ഐ.പി.സി; ഞാന്‍ അഭിമാനംകൊള്ളുന്ന എന്റെ സഭ (പെന്തക്കോസ്ത് പ്രസ്ഥാനം)

ഐ.പി.സി; ഞാന്‍ അഭിമാനംകൊള്ളുന്ന എന്റെ സഭ (പെന്തക്കോസ്ത് പ്രസ്ഥാനം)
July 25 21:32 2018 Print This Article

ലോകത്തില്‍ ഇത്രയും കെട്ടുറപ്പുള്ള പെന്തക്കോസ്ത് സമൂഹം വേറേ ഏതുണ്ട് ? പക്ഷേ ഇപ്പോള്‍ കാണുന്ന ചിത്രം അത്ര സുഖകരമല്ല.

പണ്ട് നമുക്ക് ആത്മീയരായ, വിശുദ്ധരായ ഒരുകൂട്ടം നേത്യത്വമുണ്ടായിരുന്നു. പ്രത്യേക പ്രാഗല്‍ഭ്യമുള്ള കുറെ അപ്പച്ചന്‍മ്മാര്‍. പക്ഷേ, ഇന്നുണ്ട് സ്റ്റേറ്റെന്നും, ജനറലെന്നും, പറഞ്ഞ് കുറെ വിരുതന്‍മ്മാര്‍. സ്വന്ത സഹോദരനെതിരെ കള്ളത്തരം പ്രിന്‍റ് ചെയ്ത്, പാനല്‍ യോഗം കളിച്ച്, കോടികള്‍ മറിച്ച്, സ്വയം ശ്രേഷ്ടനെന്നു വരുത്തിത്തീര്‍ത്ത് അധികാരം കയ്യാളുന്ന ചില ആത്മീയ ശിഖണ്ഡികള്‍. (അപ്പോൾ തന്നെ ഉപദേശ, ജീവിത വിശുദ്ധി സൂക്ഷിക്കുന്ന ചിലരുണ്ട് അവിടെ അവരെ സ്മരിക്കുന്നു.)

പാപമാണ് എന്നുപറഞ്ഞ് ടി.വി ഉപേക്ഷിച്ചവരുടെ പിന്‍മുറക്കാര്‍, കോടികള്‍ മുടക്കി സിനിമാ പിടിക്കുന്നു. വേറൊരാള്‍ സിനിമാ താരത്തിനൊപ്പം ഉത്ഘാടനത്തില്‍ സംമ്പന്ധിക്കുന്നു. മറ്റൊരാള്‍, പൈസാ തരാം എന്നു കേട്ടാല്‍ ഏതു ക്രമംകെട്ടവനെയും പിടിച്ചു പ്രാസംഗികനാക്കുന്നു. മറ്റൊരുവന്‍ സഭ ബിസിനസ് കേന്ദ്രമാക്കുന്നു. കര്‍ത്താവിന്റെ പേരില്‍ കള്ളത്തരം നടത്തി വോട്ട് പിടിച്ച് കസേരയില്‍ കയറി ഇരുന്ന്, ദൈവം എന്നെ ഏല്‍പ്പിച്ചു, ദൈവം എന്നെ കൊണ്ടുവന്നു എന്നു പറയാന്‍ നാണമില്ലേ അണ്ണന്‍മ്മാരേ? കെ.ഈ ഏബ്രഹാം, പി.എം. ഫിലിപ്പ്, മുണ്ടിയപ്പള്ളി അപ്പച്ചന്‍, ടി.ജി ഉമ്മന്‍, പരംജ്യോതി, കൊടുന്തറ ഉമ്മച്ചന്‍…. അങ്ങനെ നീണ്ടുപോകുന്ന പിതാക്കന്മാരുടെ പ്രാര്‍ത്ഥനയുടേയും, കണ്ണുനീരിന്റേയും, വിയര്‍പ്പിന്റേയും ഫലമാണ് നാം ഇന്നുകാണുന്ന ഐ.പി.സി…

ഇവരിൽ ആരും തന്നെ വോട്ട് യാചകര്‍ ആയിരുന്നില്ല. പക്ഷേ സഭ അന്നു വളരുന്നുണ്ടായിരുന്നു. ഇന്നത്തെ സഭകൊണ്ട് നേതാക്കന്മാരുടെ പോക്കറ്റ് നിറയുന്നു. രാഷ്ട്രീയം പാപമാണെന്ന ശബ്ദം മുഴങ്ങിയ കുമ്പനാട് കണ്‍വന്‍ഷനില്‍ രാഷ്ട്രീയക്കാരുടെ കൂട്ടയിടിയാണിന്ന്. മന്ത്രിയും, എം.എല്‍.എയും,പഞ്ചായത്തു മെമ്പറുമെല്ലാം ഇന്നു സ്റ്റേജില്‍ മുഖ്യാസനം അലങ്കരിക്കുന്നു. സ്ത്രീവിഷയത്തില്‍ വീണുപോയവരൊക്കെ ഇന്നു നാണമില്ലാതെ പല കൗണ്‍സിലുകളിലും വാലും ചുരുട്ടിയിരിക്കുന്നുണ്ട്.

സാംമ്പത്തിക ക്രമക്കേട് കാണിച്ച കാര്യം കേരളാശബ്ദം മാസികയില്‍ ഫോട്ടോ സഹിതം വന്ന മാന്യനാണ് ഇപ്പോള്‍ കുമ്പനാട്ടെ സംഗീതപ്രമാണി. കാരണം അങ്ങോട്ടു പൈസാ കൊടുത്താല്‍ ഏത് നെറികെട്ടവനും ഇവിടെ സ്റ്റേജ് ഓക്കേ ആണല്ലോ ? സംഗീതത്തിന്‍റെ ABCD അറിയാത്ത ഈ ‘കുഴി’യൊക്ക പാടിതകര്‍ക്കുമ്പോള്‍ ഇറങ്ങുന്ന ആത്മാവ് ഏതാണോ ആവോ ? ഐ .പി.സി യില്‍ അഭിക്ഷേകമുള്ള പാട്ടുകാരൊക്കെയുണ്ട്. പക്ഷേ ജനറല്‍ കൗണ്‍സിലിനു ദക്ഷിണവെക്കാന്‍ ലക്ഷങ്ങള്‍ അവര്‍ക്കില്ല. ജഡപോയത് അറിയാതെ, വെറുതേ ജഡമിട്ട് അടിക്കുന്ന ഇവനെയൊക്ക വെച്ചുവാഴിക്കുന്ന കൗണ്‍സിലുകളേ നിങ്ങള്‍ക്ക് അയ്യോ കഷ്ടം.

‘___ ചെയ്തവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും’ എന്നൊരു പഴമൊഴി നിങ്ങള്‍ കേട്ടിട്ടില്ലേ ? നാലു കാശുകൊടുത്താല്‍, നേരേചൊവ്വേ സാക്ഷ്യംപറയാന്‍ അറിയാത്ത അമേരിക്കന്‍ അച്ചായന്‍ ഇവിടെ മുഖ്യപ്രസംഗകനാണ്. പരിഭാഷക്കാരന്റെ സഹായത്തോടെ അച്ചായന്‍ കുറെ പൊങ്ങച്ചം പറയും. ഇങ്ങേര് പണ്ട് കൂഴച്ചക്ക തിന്നു നടന്ന ടീമാണേ. പക്ഷേ ഇപ്പോ പരിഭാഷകന്‍ വേണംപോലും!

കുമ്പനാട് മൈതാനിയില്‍ കോടികള്‍ മുടക്കി പന്തലിട്ടു മകളുടെ വിവാഹ മഹോല്‍സവം നടത്തിയ ഒരു അച്ചായന്‍ അഭിഷിക്തനുണ്ട്. വാടക കൊടുക്കാനില്ലാത്ത, ചോരുന്ന സഭാഹാള്‍ ഉള്ള, മക്കളെ വിവാഹം കഴിപ്പിക്കാന്‍ കാശില്ലാത്ത, സ്വന്തമായി വീടില്ലാത്ത, സഭാഹാളില്ലാത്ത, അക്കൗണ്ടില്ലാത്ത, ഒരു സൈക്കിള്‍ പോലുമില്ലാത്ത സുവിശേഷകർ ഉള്ളപ്പോള്‍ ഇങ്ങനെ പിതാവില്ലായ്മ കാണിക്കുന്നവർ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നാണോ നമ്മള്‍ കരുതുന്നത് ?

തീര്‍ന്നില്ല, ജനറല്‍ കണ്‍വന്‍ഷനു ബദലായി ഇതാ സ്റ്റേറ്റു കണ്‍വന്‍ഷന്‍ എന്നൊരു ഉത്സവം. കേരളാ കൗണ്‍സിലിന്റെ ജാഢ കാണിക്കാനും, കാശിന്റെ കുന്തളിപ്പ് കാണിക്കാനുമുള്ള മറ്റൊരു വേദി ? ശാപം മുറിക്കുന്നവനും, സാംമ്പത്തിക നന്മ തരുന്നവനും, ആഭരണധാരിയുമൊക്കെ അഴിഞ്ഞാടിയ കോട്ടയം ഉത്സവം ഏവരും കണ്ടതാണല്ലോ? കേരളാ പ്രമാണിമാരുടെ പ്രസംഗങ്ങള്‍ കാശിനു പതിനാറാണ്. അതാണ് ശാപം പൊട്ടീരുകാരെ വിളിച്ചത്. വാ തുറന്നാല്‍ വെള്ളിയടിക്കുന്ന പുള്ളീടെയൊക്കെ ‘പ്രപാച്ചണം’ആര്‍ക്കുവേണം ??

അതാണ് ശാപക്കാരനെയൊക്കെ വിളിച്ചത്.പത്ത് ആളിനെ കൂട്ടാന്‍ ഇനി ഇവരൊക്കെ ശരണം. ഐ പി.സി യില്‍ പക്കാ വചനം പറയുന്നവരില്ലേ? കാശ് എറിയുന്നവനും, താരമൂല്യമുള്ളവര്‍ക്കുമാണല്ലോ ചാന്‍സ് ? കേരളത്തിന്റെ ദേശാധിപതി, കാശുകൊടുത്ത് സ്വന്തം മകനെപ്പറ്റി, ശാപക്കാരനെക്കൊണ്ട് പ്രവചിപ്പിച്ചത് ആരും മറന്നിട്ടില്ല. (പ്രവചനം 16 നിലയില്‍ പൊട്ടി ) ഇവിടെ എറിയുന്നതില്‍ ഒരു ശതമാനം പൈസാകൊണ്ട് 10 ട്രാക്റ്റ് അടിച്ചാല്‍, 10 പരസ്യയോഗം നടത്തിയാല്‍ ഇവിടെ സഭ വളരും. വേണ്ട മലബാറില്‍, വടക്കേ ഇന്‍ഡ്യയില്‍, ആന്‍ഡമാന്‍സില്‍ 10 പൈസാ കൊടുക്ക്, അതെല്ലാം ആത്മാക്കളായി തിരികെ വരും.

അല്ല, ഈ കണ്‍വന്‍ഷനിലൊക്ക എത്രപേര്‍ രക്ഷിക്കപ്പെടുന്നുണ്ട് ? ആദ്യം അകത്തെ കൗണ്‍സിലിലെ പാപികള്‍ മാനസാന്തരപ്പെടട്ടെ.  പിന്നല്ലേ ലോക്കല്‍ പാപികള്‍. പാപികള്‍ മാനസാന്തരപ്പെടണം, പിന്‍മാറ്റക്കാര്‍ മടങ്ങി വരണം എന്നൊക്കെയുള്ള നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടക്കാത്തിടത്തോളം കാലം ഈ കണ്‍വന്‍ഷനുകളെ കുടുംബസംഗമം എന്നു മാറ്റുന്നതാണ് നല്ലത് ? ഏസി ഇട്ടകാറില്‍ വരുകയും 5സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് തട്ടുകയും ചെയ്യുന്ന ഈ ഭൗതിക ദേഹങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുള്ള സുവിശേഷകന്റെ വേദന ഒരിക്കലും മനസ്സിലാകില്ല. സ്ഥലംമാറ്റ വിഷയത്തിലും, മറ്റും പാവം സുവിശേഷകരെ ദ്രോഹിച്ച്,അവരെ തരംതാഴ്ത്തി നിങ്ങള്‍ക്കിപ്പോള്‍ മുതലാളി ചമയാം. പക്ഷേ പാവം സുവിശേഷകന്റെ കണ്ണുനീര്‍ വെറുതെ ആകുമെന്നു കരുതുന്നുണ്ടോ?

11 കോടി മുടക്കി സിനിമാപിടിച്ച മകന്‍റെ അപ്പന്‍, സ്റ്റേറ്റ് കണ്‍വന്‍ഷന്റെ ചിലവിനു പൈസാ എരന്ന് നോട്ടീസ് അടിച്ച് പിരിച്ചില്ലേ???? ഇവനൊക്കെ ഇനി 10 നയാപൈസാ കൊടുക്കരുത്. അര്‍ഹതയുള്ളവര്‍ IPC യിലുണ്ട്, അവര്‍ക്ക് കൊടുക്കണം. ദൈവം മാനിക്കും.

നമ്മുടെ അദ്ധ്വാനഫലം ഇവനൊക്ക എരന്നു വാങ്ങിക്കും. സുവിശേഷത്തിന്‍റെ പേരുംപറഞ്ഞ് ? എന്നിട്ട് കോടതി കേസ് കളിയാണ് പണി. കുമ്പനാട്ട് പാര്‍ക്കിംഗ് ഗ്രൗണ്ടല്ല അത്യാവശ്യം. പത്തു സഭാഹോളിനു പുതിയ ഓട് മേയുന്നതാണ്. ഇതൊക്കെ തുറന്നു പറഞ്ഞാല്‍ സഭയില്‍നിന്നും മുടക്കും, ഭീക്ഷണിയും വരും. അതിനാല്‍ ആരും മിണ്ടാറില്ല. പിന്നെ നേതാക്കന്‍മ്മാരുടെ പാദം നക്കികളുണ്ട്. നേതാവിന്റെ നെറികേടിനെ ന്യായീകരിക്കുവാന്‍ വിധിക്കപ്പട്ട കുറെ പാഴ് ജന്മങ്ങള്‍. പാവങ്ങളുടെ പൈസാമേടിച്ച് ഇനി നീയൊന്നും ആളാകണ്ട. അയ്യോ അഭിഷിക്തന്‍മ്മാരെപ്പറ്റി ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ശാപംവരില്ലേ ? ഇല്ല ഒരു ശാപവും വരില്ല. അതിന് ഇവരെയൊന്നും ദൈവം ആക്കിയതല്ലല്ലോ ? ഇവനൊക്കെ കുതികാല്‍ വെട്ടി, പാനല്‍ പിടിച്ച്, കാശ് ഇറക്കി അധികാരത്തില്‍ വലിഞ്ഞുകയറിയതാണ്.

സഹോദരന്മാരേ.. മേലില്‍ സഭാ ഇലക്ഷനു വോട്ടു ചെയ്യാന്‍ പോകരുത്. പൈസാ എരന്നുവരുന്നവരെ എറിഞ്ഞോടിക്കണം. കൊടുക്കണം സുവിശേഷവേല ചെയ്യുന്ന നമ്മുടെ പാസ്റ്റര്‍മ്മാര്‍ക്ക്. കൊടുക്കണം,ട്രാക്റ്റ് അച്ചടിക്കുവാന്‍…. സഭാ രാഷ്ട്രീയം തൂത്തെറിയാം. നമുക്ക് തിരിച്ചുപോകാം പിതാക്കന്മാരുടെ കാലത്തേക്ക്.

(ഐ പി സി യെ ആത്മാര്‍ഥമായി സ്നേഹിക്കുന്നതും, അടുത്ത ആഴ്ച തിരുമേശ മുടക്കുമോ എന്ന ഭയത്താല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതുമായ ഒരു സഹോദരന്‍)

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.