ഇന്ത്യയ്ക്ക് 100 മില്യന്‍ ഡോളര്‍ സഹായം നല്‍കണമെന്ന ആവശ്യവുമായി ജോ ബൈഡന് കത്ത്

by Vadakkan | 16 May 2021 7:34 AM

വാഷിങ്ടൺ: കോവിഡ് വ്യാപനത്തിൽനിന്നും രക്ഷപ്പെടാൻ ഇന്ത്യയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് 50 സാമാജികർ ചേർന്ന് കത്തെഴുതി. 100 മില്യൻ ഡോളർ സഹായം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രാഡ് ഷെർമാന്റെ നേതൃത്വത്തിലാണ് കത്തെഴുതിയത്. ഇന്ത്യയിലുണ്ടായിരിക്കുന്ന വകഭേദം വാക്സിനേഷൻ നടത്തിയ അമേരിക്കക്കാർക്കുപോലും ഭീഷണിയാകുന്ന സാഹചര്യമാണ്.

വൈറസ് എവിടെയായാലും ഇല്ലാതാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഓക്സിജൻ, ഓക്സിജൻ ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങൾ, വെന്റിലേറ്റർ, മരുന്ന് എന്നിവയെല്ലാം ഇന്ത്യയ്ക്ക് ആവശ്യമാണ്. അമേരിക്കയിൽ ഉപയോഗിക്കാതെ ഇരിക്കുന്ന അസ്ട്രാസെനക വാക്സീൻ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കണം. വാക്സീൻ നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും നൽകണം.

70 വർഷമായി ഇന്ത്യയും യുഎസും തുടരുന്ന ബന്ധം കണക്കിലെടുത്ത് 100 മില്യൺ ഡോളർ സഹായം നൽകണം. പ്രതിസന്ധി തരണം ചെയ്യാൻ ഈ തുക മതിയാകില്ലെന്നും കത്തിൽ പറയുന്നു. ഇന്ത്യയിലെ വകഭേദം വളരെ പെട്ടന്ന് വ്യാപിക്കുന്നതും മാരകമാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇവർ ജോ ബൈഡന് കത്തെഴുതിയത്.

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-100-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1/