ഈ സമയത്തു മിണ്ടാതിരുന്നാൽ…..!!

ഈ സമയത്തു മിണ്ടാതിരുന്നാൽ…..!!
March 29 19:28 2021 Print This Article

സംഘടനാസഭകൾ ലോകത്തിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാൾ തരം താണുപോകുന്ന കാഴ്ചയാണു ഇന്നു കണ്ടുകൊണ്ടിരിക്കുന്നതു. ക്രൈസ്തവ സഭകൾ ‘സഭ’ എന്ന സംജ്ഞയിൽ നിന്നും സംഘടനയെന്ന വ്യവസ്ഥതിയിലേക്കു വഴുതി വീണിരിക്കുന്നു!

ക്രൈസ്തവ വേദികളിൽ എവിടെയും മുഴങ്ങി കേൾക്കുന്ന ഒരേഒരു ശബ്ദമാണു “നമ്മുടെ പ്രസ്ഥാനം, നമ്മുടെ പ്രസ്ഥാനം” എന്നുള്ളതു. ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാവാൻ വേണ്ടി ആത്മീകനേതാക്കന്മാർ അത്യദ്ധ്വാനം ചെയ്യുന്നു. സഭയെന്ന വ്യാജേന പ്രസ്ഥാനങ്ങളിലൂടെ സാമ്രാജ്യങ്ങൾ പണിയുന്നു.

യേശുക്രിസ്തു വിഭാവന ചെയ്തതും സ്വന്ത രക്തംകൊടുത്തു വിലയ്ക്കു വാങ്ങിയതുമായ സാക്ഷാൽ ദൈവസഭ ഇന്നെവിടെ?? കർത്താവു ഒരിക്കൽ ദൈവരാജ്യം ഏതിനോടു സദൃശം, ഏതിനോടു അതിനെ ഉപമിക്കേണ്ടു എന്നു ചോദിച്ചുകൊണ്ടു ഒരു ഉപമ പറഞ്ഞു.

“ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ വസിച്ചു.” ഇന്നു ദൈവരാജ്യം നമുക്കു ദൈവസഭയാണു. പ്രജനന പ്രക്രിയയിൽ ജൈവവൃദ്ധി സ്വയം പ്രകടമാക്കുന്ന സസ്യമാണു കടുകുമണിയുടെ ചെറുസസ്യം.

സസ്യത്തിന്മേൽ വിത്തുകൾ പാകമാകുമ്പോൾ അതിന്റെ ചുറ്റുവട്ടത്തിൽ വിത്തുകൾ വിതരണം ചെയ്യപ്പെട്ടു പ്രജനന പ്രക്രിയയാൽ അതു സ്വയം ജൈവവൃദ്ധി നടത്തുന്നു. ഇവിടെ കൃഷിക്കാരൻ തന്റെ തോട്ടത്തിൽ ഒരു കടുകുമണി ഇട്ടു. എന്തിനുവേണ്ടി? തന്റെ സസ്യത്തിൽ നിന്നുണ്ടാകുന്ന അനേകം കടുകു മണികൾ സ്വയമായി പ്രജനനം നടത്തി തോട്ടം മുഴുവൻ ജൈവസമൃദ്ധമാകണമെന്നു കൃഷിക്കാരൻ ആശിച്ചു. ജൈവവൃദ്ധിയുടെ പ്രജനനകേന്ദ്രമാണു ദൈവസഭ. ജീവന്റെ ഉറവിടം ക്രിസ്തുവാണു, ക്രിസ്തു ഇല്ലെങ്കിൽ എന്തു പ്രജനനം!! എന്നാൽ ഇവിടെ എന്താണു സംഭവിച്ചതു?

കൃഷിക്കാരൻ തന്റെ തോട്ടത്തിൽ ഇട്ട കടുകുമണി ഒരു സ്വാഭാവികസസ്യമായി വളരേണ്ടതിനു പകരം അസ്വാഭികമായി അതു വളർന്നു വലിയ ഒരു വൃക്ഷമായി. ആനുവാർഷിക-സസ്യത്തിൽ നിന്നു ബഹുവാർഷിക-വൃക്ഷത്തിലേക്കുള്ള വളർച്ചയിൽ അതിന്റെ പ്രജനനശേഷി നഷ്ടപ്പെട്ടു. ജീവന്റെ പ്രത്യക്ഷ പ്രകടനം ആണു പ്രജനനം എന്നതു. വൃക്ഷത്തിനു പ്രജനനവും ജൈവവൃദ്ധിയുമില്ല. ഇന്നു അതിന്റെ കൊമ്പുകളിൽ ആകാശത്തിലെ പറവകൾ കൂടുകെട്ടി പാർക്കുന്നു. ഒരു സസ്യം നട്ടാൽ അതു വളർന്നു വൃക്ഷമാകുന്നതു ദൈവീക പ്രമാണത്തിനു വിരുദ്ധമാകുന്നു. ദൈവം സൃഷ്ടിച്ചതെല്ലാം അതാതിന്റെ ജാതിയിൽ പെട്ടവയാകുന്നു.

സസ്യം നട്ടിട്ടു വൃക്ഷം വളർന്നാൽ അതു സ്വാഭാവികമല്ല. കടുകുമണിപോലെയുള്ള ചെറുസസ്യങ്ങൾ സ്വയം വംശവർദ്ധനവു നടത്തുമ്പോൾ വൃക്ഷങ്ങളുടെ കൊമ്പുകളിൽ ആകാശത്തിലെ പറവകൾ രാപാർക്കുന്നു. ആറാം ശതകത്തിൽ കാത്തോലിക്കാ സഭയുടെ ആവിർഭാവത്തോടുകൂടി സാക്ഷാൽ സത്യസഭയുടെ മൗലികസത്യങ്ങളും സൂക്തങ്ങളും തമസ്കരിക്കപ്പെടുവാൻ തുടങ്ങി. പതിനാലാം ശതകത്തോടുകൂടി സഭ പൂർണ്ണമായും അന്ധകാരയുഗത്തിന്റെ കരവലയത്തിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു.

അന്ധകാരയുഗത്തിന്റെ തുടക്കത്തിൽ തന്നെ കുസ്തന്തീനോസ്‌ ചക്രവർത്തി ദൈവസഭയെ ഒരു വടവൃക്ഷമാക്കി മാറ്റി. സഭയിൽ ആയിരക്കണക്കിനു വ്യാജവിശ്വാസികളെ കുത്തിനിറച്ചു സഭയുടെ കുലീനതയ്ക്കും സ്വാഭാവികതയ്ക്കും മാറ്റം വരുത്തി അതിന്റെ കൊമ്പുകളിൽ ആകാശത്തിലെ പറവകൾക്കു നിശാസദനങ്ങൾ ഒരുക്കിവെച്ചു. അതിന്റെ വേരുകൾ ലോകത്തിന്റെ ആഴങ്ങളിലേക്കു ഇറങ്ങിപ്പോയി. അതിന്റെ കൊമ്പുകളിൽ ആകാശത്തിലെ ദുഷ്ടാത്മസേനകൾ വിഹരിക്കുന്നു. ജീവനില്ല, പ്രജനനവും ഇല്ല. ലക്ഷ്യം തെറ്റിപ്പോയിരിക്കുന്നു!

സഭയെന്ന സംജ്ഞയിൽ നിന്നു സംഘടനയെന്ന മഹാവിപത്തിലേക്കു വീണുപോയിരിക്കുന്നു!! എങ്കിലും, “ഞാൻ എന്റെ സഭയെ പണിയുമെന്നും പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ലെന്നും” അരുളിച്ചയ്തവൻ നൂറ്റാണ്ടുകളിലൂടെ നഷ്ടപ്പെട്ടുപോയ സഭയുടെ മൂല്യങ്ങളെ വീണ്ടെടുക്കവാനും സഭയെ ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിലേക്കു മടക്കി കൊണ്ടുവരുവാനുമായി അതാതു കാലങ്ങളിൽ ദൈവം ചില ഭക്തന്മാരെ എഴിന്നേൽപിച്ചുകൊണ്ടിരുന്നു.

അങ്ങനെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിൽ പ്രജനന ശേഷിയുള്ള വിത്തുകളുമായി ചില യൂറോപ്യൻ മിഷണറിമാരെ നമ്മുടെ ഭാരതത്തിലേക്കു അയച്ചു. അവർ നമ്മുടെ കൊച്ചു കേരളത്തിലും വന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം അവർ സത്യസുവിശേഷത്തിന്റെ വിത്തുകൾ വിതറി, ദൈവരാജ്യം പ്രസംഗിച്ചു, അതാതു സ്ഥലങ്ങളിൽ പ്രാദേശിക സഭകൾ സ്ഥാപിച്ചു.

ഒരു നൂറ്റാണ്ടു കഴിഞ്ഞില്ല, അതിനുമുമ്പുതന്നെ സാത്താൻ അതിനുള്ളിൽ വർണ്ണവും വർഗ്ഗീയതയും വിതെച്ചു, നാടനും മറുനാടനും തമ്മിൽ വേർതിരിവുണ്ടായി, ഉച്ചനീചത്വങ്ങൾ ഉത്ഭവിച്ചു, മേലാളനും കീഴാളനും ഉണ്ടായി, സഭയിൽ ധനവാന്മാരും ലാസറന്മാരും ജനിക്കുവാൻ തുടങ്ങി, പാതാള ഗോപുരങ്ങൾപോലെ വേർപാടിന്റെ മതിലുകൾ ആകാശം മുട്ടെ ഉയർന്നു പൊങ്ങി, ഇപ്പോൾ വീണ്ടുമൊരു വടവൃക്ഷമായി വളർന്നു പന്തലിച്ചു, ആകാശത്തിലെ ദുഷ്ടാത്മ സേനകൾക്കു നിശാസദനങ്ങളായി മാറിയിരിക്കുന്നു.

ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ നാം ശബ്ദിച്ചേ മതിയാകൂ! സത്യങ്ങള് തുറന്നു എഴുതുന്നവര്ക്കു ജീവന് പോലും നഷ്ടപ്പെടുന്ന സാഹചര്യമാണിന്നുള്ളതു. ചോദ്യം ചെയ്യുന്നവരെ ഭേദ്യം ചെയ്യുവാൻ ഗുണ്ടകളെ വരെ ഊട്ടി വളർത്തുന്നു. ഐപിസി എന്ന മഹാപ്രസ്ഥാനത്തിലെ ഗുണ്ടാ വിളയാട്ടം ഈ അടുത്ത സമയത്തു നാം കണ്ടതാണു. സമൂഹത്തിലെ പുഴുക്കുത്തുകള്ക്കെതിരെ പ്രതികരിച്ചാല് ഇവിടെ കുടില ശക്തികളുടെ അടിത്തറ ഇളകും. മാഫിയകളുടേയും വന്കിട ലോബികളുടേയും എച്ചില് പെറുക്കുന്നവര് എന്നും അടിമകൾ തന്നെയാണു.

എന്നാല് ഒരു യഥാര്ത്ഥ എഴുത്തുകാരനു പഞ്ചപുച്ഛമടക്കി മിണ്ടാതിരിക്കുവാൻ കഴികയില്ല. സമൂഹത്തില് നടമാടുന്ന അനീതി കാണുമ്പോള് അവർ പ്രതികരിക്കും. ആദർശങ്ങൾക്കു ചൂടു പിടിച്ചാല് ആശയങ്ങള് തൂലികയില് നിരന്നു നില്ക്കും. സാധുക്കളായ വിശ്വാസികൾ ഇനിയും കഴുതകളാകരുതു. അവർ വഞ്ചിക്കപ്പെടരുതു!! മൊർദ്ദെഖായി എസ്ഥേരിനോടു പറഞ്ഞ വാക്കുകളാണു ഇത്തരുണത്തിൽ ഓർമ്മ വരുന്നതു.

“നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?”

-മാത്യു തോമസ്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.