ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ പ്രതീകമായ ‘സല്‍മ അണക്കെട്ട്’ തകര്‍ക്കാന്‍ താലിബാന്‍ ശ്രമം

by Vadakkan | 17 July 2021 6:27 PM

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയില്‍ ഇന്ത്യ -അഫ്ഗാന്‍ സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സല്‍മ അണക്കെട്ട്. 2016 ജൂണിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.

ആക്രമണത്തില്‍ ഡാം തകര്‍ന്നാല്‍ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാന്‍ നാഷനല്‍ വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. താലിബാന്‍ തുടരെത്തുടരെ റോക്കറ്റുകള്‍ വിക്ഷേപിച്ചാല്‍ സല്‍മ അണക്കെട്ട് തകരുമെന്നും ചില റോക്കറ്റുകള്‍ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ പടിഞ്ഞാറന്‍ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തില്‍ തകര്‍ക്കപ്പെടേണ്ടതല്ലെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. അണക്കെട്ടിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%aa%e0%b5%8d/