എന്തിനു വേണ്ടിയും വേഷം മാറുന്നവർ..

എന്തിനു വേണ്ടിയും വേഷം മാറുന്നവർ..
October 31 08:07 2017 Print This Article
സെഫി ഡയോസിസ് പുരോഹിത വസ്ത്രം വിശദീകരണവുമായി  ചില വീഡിയോകൾ പുറത്തിറങ്ങി. അതിൽ ഷാജി പാലിയോട് പറയുന്നത്  തനിക്കു  പുരോഹിത വസ്ത്രം ധരിച്ചാൽ  ചൊറിച്ചിൽ ഉണ്ടാകാറില്ല ( ഉണ്ടാകില്ലല്ലോ )  എന്നു മാത്രമല്ല ക്രിസ്തീയ പീഡനവിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴാണ് ഇദ്ദേഹം ഈ വസ്ത്രം അണിയുന്നതുപോലും…
സെഫി ഡയോസിസിന്റെ പ്രവർത്തനങ്ങൾ അപ്പോസ്തോലിക ഉപദേശങ്ങൾ തന്നെയാണ് എന്ന് മനസിലാക്കിയതിനു ശേഷമാണ്   ഇതിൽ ചേർന്നിരിക്കുന്നത്  എന്ന് ഷാജി പാലിയോട്  വിശദീകരിക്കുന്നു. അപ്പോൾ തന്നെ എന്തുകൊണ്ടാണ് ഇവർ ഈ വസ്ത്രം ഉപയോഗിക്കുന്നത് എന്ന് കേൾക്കുമ്പോഴാണ് നാം ഞെട്ടുന്നത്‌. പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം. ഇതാണ് ഇവർ മുന്നിൽ കാണുന്നത്. ഇന്ത്യയിലെ സ്വതന്ത്ര സഭകളെ മറ്റു മുഖ്യധാരാ സഭകൾ ഒറ്റപ്പെടുത്തുന്നു. ഇവർക്ക്  ഗവൺമെന്റിന്റെ സഹായം ലഭിക്കുന്നില്ല എന്നത് എടുത്തു കാണിക്കുന്നു. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർ പെന്തക്കോസ്തു വിശ്വാസത്തെ സംരക്ഷിക്കുന്നില്ല, പലയിടങ്ങളിലും പീഡനങ്ങൾ നേരിടുന്നു. കോടതിയിൽ പോയാൽ പോലും കുപ്പായം ഇല്ലങ്കിൽ വിലയില്ല എന്നാണ് ഇതിയാന്റെ പറച്ചിൽ. സ്വതന്ത്ര സഭകളെ ഇത്തരം ആംഗ്ലിക്കൻ സഭകളിൽ ഒന്നിപ്പിക്കാനും, സഹകരിക്കാനും ഒന്നിച്ചു മുൻപോട്ടു കൊണ്ടുപോകാനും ആഗ്ലിക്കൻ സഭയുടെ കൊടിക്കീഴിൽ കൊണ്ടു കെട്ടാനും വേണ്ടിയാണു ഇത്തരത്തിൽ ഒരു ക്രമീകരണം ചെയുന്നത് എന്നും അദ്ദേഹം കൂട്ടി ചേർക്കുന്നു. ഇന്ത്യൻ റിലീജിയൻസ് ആക്ടിന്റെ കീഴിൽ ആണ് ഈ ആംഗ്ലിക്കൻ സഭയും വരുന്നത് എന്നും എടുത്തു പറയുന്നുണ്ട്. സെഫി ഡയോസിസിന്റെ പ്രവർത്തനങ്ങൾ  സ്വതന്ത്ര സഭകൾ തമ്മിൽ ഐക്യം ഉണ്ടാക്കാൻ ആണെന്നു പറയുമ്പോൾ തന്നെ, മുഖ്യധാരാ സഭകളിൽ നിന്നുമുണ്ടായ വേദനാപൂർവമായ  സാഹചര്യങ്ങൾ ആണ് ഇവരെ ഇത്തരത്തിൽ നീങ്ങാൻ പ്രേരിപ്പിക്കുന്നത് എന്നും പറയുന്നു. തികച്ചും ആത്മീക പ്രവർത്തങ്ങൾ മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം.
ആഫ്രിക്കൻ  രാജ്യങ്ങളിൽ പാസ്റ്റർമാർ പ്രത്യേക ഡ്രസ്സ് കോഡ് ഉപയോഗിക്കുന്നു എന്നു ഷാജി കണ്ടുപിടിച്ചതാണ് അതിലും രസകരമായ കാര്യം. വസ്ത്രം അഭിഷേകം കുറയ്കുന്നില്ല എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇന്ത്യൻ റിലിജിയസ് ആക്ട് അനുസരിച്ചു എല്ലാ സംരക്ഷണങ്ങളും സെഫി ഡയോസിസിനു ഉണ്ട് എന്നു പറയുമ്പോൾ മറ്റ് ക്രിസ്തീയ സംഘടനകളും സമൂഹങ്ങളും വേറെ ഏതോ റിലീജിയൻസ് അക്റ്റ് ആണോ ഫോളോ ചെയ്യുന്നത് ? കൂടുതൽ പറയാതെ പറഞ്ഞാൽ ഇപ്പോഴത്തെ സർക്കാരിൽ നിന്നും, പീഡനങ്ങളിലിൽ നിന്നും രക്ഷ നേടികൊടുക്കാൻ ഈ കുപ്പായത്തിനു കഴിയും. എന്തൊരു ആശ്വാസം. ‘ വിശ്വാസം, അതല്ലേ എല്ലാം’ എന്നൊരു ജൂവലറി പരസ്യം പോലെ ഇത് കേട്ടിട്ട് രോമാഞ്ച പുളകമണിഞ്ഞുപോയി .  കുപ്പായം ഇട്ടവരെ ചില നാളുകൾ മുൻപ് ഐ എസ്‌ എസ്  കൊണ്ട് പോയി, ഇനിയും ഇന്ത്യയിൽ എന്തൊക്കെ നടക്കും എന്ന് പറയാനാകില്ല.
ഒരു കുരിശോ, ബൊക്കയോ, കുപ്പായമോ, അംശവടിയോ ഒന്നും ഇവരുടെ ആത്മീക പ്രവർത്തങ്ങളെയോ, അഭിഷേകത്തെയോ ബാധിക്കുന്നില്ല എന്നാണ് ഷാജി പറയുന്നത്. എന്തായാലും എപ്പിസ്ക്കോപ്പൽ സഭകളെ ഇവർ അംഗീകരിക്കുന്നു. ആർക്കും അവരെ എതിർക്കാം പകരം അവർ എതിർക്കുന്നവരെ സ്നേഹിക്കും എന്നുപറഞ്ഞു വീഡിയോ അവസാനിപ്പിക്കുമ്പോൾ ചില ചോദ്യങ്ങൾ പൊതുജനങ്ങൾക്ക് ചോദിക്കാൻ ഉണ്ട്.
ആഗ്ലിക്കൻ സഭയിൽ അംഗത്വവും അംഗീകാരമുള്ള സിഫി എങ്ങനെ പെന്തക്കോസ്താകും? അങ്ങനെയെങ്കിൽ സിഫി അപ്പോസ്തോലീക ഉപദേശത്തിൽ നിലനിൽക്കുന്ന സഭ എന്ന് എങ്ങനെ പറയും ?
എങ്ങനേയും എന്തും പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതിൽ നിങ്ങൾക്ക് ലജ്ജയില്ലേ? കുറച്ചുകാലം ചിലരെ പറ്റിക്കാം, എന്നാൽ എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാം എന്നു വിഡ്ഢികൾ മാത്രമേ ചിന്തിക്കു.
ഇനി ഈ ഭൂമിയിൽ പുരോഹിത വസ്ത്രം ധരിച്ചാൽ മാത്രമേ നിയമ വിഷയങ്ങൾ ഒക്കെ തീർക്കാൻ പറ്റു എങ്കിൽ അധികം താമസിയാതെ വലങ്കൈമേലോ നെറ്റിയിലോ മുദ്ര ഏൽക്കേണ്ടിവന്നാലും ഈ കൂട്ടർ അതും ചെയ്യും. കുറ്റം പറയരുതല്ലോ, ക്രിസ്തീയ പീഢനത്തിൽ നിന്നുമുള്ള രക്ഷ മാത്രം ലക്ഷ്യം.
ഇതാ മറ്റൊരു ബിഷപ്പ്, സുജിത് ജെയിംസ്…. ഇതിയാന്റെ ചരിത്രം ധാരാളം പറയാനുണ്ട് ( കൂടുതൽ ചരിത്രങ്ങൾ പിന്നാലെ ) രണ്ടായിരത്തി പതിമൂന്നു വരെ ഒരു വിശ്വാസി ആയി ജീവിച്ചയാൾ, ബാക്കി എല്ലാം പെട്ടെന്നായിരുന്നു. ഒരു രാത്രി കൊണ്ട് ഇവാഞ്ചലിസ്റ്റ് ആയി, മറ്റൊരു രാത്രി പാസ്റ്റർ, അടുത്ത രാത്രി പ്രവാചകൻ, രാത്രിക്കു രാത്രി ഈ അഭിഷേകവും ശുശ്രൂഷയും കൊടുത്തത് മാർക്ക് സുക്കർബർഗിന്റെ ഫേസ് ബുക്ക് ആണന്നു മാത്രം. ഗുർമീതിനെ ഭയന്നു. ഡ്രസ്സ് കോഡ് സ്വീകരിച്ചു. ഗുർമീത് എന്ന ആൾദൈവത്തിന്റെ ആൾക്കാർ നോർത്തിൽ സുവിശേഷികരണത്തിനു തടസമായി വന്നപ്പോൾ സ്വീകരിച്ചത് ഈ നയം  ആണെന്ന് സുജിത്. സെഫി ഡയോസിസ് പോലുള്ള ആഗ്ലിക്കൻ സഭകളിലെ അംഗത്വം അവരെ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും പോലും. ഇനി ഉടൻതന്നെ കേരളത്തിൽ അമ്മയെ ഭയന്നു വെള്ള ബ്ലൗസും സാരിയും ധരിക്കുമോ ആവൊ? ഈ അടുത്ത കാലം  വരെ ഇദ്ദേഹം ഒരു സുവിശേഷകനായി മാത്രമേ അറിയപ്പെട്ടിരുന്നുള്ളു. എന്നാൽ എത്ര പെട്ടെന്നാണ് ബിഷപ്പ് ആയത്. അതിന്റെ അഹങ്കാരം വാക്കുകളിൽ മുഴങ്ങിനിൽക്കുന്നും ഉണ്ട്.
അമ്മയേയും പശുവിനെയും പേടിച്ചു സാരിയും പൂണുലും ഇങ്ങനെ മറ്റൊന്നും ധരിക്കാനും പശുവിനു പൂജ ചെയ്യാനും ഇടവരുത്താതെ ദൈവം കാക്കട്ടെ. ഒരു കാര്യം ഇവർ തുറന്നു പറയുന്നു ലോകത്തെയും ലോകക്കാരെയും ഭയന്നു അതിൽ നിന്ന് രക്ഷനേടാൻ ഇപ്പോൾ സെഫിയിൽ ചേർന്നു, ഇനിയും മറ്റു പലതിനേയും ഭയക്കേണ്ടിയ സാഹചര്യം അതി വിദൂരമല്ല. അന്നു ഇവരൊക്കെ ഏതൊക്കെ കോലം കെട്ടി ആടും എന്നത്
കാണാൻ പോകുന്ന പൂരം, അത് പറഞ്ഞു തീർക്കാൻ കഴിയില്ല.
പുരോഹിത വസ്ത്രം ഇട്ടവർക്കു ചൊറിയില്ല അഭിഷേകവും പോകില്ല എന്നാൽ ഇനി സാരിയുടെ കാലം വന്നാൽ അശേഷം ചോറിച്ചിലും കാണില്ല, കാറ്റ് കയറി ഇറങ്ങുമല്ലോ, വേണ്ടാത്തിടത്ത് ആൽ കിളിർത്താലും ഇവർക്കൊക്കെ അതും തണൽ…
പ്രിയ വിശ്വാസ സമൂഹമേ, ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞ കർത്താവായ യേശുക്രിസ്തുവിനേക്കാൾ വിലയും വലിയതും സെഫി എന്ന ആഗ്ലിക്കൻ സഭ കൊടുക്കുന്ന കുപ്പായത്തിനാണ് എന്നു പറഞ്ഞു ജനത്തെ വഞ്ചിക്കുന്ന ഈ വ്യക്തികളെ ഭരിച്ചു നടത്തുന്നത് ദൈവാത്മാവല്ല എന്നതിന് വേറെ തെളിവു വേണ്ടാ. രാജ്യത്തെയും നിയമങ്ങളെയും അനുസരിക്കണം എന്നാൽ വചനത്തെയും പരിശുദ്ധാത്മാവിനേയും മറികടക്കാൻ ദൈവ വചനം പറയുന്നില്ല. സുരക്ഷിതത്വത്തിനായി ഇന്ന് ഒരുകൂട്ടർ സെഫിയിൽ ചേർന്നു, നാളെ ഇതിലും സുരക്ഷിതത്ത്വം മറ്റു സഭക്കോ, അമ്മക്കോ, പശുവിനോ ഒക്കെ തരാൻ കഴിഞ്ഞാൽ ഇവർ അവിടേക്കു പോകുമോ?
ഇവർ മാത്രമല്ല, ഒട്ടു മിക്ക സ്വതന്ത്ര സഭകൾ സേഫിയിൽ  കുടിയേറുന്നു.  ഇതും ചില അജണ്ടകളുടെ ഭാഗം മാത്രമാകുമോ ? കാരണം മുഖ്യധാരാ സഭകൾ പലപ്പോഴും ഇവരെയോ, ഇവരുടെ ശുശ്രൂഷകളെ അംഗീകരിച്ചിരുന്നില്ല. അതാണ് ഇവർക്ക് കൂടുതൽ ആവേശം സെഫിയോടു തോന്നിയത്. മറ്റൊരു സെഫിയോ,അമ്മയോ, ഗുർമീതോ കൂടുതൽ സുരക്ഷിതത്ത്വം ഉറപ്പാക്കിയാൽ ഇവർ എന്ത് പറയും.എന്തായാലും ഇവരെ ഓർത്തു ദൈവജനം പ്രാർത്ഥിക്കുക. ‘ ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ തങ്ങൾക്കു  തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
ദൈവജനം ഇവരെ ഒഴിഞ്ഞിരിക്കുക !!!
ഓൾ ഇന്ത്യ  ക്രിസ്ത്യൻ പ്രൊട്ടക്ഷൻ മൂവ്മെന്റുകാർ ശക്തമായി ഇവരുടെ പ്രവണതകളെ അപലപിച്ചു. ഒന്നാം നൂറ്റാണ്ടിൽ പട്ടത്വം ഇല്ലായിരുന്നു എന്ന് വ്യക്തമാകുന്നു. ഒന്നാം നൂറ്റാണ്ടിൽ കൂട്ടുമൂപ്പൻ ആയിരുന്നു ഉണ്ടായിരുന്നത്. മാത്രമല്ല ശിഷ്യന്മാരോ അപ്പോസ്തലന്മാരോ സ്വയം പുരോഹിതന്മാർ എന്ന് പ്രഖ്യാപിച്ചിട്ടില്ല. പുതിയ നിയമ സഭയിൽ പട്ടത്വത്തിനു സ്ഥാനം ഇല്ല. ഇവർ പറയുന്നത് ഈ വസ്ത്രം ധരിക്കാത്ത പക്ഷം സേഫ്റ്റി ഇല്ല എന്നാണ്. എന്നാൽ സഭ വളരുന്നതും, നിയന്ത്രിക്കുന്നതും പരിശുത്മാവ്‌ ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. കേരള ക്രിസ്ത്യൻ കൗൺസിൽ പോലും കെ പി യോഹന്നാനെ അംഗീകരിച്ചില്ല. അതുകൊണ്ടു തന്നെ നമ്മുക്ക് വ്യക്തമാകുന്നത് ഇതെല്ലാം വെറും മിഥ്യാധാരണകൾ മാത്രമാണ്. ഇത്തരം പദവികൾ ധന വിനിമയം നടത്താനും സാമ്പത്തീക ഉന്നമനത്തിനും വേണ്ടി മാത്രമുള്ള ഉപാധികൾ മാത്രമാണ്. ബിഷപ്പ് കുപ്പായം ധരിച്ചാൽ ഉണ്ടാകുന്ന പ്രൊട്ടക്ഷൻ ഒരു തോന്നൽ മാത്രമാണ്. ലോക പ്രധാനമന്ത്രിമാർ കൊല്ലപ്പെടുന്നു. പിന്നെ ഒരു കുപ്പായത്തിനു അതിനെ ചെറുക്കാൻ പറ്റുമോ?
ഇങ്ങനെ പോയാൽ രാജ്യത്തിനു വേണ്ടി ജീവൻ പണയം വെക്കുന്ന രാജ്യഭടന്മാരുടെ ചിന്ത പോലും ക്രൈസ്തവർക്കു ഇല്ല എന്ന് പറയേണ്ടിവരും, കാരണം സ്വന്തം രാജ്യത്തിനുവേണ്ടി എന്ത് വില കൊടുക്കാനും ഭടന്മാർ തയാറാണ്. എന്നാൽ ക്രിസ്തുവിന്റെ ഭടന്മാർ പലതിനെയും ഭയക്കുന്നു.
ഇവരൊന്നും ക്രിസ്തുവിന്റെ നല്ല ഭടന്മാർ അല്ലേ അല്ല. സ്വന്തം നിലനിൽപ്പിനും വയറിനും വേണ്ടി എന്തു വേഷം കെട്ടാനും മടിയില്ലാത്തവർ..
ഇല്ലാത്ത  യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകിയെന്ന്.. ഇതിന് യു ജി സിയുടെ അംഗീകാരം ഉണ്ടോ? ഇന്ത്യയിലെ ഏതെങ്കിലും യുണിവേഴ്‌സിറ്റിയുടെ പിന്തുണ ഉണ്ടോ ?
ഒരു മേശയും ഒരു കംപ്യൂട്ടറും പ്രിന്ററും ഒപ്പിടാൻ രണ്ടുപേരും ഉള്ള വീട്ടിലെ യൂണിവേഴ്‌സിറ്റിയല്ലേ ഈ അപ്പല്ലോസ് ബൈബിൾ യൂണിവേഴ്‌സിറ്റി
ഒരു ഫേസ് ബുക്ക് പേജും .ഓർഗ് എന്നൊരു വെബ് സൈറ്റും മാത്രമുള്ള ഒരു യുണിവേഴ്‌സിറ്റി. അതിൽ കൊടുത്തിരിക്കുന്ന ചില ഫോട്ടോസ്, മറ്റു ചില ഡീറ്റയിൽസിൽ ക്ലിക്ക് ചെയ്താൽ എല്ലാം ശൂന്യം. മായ, സകലതും മായ…
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.