ഇസ്രായേല്‍ പ്രധാനമന്ത്രിപദത്തില്‍ നിന്ന് നെതന്യാഹു പടിയിറങ്ങുന്നു

by Vadakkan | 13 June 2021 10:29 PM

ജറുസലേം: ഒരു വ്യാഴവട്ടക്കാലത്തെ ഭരണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടിയിറങ്ങി. ഇതോടെ ഇസ്രായേലില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രായേലില്‍ നടന്നത്.

നെതന്യാഹുവിന്റെ പടിയറക്കത്തോടെ വലതുപക്ഷ നേതാവും യാമിന പാര്‍ട്ടി അധ്യക്ഷനുമായ നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ട് വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടും. നഫ്താലി ബെന്നറ്റാകും ആദ്യം പ്രധാനമന്ത്രിയാകുക. 2023 സെപ്റ്റംബര്‍ വരെ അദ്ദേഹം ഇസ്രായേല്‍ ഭരിക്കും. തുടര്‍ന്ന് യെയിര്‍ ലാപിഡ് ഭരണമേല്‍ക്കും. എട്ട് വനിതകള്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകുന്നുണ്ട്. ഏറ്റവും കൂടുതല്‍ കാലം ഇസ്രായേല്‍ ഭരിച്ച നെതന്യാഹു പ്രതിപക്ഷ നേതാവാകും.

പുതിയ സഖ്യത്തില്‍ യെയിര്‍ ലാപിഡ്, നഫ്താലി ബെന്നറ്റ് എന്നിവരെ കൂടാതെ ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി ഭരണത്തിന്റെ ഭാഗമാകുകയാണ് എന്ന പ്രത്യേകതയുമുണ്ട്. മന്‍സൂര്‍ അബ്ബാസ് നേതൃത്വം നല്‍കുന്ന അറബ് ഇസ്ലാമിക് റാം പാര്‍ട്ടിയാണ് ചരിത്രം കുറിക്കുന്നത്. എന്നാല്‍, ഭരണ മുന്നണിയെ പിന്തുണയ്ക്കുകയെന്ന അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജരും ഗാസയിലെ പലസ്തീന്‍ പൗരന്‍മാരും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നെതന്യാഹുവിനെ പുറത്താക്കാനാണ് ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നാണ് അബ്ബാസിന്റെ വാദം.

‘വഞ്ചനയുടെയും കീഴടങ്ങലിന്റെയും അപകടകരമായ കൂട്ടുകെട്ട്’ എന്നാണ് നെതന്യാഹു പുതിയ സര്‍ക്കാരിനെ വിശേഷിപ്പിച്ചിരുന്നത്. അധികം വൈകാതെ തന്നെ സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. നെതന്യാഹുവിന്റെ കടന്നാക്രമണങ്ങള്‍ക്കിടയിലും ശാന്തമായി സഖ്യം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബെന്നറ്റും യെയിര്‍ ലാപിഡും.

അഞ്ച് തവണയാണ് നെതന്യാഹു ഇസ്രായേലിന്റെ അധികാരം പിടിച്ചത്. 1996 മുതല്‍ 1999 വരെയും പിന്നീട് 2009 മുതല്‍ 2021 വരെ തുടര്‍ച്ചയായും അദ്ദേഹം പ്രധാനമന്ത്രിയായി. 2019 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. ഇതിന് ശേഷം രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സുമായി അധികാരം പങ്കിടാമെന്ന് സമ്മതിച്ചെങ്കിലും ഡിസംബറില്‍ ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയത്.

Source URL: https://padayali.com/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0/