ഇന്ത്യയിലെ പ്രബലരായ പല ആളുകളും നിരന്തരം തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് സിറം ഇൻസ്റ്റിറ്റ്യുട്ട് സി ഇ ഒ അദാർ പൂനവാല

by Vadakkan | 3 May 2021 6:29 AM

ലണ്ടൻ• വാക്സീൻ ക്ഷാമം രൂക്ഷമായിരിക്കെ കോവിഷീൽഡിന്റെ ഉൽപാദനം വിദേശരാജ്യങ്ങളിൽ കൂടി തുടങ്ങുന്നതു പരിഗണിച്ചു വരികയാണെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല. ഓര്ഡര് ലഭിച്ച ഡോസുകള് വിതരണം ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

വാക്സീൻ ആവശ്യം ഇന്ത്യയിൽ പല മടങ്ങായി വർധിച്ചതോടെ വൻ സമ്മർദം അനുഭവിക്കുന്നതായും ബ്രിട്ടിഷ് മാധ്യമത്തിന് അനുഭവിച്ച അഭിമുഖത്തിൽ അദാർ പൂനവാല വെളിപ്പെടുത്തി. ഇന്ത്യയിലെ പ്രബലരായ പല ആളുകളിൽ നിന്നും ഭീഷണി ഫോൺകോളുകൾ നിരന്തരം ലഭിക്കുന്നു. മുഖ്യമന്ത്രിമാരും പ്രമുഖ ബിസിനസുകാരുമെല്ലാം അതിൽ ഉൾപ്പെടുന്നു. വാക്സീൻ ഉൽപാദനവുമായി ബന്ധപ്പെട്ട എല്ലാ സമ്മർദവും എന്റെ ചുമലിലാണ്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ലണ്ടനിലെത്തിയത്. കുറച്ചു നാളുകള്‍ കൂടി ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം ലണ്ടനില്‍ തന്നെ തുടരാനാണ് തീരുമാനം. ഈ തീരുമാനവും ഭീഷണിക്കു കാരണമായിട്ടുണ്ടാകുമെന്നും പൂനവാല പറഞ്ഞു. ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്‌സീന്‍ കുത്തിവയ്പില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വാക്‌സീന്‍ നേരിട്ടു വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ ആവശ്യം പല മടങ്ങായി.

ലോകാരോഗ്യ സംഘടന പിന്നാക്ക രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാന്‍ തുടക്കമിട്ട കോവാക്‌സ് പദ്ധതിയിലേക്കുള്ള ഓര്‍ഡറുകളും മുടങ്ങിയിരിക്കുകയാണ്. പ്രതിമാസ ശേഷി ജൂലൈയോടെ 10 കോടി ഡോസ് ആക്കുമെന്നാണു സീറം അറിയിച്ചിരിക്കുന്നത്. അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. സുരക്ഷാഭീഷണി പരിഗണിച്ചാണ് തീരുമാനം. അദാറിന് ഇന്ത്യയിലെവിടെയും 11 സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയുണ്ടാകും. ഇതില്‍ ഒന്നോ രണ്ടോ പേര്‍ കമാന്‍ഡോകളും ശേഷിക്കുന്നവര്‍ പൊലീസുകാരുമായിരിക്കും. വാക്‌സീന്റെ വില പ്രഖ്യാപനം ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്കു പിന്നാലെ അദാറിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ട്.

വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ, ഇന്ത്യ ഉപയോഗിക്കുന്ന 2 വാക്‌സീനുകളുടെയും ഉല്‍പാദനം വിദേശത്തേക്കു കൂടി വ്യാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കോവിഷീല്‍ഡിന്റെ ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തം നിലയിലാണ് ആലോചിക്കുന്നതെങ്കില്‍, കോവാക്‌സീന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണു മുന്‍കയ്യെടുക്കുന്നത്. കോവാക്‌സീന്റെ സാങ്കേതിക വിദ്യ വിദേശ കമ്പനികള്‍ക്കു കൈമാറി, ഉല്‍പാദനവും വിതരണവും സാധ്യമാകുമോയെന്നാണു പരിശോധിക്കുന്നത്. ഈ ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നെങ്കിലും ‘ആത്മനിര്‍ഭര്‍ ഭാരത്’ തദ്ദേശീയ ഉല്‍പാദനത്തിനായിരുന്നു സര്‍ക്കാര്‍ പരിഗണന.

കേന്ദ്ര സര്‍ക്കാരിനു കീഴിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണു ഭാരത് ബയോടെക് കോവാക്‌സീന്‍ വികസിപ്പിച്ചത്. രാജ്യത്ത് വെള്ളിയാഴ്ച 4.01 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; മരണം 3523. ഏതെങ്കിലും രാജ്യത്ത് ഒറ്റ ദിവസം 4 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 33 ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 1.95 കോടി; ആകെ മരണം 2.14 ലക്ഷം.

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ac%e0%b4%b2%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b2-%e0%b4%86/