എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം, ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം: ആരോഗ്യമന്ത്രി

എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം, ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം: ആരോഗ്യമന്ത്രി
January 14 21:39 2021 Print This Article

തിരുവനന്തപുരം: ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്‌സിന്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6 ആഴ്ചകള്‍ക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തിരിക്കേണ്ടത്.

ആദ്യഡോസ് എടുത്തു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യണം. ആ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കൂടിയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുക്കുന്നതിനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു സെമിനാര്‍ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വാക്‌സിനിലൂടെ മാത്രമേ കൃത്രിമ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കൂ. കേരളം നടത്തിയ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധാരാളം പേര്‍ക്ക് കൊവിഡ് വരാതെ സംരക്ഷിക്കാന്‍ സാധിച്ചു. ഈ ആളുകളിലേക്ക് പൂര്‍ണമായി വാക്‌സിന്‍ എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ക്ക് വാക്‌സിനേഷനില്‍ പങ്കെടുക്കാന്‍ കൃത്യമായ സന്ദേശം ലഭിക്കും. രണ്ടാംഘട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് ആഗ്രഹം. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും വേണം. എല്ലാവരും വാക്‌സിനെടുത്ത് കൊവിഡിനെ തുരത്തിയാല്‍ മാത്രമേ നമുക്ക് സ്വതന്ത്രരായി ജീവിക്കാന്‍ സാധിക്കൂ.

ഒരു വര്‍ഷമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തിന്റെ മികച്ച പ്രതിരോധം കാരണം വൈറസിന്റെ വ്യാപനവും മരണ നിരക്കും കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനമാണ് നടക്കുന്നത്. ജില്ലകളില്‍ അതത് മന്ത്രിമാര്‍ക്കായിരിക്കും വാക്‌സിനേഷന്റെ ചുമതല. വാക്‌സിന്‍ വിജയകരമായി നടപ്പിലാക്കാന്‍ എല്ലാവരുടേയും പിന്തുണ തേടുന്നതായും മന്ത്രി വ്യക്തമായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.