടെയും ത്യാഗത്തിന്റെയും സ്വരൂപമായി ഗ്ലാഡിസ്. തന്റെ യേശു ജീവിക്കുന്നതിനാല്‍ താനും ജീവിക്കുന്നു. ആയതിനാല്‍ ഏതൊരു ദിനത്തേയും അഭിമുഖീകരിക്കാന്‍ താന്‍ തയാറാണ് എന്നാണ് ഗ്ലാഡിസ് പറയാറുള്ളത്.

നഷ്ടങ്ങളുടെ കണക്കുപറഞ്ഞു ജീവിതം നിരാശയിലേക്കു തള്ളിവിടാന്‍ അവര്‍ തയാറായില്ല. ദൈവം അറിയാതെ തന്റെ ജീവതത്തില്‍ ഒന്നും സംഭവിക്കില്ല എന്ന ദൃഢ നിശ്ചയമാണ് ഗ്ലാഡിസിന്റെ കരുത്തു.

തന്റെ പ്രിയപ്പെട്ടവര്‍ യേശുവിനൊപ്പം ഉണ്ട് എന്ന ഉറച്ച ആത്മവിശ്വാസമാണ് ഈ ഭൂമിയില്‍ തന്നെ നിലനിര്‍ത്തിയത്. യേശുവില്‍ ലഭിച്ച സമാധാനവും ലോകമെമ്പാടുമുള്ള ദൈവജനത്തിന്റെ പ്രാര്‍ത്ഥനയും അതിന് സഹായിച്ചെന്ന് ഗ്ലാഡിസ് പറയുന്നു. ഇന്ന് മകള്‍ എസ്‌തേറും കുടുംബവും കൊച്ചുമക്കളുമായി ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഗ്ലാഡിസ് ഭാരതത്തില്‍ തന്റെ ദൗത്യം യാതൊരു വിട്ടുവീഴ്ചയും കൂടാതെ തുടരാന്‍ ശ്രദ്ധിക്കുന്നു. പ്രാര്‍ത്ഥനാ നിരതരായ ഒരുകൂട്ടം പ്രവര്‍ത്തകര്‍ അത് നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.  അറുപത്തൊമ്പത് വയസ്സായെങ്കിലും ഗ്ലാഡ്‌സിന്റെ മനക്കരുത്തും ക്രിസ്തുവേശുവിലുള്ള അര്‍പ്പണബോധവുമാണ് ഇത് എടുത്തുകാണിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സമയം കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസുകള്‍ നടത്തുന്നതിനൊപ്പം പാര്‍ട്ട്‌ടൈം ജോലിയും ചെയ്യുന്നു. ഓസ്‌ട്രേലിയില്‍ ആയിരിക്കുന്നു എങ്കിലും തന്റെ ഹൃദയം ഭാരത്തിനായി കേഴുകയാണ്. ഗ്രഹാം സ്‌റ്റൈന്‍സ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പ്രെസി ഹോം, ഫ ിലിപ്പ് ആന്‍ഡ് തിമോത്തി മെമ്മോറിയല്‍ ബോയ്‌സ് ഹോസ്റ്റല്‍ തുടങ്ങിയ ഒഡീഷയില്‍ അവര്‍ തുടങ്ങിവച്ച പല പ്രവര്‍ത്തനങ്ങളും തടസ്സം കൂടാതെ നടന്നുവരുന്നു.

ഇപ്പോള്‍ സഭാസ്ഥാപനത്തിലാണ് കൂടുതല്‍ ശ്രദ്ധ ക്രേദ്ധീകരിച്ചിരിക്കുന്നത്. യാതൊരു സാമ്പത്തിക ലാഭമോ, പബ്ലിസിറ്റിയോ ആഗ്രഹിക്കാതെ വിശാസത്താല്‍ അവര്‍ മുന്‍പോട്ടു പോകുന്നു. ഭാരതജനത്തെ കുറിച്ചുള്ള ആത്മഭാരവും, സ്‌നേഹവും ആണ് താന്‍ രണ്ടു പതിറ്റാണ്ടായി നിറവേറ്റപ്പെടുന്നത്. ഗ്ലാഡിസ് എന്ന അപൂര്‍വ രത്‌നം എല്ലാവര്‍ക്കും മാതൃകയാണ്. ക്രിസ്തുശിഷ്യര്‍ക്ക് ഉണ്ടായിരിക്കേണ്ട പല സ്വഭാവഗുണങ്ങളും അവരില്‍ നിന്ന് പഠിക്കാവുന്നതാണ്.

തന്റെ മക്കള്‍ വെന്തരിഞ്ഞ ചാരത്തില്‍ നിന്നും അനേകര്‍ ക്രിസ്തുവിനെ സ്വീകരിക്കാന്‍ ഇടയായി. തന്റെ മക്കള്‍ ഫിലിപ്പും തിമോത്തിയും തനിക്ക് നഷ്ടപ്പെട്ടെങ്കിലും അവരുടെ കൂട്ടുകാര്‍ യേശുവിനെ സ്വീകരിച്ചതില്‍ സന്തോഷിക്കുകയാണ് ഗ്ലാഡിസ്. ഭര്‍ത്താവും മക്കളും വെന്തെരിഞ്ഞപ്പോള്‍ ഗ്ലാഡിസ് കാണിച്ച ക്ഷമയുടെ പാഠം അനേകര്‍ക്ക് മാനസാന്തരം ഉണ്ടാക്കി. വന്‍സമ്മേളനങ്ങളും ചടങ്ങുകളും ഉപേക്ഷിച്ചു ക്രിസ്തുവിനു വേണ്ടി എരിഞ്ഞടങ്ങുകയാണ് ഗ്ലാഡിസ്. തന്റെ മകള്‍ എസ്‌തേറും കുടുംബവും ക്രിസ്തുവിനുവേണ്ടി ശോഭിക്കുന്നു .

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലേക്കും ഗ്ലാഡിസിനെയും മകളെയും ക്ഷണിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. ,പ്രശസ്തിക്കു പുറകെ ഓടാത്ത ഉത്തമകുടുംബമാണ് ഗ്രഹാം സ്‌റ്റൈന്‍സിന്റെ എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. നഷ്ടങ്ങളുടെ കണക്കുപറഞ്ഞു ഒന്നും വാരിക്കൂട്ടാന്‍ ആയിരുന്നില്ല ഈ കുടുംബത്തിന്റെ ലക്ഷ്യം. ഭാരതത്തിലെ ഒരുകൂട്ടം ജനത്തിനായി ജീവിക്കുക അവരെ ക്രിസ്തുവിനായി നേടുക എന്ന തന്റെ ലക്ഷ്യം ദിനവും നിര്‍വേറ്റപ്പെടുന്നതായി അറിയുന്നു.

ഗ്രഹാം സ്‌റ്റൈയിന്‍സിന്റെ ജീവിതകഥ ആറുഭാഷകളില്‍ ചിത്രീകരണം പുരോഗമിക്കുന്നു. മലയാളത്തില്‍ ഏപ്രില്‍ പ്രദര്‍ശിപ്പിക്കും.

അസാധാരണമായ മനക്കരുത്തും വിശാസവും പകര്‍ന്നു ഇവര്‍ക്ക് ഇനിയും ഏറെ ദൂരം പോകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഇവരുടെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാണ്. മറ്റുള്ളവരോടുള്ള പരിചരണം, സ്‌നേഹം ഗ്ലാഡിസ് ലോകത്തിനു കൈമാറുകയാണ് .

Source URL: https://padayali.com/%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d/