ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് ഒന്നിക്കാം !!

ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് ഒന്നിക്കാം !!
June 12 09:16 2021 Print This Article

അവർ വലിയ ചിരിയോടെ നമ്മുടെ മുന്നിൽ വന്നു നിന്നു…. നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളും ഒക്കെ നമ്മൾ വിഷമത്തോടെ പറഞ്ഞപ്പോൾ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു……!

നമ്മുടെ കൂര ശരിയാക്കി തരാമെന്നും, നമ്മുടെ കുഴിഞ്ഞു കിടക്കുന്ന റോഡുകൾ ടാർ ഇട്ടു തരാമെന്നും, നമ്മുടെ റോഡിൽകൂടി ബസ് ഓടിച്ചു തരാമെന്നും, നമുക്കൊരു ബസ്റ്റോപ്പ് ഉണ്ടാക്കി തരാമെന്നും, നമ്മുടെ നദിക്കു കുറുകെ പാലം ഉണ്ടാക്കി തരാമെന്നും, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന നമ്മുടെ സ്കൂൾ ശരിയാക്കിത്തരാം എന്നും, കർഷകരായ നമുക്ക് മെച്ചം ഉണ്ടാക്കുന്ന നിയമങ്ങൾ ഉണ്ടാക്കാമെന്നും, അങ്ങനെ നമ്മുടെ കദനകഥകൾ എല്ലാം കേട്ട് തലകുലുക്കി എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു പോയി…..!

നമ്മൾ നമ്മുടെ വാക്കുപാലിച്ചു. നമ്മൾ വോട്ടു കൊടുത്തു അവർ ജയിച്ചു….! അങ്ങനെ അഞ്ചുവർഷം നമ്മൾ കരഞ്ഞും വിളിച്ചും നടന്നു….. വീണ്ടും അവർ വന്നു….. പഴയതിലും വലിയ ചിരിയോടെ…. ഏറെ ആൾ സന്നാഹങ്ങളോടെ വന്നു….. ഇപ്രാവശ്യം നിശ്ചയമായും എല്ലാ വിഷയങ്ങൾക്കും പരിഹാരം കാണും എന്ന് തീർത്തു പറഞ്ഞു……!

വിഡ്ഢിയായ നമ്മൾ വീണ്ടും വാക്കു പറഞ്ഞു. നമ്മൾ വീണ്ടും വാക്കുപാലിച്ചു……! അവർ വീണ്ടും ജയിച്ചു എന്നാൽ നമ്മൾ വീണ്ടും തോറ്റു….! നമ്മൾക്ക് മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ അവർ മാറി. കൂരയുടെ മുന്നിൽ നിന്ന് അമ്മയോടൊപ്പം പടമെടുത്ത് മഹാൻ ഇന്ന് കോടീശ്വരൻ. ഉന്തുവണ്ടി തള്ളി നടന്നവൻ ഇന്ന് കോടീശ്വരൻ. ബീഡി തൊറുത്തവർ ഇന്ന് കോടീശ്വരൻ. അതെ, ഇന്നേവരെ മേലനങ്ങി അഞ്ചുരൂപയുടെ പണിയെടുത്തിട്ടില്ലാത്തവരുടെ മക്കൾക്ക് 3000 കോടിയുടെ സോഫ്റ്റ്‌വെയർ കമ്പനി…..!

അതെ അവർ തിരക്കിലായിരുന്നു…. അവർ പാലം പണിഞ്ഞു. പണം കട്ടു….! നാം ഒന്നും പറഞ്ഞില്ല…..! മക്കളുടെയും പരിചയക്കാരുടെയും വേലക്കാരുടെയും പേരിൽ ബിനാമി സ്വത്തുക്കൾ വാരിക്കൂട്ടി…. നാം ഒന്നും പറഞ്ഞില്ല….! അവർ സ്വന്തക്കാരെയും ബന്ധുക്കളെയും പരിചയക്കാരെയും എല്ലാം ജോലിയിൽ കുത്തിതിരികി… നാം ഒന്നും പറഞ്ഞില്ല…..! അവർ കോടികൾ കമ്മീഷനായി അടിച്ചുമാറ്റി വിദേശത്തേക്ക് കടത്തി… നാം ഒന്നും പറഞ്ഞില്ല….! കാട്ടിലെ തടി വിറ്റ് കോടികൾ ഉണ്ടാക്കി… നാം ഒന്നും പറഞ്ഞില്ല….! അവർ എല്ലാവരും അവിഹിത മാർഗത്തിലൂടെ ധാരാളം പണം ഉണ്ടാക്കി വിദേശത്തേക്ക് കടത്തി. നാം ഒന്നും പറഞ്ഞില്ല…! അവർ കള്ളൻ എന്ന് വിളിച്ച് നാറ്റിച്ചവർക്ക് നമ്മുടെ പണമെടുത്ത് സ്മാരകം പണിയുന്ന തിരക്കിലാണ്….! എന്നിട്ടും നമുക്ക് ഒന്നും പറയാനില്ല…!

വാർപ്പ് പിടിച്ചവന് പെറ്റി അടിച്ചപ്പോൾ” അവർ, മേലാളന്മാർ കൂട്ടംകൂടി കാര്യം നടത്തി….! എന്നിട്ടും നമുക്കൊന്നും പറയാനില്ല…! മാസാമാസം നമ്മുടെ നികുതി, ശമ്പളമായി വാങ്ങി പോക്കറ്റിലിട്ടിട്ടു കൂലിപ്പണിക്കാരായ നമ്മളോട് കൂരയ്ക്ക് പുറത്തിറങ്ങരുതെന്ന് പറയുന്നു. എന്നിട്ടും നമുക്ക് ഒന്നും പറയാനില്ല….! ഈ നാട്ടിലെ എല്ലാ വ്യവസായവും കൊടികുത്തി ഇല്ലാതാക്കി എന്നിട്ടും നമുക്ക് ഒന്നും പറയാനില്ല…! പിറന്ന നാട്ടിൽ വന്ന് എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കണം എന്ന ആഗ്രഹത്തോടെ വന്നവർ പലരും ഒരു കയറിൽ തൂങ്ങിയാടി അഭയംതേടി…! എന്നിട്ടും നമുക്കൊന്നും പറയാനില്ല….!

ഈ നാട് മുടിപ്പിച്ച് നമ്മുടെ നാടിന് ചേരേണ്ട എല്ലാം നന്മകളും വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കി മക്കൾക്കും മക്കളുടെ മക്കൾക്കും സമ്പാദിച്ചു കൂട്ടുന്ന വൈറ്റ് കോളർ ജോബ് നമ്മൾ മടുത്തു. വയ്യ ഇനിയും ഈ നാറിയ ഭാണ്ഡം പേറുവാൻ വയ്യ… ഉള്ളത് കൂടി ഇല്ലാതാക്കുവാൻ നടക്കുന്ന ഹൃദയത്തിൽ കുഷ്ഠം പേറുന്ന രാഷ്ട്രീയക്കാർ…..!

ഇനി നമ്മൾ ശബ്ദിച്ചാലേ മതിയാവൂ…! ഇനിയും അടപ്പിക്കാനും കൊടി കുത്തുവാനും നിങ്ങളുടെ കുഞ്ഞുങ്ങളെ വെട്ടി കൊല്ലുവാനും സമ്മതിക്കരുത്. ഇത് എന്റേയും നിങ്ങളുടെയും നാടാണ്. ഇത് എൻറെയും നിങ്ങളുടെയും വിയർപ്പുവീണ നാടാണ്. ഇവിടെ നമ്മുടെ പിതാക്കന്മാർ അന്തിയുറങ്ങുന്ന മണ്ണാണ്. ഇവിടെ നാം നമുക്കുവേണ്ടി ശബ്ദിച്ചില്ല എങ്കിൽ, ഇവിടെ നാം നമ്മൾക്ക് വേണ്ടി എഴുന്നേറ്റുനിന്നില്ലായെങ്കിൽ നാം നശിച്ചുപോകാൻ ഇടയുണ്ട്. അഭ്യസ്തവിദ്യർ എന്ന് ഊറ്റംകൊള്ളുന്ന കേരള ജനത ഇനിയും വിഡ്ഢികൾ ആയിക്കൂടാ. അണിചേരുക…. നമ്മേ ഭരിച്ചു മുടിച്ച ഈ വരേണ്യ വർഗത്തെ പടിക്കു പുറത്തു നിർത്തുക, സംഘടിക്കുക, ശക്തരാവുക….!

നമുക്ക് ഇതിൽ കൂടുതൽ ഒന്നും നഷ്ടപ്പെടാനില്ല. ഈ നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനും ജോലി ചെയ്യുവാനും മറ്റു സംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും ആശ്രയിക്കേണ്ടിവരുന്നു നമ്മുടെ സംസ്ഥാനത്ത് കൃഷികൾ ഇല്ല ബിസിനസ് ഇല്ല ജോലിയില്ല ജീവിക്കുവാനുള്ള മാർഗങ്ങളില്ല രാഷ്ട്രീയക്കാർക്ക് മാത്രം ഈ പ്രയാസങ്ങളും പ്രതിബന്ധങ്ങളും ഇല്ല അവരുടെ മക്കൾ വിദേശത്തു പഠനം നടത്തുന്നു അവരുടെ മക്കൾ വിദേശത്ത് ബിസിനസ്സുകൾ ആരംഭിക്കുന്നു അവരുടെ മക്കൾ അന്യസംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഇൻവെസ്റ്റ്മെൻറ് നടത്തുന്നു നമ്മൾക്ക് ഇനിയും കയ്യുംകെട്ടി ഇരുന്നു കൊടുക്കുവാൻ സാധിക്കുകയില്ല നമ്മൾ ഇനിയും നമ്മളെ നശിപ്പിക്കുവാനും തകർക്കുവാനും അടപ്പിക്കുവാനും കൊടി കുത്തിക്കുവാനും ഇറങ്ങുന്ന രാഷ്ട്രീയക്കാരുടെ നേരെ കൈ ചൂണ്ടുകയും കൈ ഉയർത്തുകയും തന്നെ വേണം എന്ന് പറയാതെ വയ്യ…..

നമുക്ക് വേണ്ടി നാം സംസാരിച്ചില്ലെങ്കിൽ, നമുക്ക് വേണ്ടി നാം എഴുന്നേറ്റുനിന്ന് ഇല്ല എങ്കിൽ, നമുക്ക് വേണ്ടി ആരും നിൽക്കുകയില്ല എന്ന് ഓർക്കുക. ഈ മുടിഞ്ഞ രാഷ്ട്രീയ സംസ്കാരം ഇനി മുന്നോട്ടു കൊണ്ടു പോകാൻ പറ്റുകയില്ല.

ജനങ്ങൾ മാറി ചിന്തിച്ചേ മതിയാവുകയുള്ളൂ…. ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് ഒന്നിക്കാം… നമ്മുടെ തലമുറകൾക്ക് വേണ്ടി നമുക്ക് ഒന്നിക്കാം…. ഈ നാടിനു വേണ്ടി നമുക്ക് ഒന്നിക്കാം…. ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് കൈകോർക്കാം….

-ബ്ലെസ്സൺജി. ഹൂസ്റ്റൺ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.