വാക്സിനുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ആപത്ത്; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശകന്‍

by Vadakkan | 12 June 2021 11:09 AM

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകള്‍ തമ്മിലുള്ള ഇടവേളകള്‍ വര്‍ദ്ധിപ്പിക്കുന്നത് രൂപമാറ്റം സംഭവിച്ച ഡെല്‍റ്റ വേരിയന്‍്റ് പോലുള്ള കൊവിഡ് വൈറസുകളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകന്‍ ആന്തണി ഫൗച്ചി. കേരളത്തില്‍ കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വേരിയന്റ്‌ വ്യാപകമാണ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ചയില്‍ നിന്ന് 12 മുതല്‍ 16 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു.

“രണ്ട് ഡോസുകള്‍ തമ്മിലുള്ള ഏകദേശ ഇടവേള മൂന്ന് മുതല്‍ നാല് ആഴ്ച വരെയാണ്. അതില്‍ കൂടുതല്‍ കാലം ഇടവേള വന്നാല്‍ കൊവിഡ് വൈറസിന്റെ വിവിധതരം വേരിയന്‍്റുകളെ പ്രതിരോധിക്കുവാനുള്ള ശേഷി നേടുവാന്‍ ശരീരത്തിനു സാധിക്കില്ല,” ഡോ ആന്തണി ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ബ്രിട്ടനിലെ ഉദാഹരണം ഇന്ത്യക്കു പാഠമാക്കാവുന്നതാണെന്നും, അവിടെ വാക്സിനുകള്‍ തമ്മിലുള്ള ഇടവേള കൂട്ടിയതിനാലാണ് വൈറസിന്റെ പുതിയ വകഭേദം പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്നും ഫൗച്ചി വിശദീകരിച്ചു. എന്നാല്‍ വാക്സിന്‍ ദൗ‌ര്‍ലഭ്യം ഉണ്ടായാല്‍ ഇടവേള കൂട്ടുകയല്ലാതെ മറ്റു മാ‌ര്‍ഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആസ്ട്രാസെനെക്കാ വാക്സിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യ രണ്ടു തവണയാണ് വര്‍ദ്ധിപ്പിച്ചത്. ഇടവേള കൂട്ടുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതിനു മുതിര്‍ന്നതെങ്കിലും ആ അവസരത്തില്‍ ഇന്ത്യയില്‍ കനത്ത വാക്സിന്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു.

Source URL: https://padayali.com/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa/